ഇഫ്തിഖറും ഷദാബും രക്ഷകരായി; ദക്ഷിണാഫ്രിക്കക്കെതിരെ പാക്കിസ്ഥാന് മികച്ച സ്കോര്‍

Published : Nov 03, 2022, 03:26 PM IST
ഇഫ്തിഖറും ഷദാബും രക്ഷകരായി; ദക്ഷിണാഫ്രിക്കക്കെതിരെ പാക്കിസ്ഥാന് മികച്ച സ്കോര്‍

Synopsis

ടോസിലെ ഭാഗ്യം ബാറ്റിംഗില്‍ പാക്കിസ്ഥാനെ തുണച്ചില്ല. ആദ്യ ഓവറില്‍ തന്നെ ഫോമിലുള്ള മുഹമ്മദ് റിസ്‌വാനെ(4) വെയ്ന്‍ പാര്‍ണല്‍ ബൗള്‍ഡാക്കി. വണ്‍ ഡൗണായെത്തിയ മുഹമ്മദ് ഹാരിസ് കാഗിസോ റബാഡക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്സും ഫോറും നേടി പാക്കിസ്ഥാന് പ്രതീക്ഷ നല്‍കി.

സിഡ്നി: ടി20 ലോകകപ്പിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാക്കിസ്ഥാന് മികച്ച സ്കോര്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ മുന്‍നിര തകര്‍ന്നടിഞ്ഞിട്ടും ഇഫ്തിഖര്‍ അഹമ്മദിന്‍റെയും ഷദാബ് ഖാന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. 22 പന്തില്‍ 52 റണ്‍സെടുത്ത ഷദാബ് ഖാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കക്കായി ആന്‍റിച്ച് നോര്‍ക്യ 41 റണ്‍സിന് നാലു വിക്കറ്റെടുത്തു.

തകര്‍ന്ന് തുടങ്ങി പിന്നെ തകര്‍ത്തടിച്ചു

ടോസിലെ ഭാഗ്യം ബാറ്റിംഗില്‍ പാക്കിസ്ഥാനെ തുണച്ചില്ല. ആദ്യ ഓവറില്‍ തന്നെ ഫോമിലുള്ള മുഹമ്മദ് റിസ്‌വാനെ(4) വെയ്ന്‍ പാര്‍ണല്‍ ബൗള്‍ഡാക്കി. വണ്‍ ഡൗണായെത്തിയ മുഹമ്മദ് ഹാരിസ് കാഗിസോ റബാഡക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്സും ഫോറും നേടി പാക്കിസ്ഥാന് പ്രതീക്ഷ നല്‍കി. പാര്‍ണല്‍ എറിഞ്ഞ മൂന്നാം ഓവറിലും ഹാരിസ് ബൗണ്ടറി നേടി. എന്നാല്‍ താളം കണ്ടെത്താന്‍ പാടുപെട്ട ക്യാപ്റ്റന്‍ ബാബര്‍ അസം റണ്ണടിക്കാന്‍ പാടുപെട്ടത് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി. തകര്‍ത്തടിച്ച ഹാരിസിനെ(11 പന്തില്‍ 27) അഞ്ചാം ഓവറില്‍ ആന്‍റിച്ച് നോര്‍ക്യ മടക്കിയതോടെ പാക്കിസ്ഥാന്‍റെ തകര്‍ച്ച തുടങ്ങി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ(15 പന്തില്‍ 6) ലുങ്കി എങ്കിഡിയുടെ പന്തില്‍ റബാഡ ഓടി പിടിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ ഷാന്‍ മസൂദിനെ(2) നോര്‍ക്യ ക്യാപ്റ്റന്‍ ടെംബാ ബാവുമയുടെ കൈകകളില്‍ എത്തിച്ചതോടെ പാക്കിസ്ഥാന്‍ 43-4ലേക്ക് കൂപ്പുകുത്തി.

കരകയറ്റി ഇഫ്തീഖര്‍, തകര്‍ത്തടിത്ത് ഷദാബ്
 
41-4 എന്ന സ്കോറില്‍ ഒത്തു ചേര്‍ന്ന ഇഫ്തീഖറും മുഹമ്മദ് നവാസും(28) ചേര്‍ന്ന് പാക്കിസ്ഥാനെ ആദ്യം തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.  നവാസിനെ ഷംസി മടക്കിയശേഷം ക്രീസിലെത്തിയ ഷദാബ് ഖാന്‍ തകര്‍ത്തടിച്ചതോടെ പാക്കിസ്ഥാന്‍ മികച്ച സ്കോറിലേക്ക് നീങ്ങി. ഷദാബിനൊപ്പം ഇഫ്തീഖറും(35 പന്തില്‍ 51) മോശമാക്കിയില്ല. ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകകള്‍ കൂടി ചേര്‍ന്നതോടെ പാക്കിസ്ഥാന്‍ മികച്ച സ്കോറിലെത്തി. നാലാം വിക്കറ്റ് വീണശേഷം 142 റണ്‍സാണ് പാക്കിസ്ഥാന്‍ കൂട്ടിച്ചേര്‍ത്തത്. ആറാം വിക്കറ്റില്‍ ഷദാബും ഇഫ്തിഖറും ചേര്‍ന്ന് 35 പന്തില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് പാക് ഇന്നിംഗ്സിന്‍ൻെ നട്ടെല്ല്. അവസാന നാലോവറില്‍ 50 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചു കൂട്ടിയത്.

ദക്ഷിണാഫ്രിക്കക്കായി ആന്‍റിച്ച് നോര്‍ക്യ നാലോവറില്‍ 41 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ വെയ്ന്‍ പാര്‍ണല്‍, കാഗിസോ റബാഡ, ലുങ്കി എങ്കിഡി, ടബ്രൈസ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സീചെം ട്രോഫി: ചണ്ഡീഗഢിനെ തകർത്തു; തുടർച്ചയായ അഞ്ചാം വിജയത്തോടെ കേരളം ഫൈനലിൽ
'കോലിയുടെ ഉപദേശം കേട്ട്, ഒന്നര വർഷം ആ ശൈലി പിന്തുടര്‍ന്നു, പിന്നെ പറ്റിയില്ല'; തുറന്നു പറഞ്ഞ് സഞ്ജു സാംസൺ