ടി20 ലോകകപ്പ് ഫൈനല്‍: തകര്‍ത്തടിക്കാനാവാതെ പാക്കിസ്ഥാന്‍; ഇംഗ്ലണ്ടിന് 138 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Nov 13, 2022, 3:19 PM IST
Highlights

പവര്‍ പ്ലേക്ക് പിന്നാലെ ബിഗ് ഹിറ്ററായ മുഹമ്മദ് ഹാരിസിനെ(12 പന്തില്‍ 8) മടക്കി റഷീദ് പാക് കുതിപ്പിന് കടിഞ്ഞാണിട്ടു. ബാബറിനൊപ്പം ചേര്‍ന്ന ഷാന്‍ മസൂദ് പാക്കിസ്ഥാനെ എട്ടാം ഓവറില്‍ 50 കടത്തി. പത്തോവര്‍ പിന്നിടുമ്പോള്‍ 68 റണ്‍സ് മാത്രമായിരുന്നു പാക് സ്കോര്‍ ബോര്‍ഡില്‍.

മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 138 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. 38 റണ്‍സെടുത്ത ഷാന്‍ മസൂദ് ആണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 28ഉം മുഹമ്മദ് റിസ്‌വാന്‍ 15ഉം റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിനായി സാം കറന്‍ നാലോവറില്‍ 12 റണ്‍സിന് മൂന്നും ആദില്‍ റഷീദ് നാലോവറില്‍ 22 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു.

കരുതലോടെ തുടങ്ങി, പിന്നെല കലമുടച്ചു

ഇംഗ്ലണ്ടിനായി പവര്‍ പ്ലേയിലെ ആദ്യ ഓവര്‍ എറിയാനെത്തിയത് ബെന്‍ സ്റ്റോക്സായിരുന്നു. സ്റ്റോക്സിന്‍റെ ആദ്യ പന്ത് തന്നെ ഫ്രണ്ട് ഫൂട്ട് നോ ബോളായി. ഫ്രീ ഹിറ്റ് ലഭിച്ചെങ്കിലും പാക്കിസ്ഥാന് മുതലാക്കാനായില്ല. ഫ്രീ ഹിറ്റ് കിടിയിട്ടും ആദ്യ ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് പാക്കിസ്ഥാന് നേടാനായത്. കരുതലോടെ തുടങ്ങിയ റിസ്‌വാനും ബാബറും വോക്സിന്‍റെ നാലാം ഓവറിലാണ് കെട്ടുപൊട്ടിച്ചത്. വോക്സ് എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്ത് തന്നെ സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ സിക്സ് പറത്തി റിസ്‌വാന്‍ ആ ഓവറില്‍ 12 റണ്‍സടിച്ച് പാക്കിസ്ഥാന്‍ ഇന്നിംഗ്സിന് ഗതിവേഗം നല്‍കി. എന്നാല്‍ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ മുഹമ്മദ് റിസ്‌വാനെ(14 പന്തില്‍ 15) ബൗള്‍ഡാക്കി സാം കറന്‍ ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി.

വണ്‍ഡൗണായി എത്തിയ മുഹമ്മദ് ഹാരിസ് ആദ്യ പന്ത് മുതല്‍ അടിച്ചു കളിക്കാന്‍ ശ്രമിച്ചെങ്കിലും ഏഴാം പന്തിലാണ് ആദ്യ റണ്ണെടുത്തത്. പവര്‍ പ്ലേയിലെ അവസാന പന്ത് ബൗണ്ടറി കടത്തി ഹാരിസ് അക്കൗണ്ട് തുറന്നു. പവര്‍ പ്ലേയില്‍ പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെടുത്തു.

നടുവൊടിച്ച് കറനും റഷീദും

പവര്‍ പ്ലേക്ക് പിന്നാലെ ബിഗ് ഹിറ്ററായ മുഹമ്മദ് ഹാരിസിനെ(12 പന്തില്‍ 8) മടക്കി റഷീദ് പാക് കുതിപ്പിന് കടിഞ്ഞാണിട്ടു. ബാബറിനൊപ്പം ചേര്‍ന്ന ഷാന്‍ മസൂദ് പാക്കിസ്ഥാനെ എട്ടാം ഓവറില്‍ 50 കടത്തി. പത്തോവര്‍ പിന്നിടുമ്പോള്‍ 68 റണ്‍സ് മാത്രമുണ്ടായിരുന്ന പാക്കിസ്ഥാന്‍ ലിയാം ലിവിംഗ്‌സ്റ്റണ്‍ എറിഞ്ഞ പതിനൊന്നാം ഓവറില്‍ 16 റണ്‍സടിച്ച് ഗിയര്‍ മാറ്റിയെങ്കിലും പന്ത്രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ആദില്‍ റഷീദ് ബാബറിനെ(28 പന്തില്‍ 32)ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താക്കിയതോടെ പാക് കുതിപ്പിന് കടിഞ്ഞാണ്‍ വീണു. പിന്നാലെ ബെന്‍ സ്റ്റോക്സ് ഇഫ്തീഖര്‍ അഹമ്മദിനെ(0) ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ചതോടെ പാക്കിസ്ഥാന്‍ 84-4ലേക്ക് വീണു.

സുഹൃത്തിന്‍റെ പിറന്നാളാഘോഷത്തിനിടെ വീണ് ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ കാലൊടിഞ്ഞു, മൂന്ന് മാസം വിശ്രമം

എന്നാല്‍ അ‍ഞ്ചാം വിക്കറ്റില്‍ ഷാന്‍ മസൂദും ഷദാബ് ഖാനും ചേര്‍ന്ന് അടി തുടങ്ങിയതോടെ പാക്കിസ്ഥാന്‍ 15-ാം ഓവറില്‍ 100 കടന്നു. 15 ഓവര്‍ പിന്നിടുമ്പോള്‍ 106-4 ആയിരുന്നു പാക് സ്കോര്‍. നിലയുറപ്പിച്ച ഷാന്‍ മസൂദിനെ(28 പന്തില്‍ 38) പതിനേഴാം ഓവറില്‍  സാം കറനും ഷദാബ് ഖാനെ(14 പന്തില്‍ 20) പതിനെട്ടാം ഓവറില്‍ ക്രിസ് ജോര്‍ദാനും വീഴ്ത്തിയതോടെ 150 കടക്കാമെന്ന പാക് പ്രതീക്ഷ തകര്‍ന്നു. അവസാന പ്രതീക്ഷയായ മുഹമ്മദ് നവാസിനെ(5) പത്തൊമ്പതാം ഓവറില്‍ സാം കറന്‍ മടക്കിയതോടെ പാക് പോരാട്ടം അവസാനിച്ചു. അവസാന അഞ്ചോവറില്‍ ഒരേയൊരു ബൗണ്ടറി മാത്രം നേടിയ പാക്കിസ്ഥാന് ആകെ നേടാനായത് 31 റണ്‍സ് മാത്രം. ഇംഗ്ലണ്ടിനായി സാം കറന്‍ നാലോവറിര്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആദില്‍ റഷീദ് നാലോവറിര്‍ 22 റണ്‍സിനും ക്രിസ് ജോര്‍ദ്ദാന്‍ നാലോവറില്‍ 27 റണ്‍സിനും രണ്ട് വിക്കറ്റ് വീതമെടുത്തു.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കെതിരെ സെമിയില്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. പരിക്കേറ്റ പേസര്‍ മാര്‍ക്ക് വുഡ് ഇംഗ്ലണ്ട് നിരയിലില്ല. ന്യൂസിലന്‍ഡിനെതിരായ സെമി പോരാട്ടം ജയിച്ച ടീമില്‍ പാക്കിസ്ഥാനും മാറ്റമൊന്നും വരുത്തിയിട്ടില്ല.

click me!