
മുംബൈ: ടി20 ലോകകപ്പിൽ കളിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് വിസ അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയതായി ബിസിസിഐ. ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കളിക്കാൻ പാക് കളിക്കാർക്ക് യാതൊരു തടസ്സങ്ങളുമുണ്ടാകില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ബിസിസിഐ അപെക്സ് കൗൺസിലിനെ അറിയിച്ചു.
അതേസമയം, പാക് ആരാധകർക്ക് മത്സരങ്ങൾ കാണാനായി ഇന്ത്യയിലെത്താൻ വിസ അനുവദിക്കുമോ എന്നകാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും ജയ് ഷാ യോഗത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ വൈകാതെ ഉചിതമായ തീരുമാനമുണ്ടാകുമെന്നും ജയ് ഷാ വ്യക്തമാക്കി.
ടി 20 ലോകകപ്പിൽ കളിക്കാൻ പ്രോട്ടോക്കോൾ പ്രകാരം മാത്രമെ പാക് കളിക്കാർ ഇന്ത്യയിലെത്തൂവെന്നും ഇതിന് കഴിയില്ലെങ്കിൽ ടൂർണമെന്റ് മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റണമെന്നും പാക് ക്രിക്കറ്റ് ബോർഡ് മേധാവി എഹ്സാൻ മാനി ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. പാക് കളിക്കാർക്ക് കൃത്യസമയത്ത് വിസ അനുവദിക്കുമെന്ന് ഐസിസി രേഖാമൂലം ഉറപ്പു നൽകണമെന്നും എഹ്സാൻ മാനി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഡിസംബർ 31നകം വിസ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ ഇത് നീണ്ടുപോവുകയായിരുന്നുവെന്നും എഹ്സാൻ മാനി മാധ്യമങ്ങളോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!