
സിഡ്‌നി: ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12ല്‍ ഗ്ലെന്‍ ഫിലിപ്‌സിന്‍റെ സെഞ്ചുറിക്കരുത്തില്‍ ലങ്കയ്‌ക്കെതിരെ മികച്ച സ്കോറിലെത്തി ന്യൂസിലന്‍ഡ്. ന്യൂസിലന്‍ഡ് 20 ഓവറില്‍ 7 വിക്കറ്റിന് 167 റണ്‍സ് നേടി. തുടക്കത്തില്‍ 15 റണ്ണിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ശേഷമാണ് കിവികളുടെ തിരിച്ചുവരവ്. ഫിലിപ്‌സ് 64 പന്തില്‍ 104 റണ്‍സ് നേടി. 22 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് രണ്ടാമത്തെ ഉയര്‍ന്ന സ്കോറുകാരന്‍. ലങ്കയ്‌ക്കായി രജിത രണ്ടും തീഷ്‌ണയും ഡിസില്‍വയും ഹസരങ്കയും കുമാരയും ഓരോ വിക്കറ്റും നേടി.
നിര്‍ണായക ജയം വേണ്ട മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ ന്യൂസിലന്‍ഡിന് പ്രഹരം നല്‍കിയാണ് ലങ്ക തുടങ്ങിയത്. ഇന്നിംഗ്‌സിലെ നാലാം പന്തില്‍ മഹീഷ് തീഷ്‌ണ, ഫിന്‍ അലനെ(3 പന്തില്‍ 1) ബൗള്‍ഡാക്കി. ഒരോവറിന്‍റെ ഇടവേളയില്‍ സഹഓപ്പണര്‍ ദേവോണ്‍ കോണ്‍വേയെയും(4 പന്തില്‍ 1) ലങ്ക വീഴ്‌ത്തി. ധനഞ്ജയ ഡിസില്‍വയ്ക്കായിരുന്നു വിക്കറ്റ്. അടുത്ത ഓവറില്‍ നായകന്‍ കെയ്‌ന്‍ വില്യംസണും(13 പന്തില്‍ 8) വീണു. കാസുന്‍ രജിതയാണ് ക്യാപ്റ്റനെ മടക്കിയത്. ഇതോടെ 3.6 ഓവറില്‍ മൂന്ന് വിക്കറ്റിന് 15 റണ്‍സ് എന്ന നിലയില്‍ കിവികള്‍ പരുങ്ങി.
പിന്നീടങ്ങോട്ട് ഗ്ലെന്‍ ഫിലിപ്‌സും ഡാരില്‍ മിച്ചലുമാണ് ന്യൂസിലന്‍ഡിനെ കരകയറ്റാന്‍ ശ്രമിച്ചത്. 10 ഓവറില്‍ ന്യൂസിലന്‍ഡ് സ്കോര്‍-54/3. വനിന്ദു ഹസരങ്ക, മിച്ചലിനെ(24 പന്തില്‍ 22) പുറത്താക്കുമ്പോള്‍ കിവീസ് 99ലെത്തി. ഫിലിപ്‌സ് 61 സെഞ്ചുറി തികച്ചതോടെ ന്യൂസിലന്‍ഡ് സ്കോര്‍ 150 കടന്നു. ഇതിനിടെ ജയിംസ് നീഷാം 8 പന്തില്‍ 8 റണ്‍സെടുത്ത് പുറത്തായതൊന്നും ടീമിനെ ബാധിച്ചില്ല. ഫിലിപ്‌സ് 64 പന്തില്‍ 104 റണ്‍സുമായി 20-ാം ഓവറിലെ നാലാം പന്തില്‍ പുറത്തായി. അടുത്ത പന്തില്‍ ഇഷ് സോഥി(1 പന്തില്‍ 1) റണ്ണൗട്ടായി. ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ ടിം സൗത്തിയും(1 പന്തില്‍ 4*), മിച്ചല്‍ സാന്‍റ്‌നറും(5 പന്തില്‍ 11*) പുറത്താകാതെനിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!