
ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup 2021) ന്യൂസിലന്‍ഡിന് (IND vs NZ) എതിരായ തോല്‍വിക്ക് ശേഷമുള്ള ഇന്ത്യന്‍ (Team India) നായകന്‍ വിരാട് കോലിയുടെ (Virat Kohli) പ്രതികരണത്തിനെതിരെ ഇതിഹാസ താരം കപില്‍ ദേവ് (Kapil Dev). വളരെ ദുര്‍ബലമായ പ്രതികരണമാണ് കോലി നടത്തിയത് എന്നാണ് കപിലിന്റെ നിരീക്ഷണം.
കോലിയുടെ വാക്കുകള്‍
'ടീം ഇന്ത്യക്കായി കളിക്കുമ്പോള്‍ ഏറെ പ്രതീക്ഷകളുണ്ടാകും. ആരാധകരില്‍ നിന്ന് മാത്രമല്ല, താരങ്ങളില്‍ നിന്നും. അതിനാല്‍ തീര്‍ച്ചയായും നമ്മുടെ മത്സരങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാകും. എന്നാലത് വര്‍ഷങ്ങളായി മറികടക്കുന്നുണ്ടായിരുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന എല്ലാവരും അത് ഉള്‍ക്കൊള്ളണം. രണ്ട് മത്സരങ്ങളില്‍ സമ്മര്‍ദം അതിജീവിക്കാനായില്ല. ഇനിയുമേറെ ക്രിക്കറ്റ് ഞങ്ങളില്‍ ബാക്കിയുണ്ട്. ബാറ്റും ബോളും കൊണ്ട് ധൈര്യശാലികളായിരുന്നു ഞങ്ങളെന്ന് തോന്നുന്നില്ല' എന്നും കോലി കൂട്ടിച്ചേര്‍ത്തു.
കപിലിന്റെ തിരിച്ചടി
'കോലിയെ പോലൊരു വലിയ താരത്തില്‍ നിന്ന് വളരെ ദുര്‍ബലമായ പ്രസ്താവനയാണിത്. ഇത്തരത്തിലാണ് ടീമിന്റെ ശരീരഭാഷയും നായകന്റെ ചിന്തയുമെങ്കില്‍ തിരിച്ചുവരവ് വളരെ ബുദ്ധിമുട്ടാകും. കോലിയുടെ വാക്കുകള്‍ എനിക്ക് വിചിത്രമായി തോന്നി. കോലി അത്തരമൊരു താരമല്ല. അയാളൊരു പോരാളിയാണ്. ധൈര്യമില്ലായിരുന്നു എന്ന് ഒരു നായകന്‍ പറയാന്‍ പാടില്ല. നിങ്ങള്‍ രാജ്യത്തിന് വേണ്ടി അഭിനിവേശത്തോടെ കളിക്കുന്നയാളാണ്. അതിനാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടും.
എനിക്ക് വാക്കുകളില്ല. ഏതുവരെ നമുക്ക് വിമര്‍ശിക്കാം. ഐപിഎല്‍ കളിച്ച അതിന് ശേഷം പരിശീലനം നടത്തിയ ടീം ഇത്തരം മോശം പ്രകടനങ്ങള്‍ നടത്തിയാല്‍ വിമര്‍ശനങ്ങളുണ്ടാകും. പ്രതീക്ഷിച്ച പ്രകടനമല്ല ടീമില്‍ നിന്നുണ്ടായത്. പോരാടി തോറ്റാല്‍ മനസിലാക്കാം. എന്നാല്‍ സന്തോഷം നല്‍കുന്ന ഒരു വ്യക്തിഗത മികവ് പോലും ന്യൂസിലന്‍ഡിനെതിരെ ഉണ്ടായില്ല' എന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്ക് രണ്ടാം തോല്‍വി
ഇന്ത്യ നിര്‍ണായക മത്സരത്തില്‍ എട്ട് വിക്കറ്റിന് ന്യൂസിലന്‍ഡിനോട് തോല്‍ക്കുകയായിരുന്നു. ഇന്ത്യയുടെ 110 റണ്‍സ് 33 പന്ത് ശേഷിക്കെയാണ് കിവീസ് മറികടന്നത്. ഇതോടെ ഇന്ത്യയുടെ സെമിഫൈനല്‍ സാധ്യത മങ്ങി. ഡാരില്‍ മിച്ചല്‍- കെയ്ന്‍ വില്യംസണ്‍ സഖ്യം മത്സരം തട്ടിയെടുക്കുകയായിരുന്നു. മിച്ചല്‍ 49 റണ്‍സിലും ഗുപ്റ്റില്‍ 20ലും പുറത്തായി. ബുമ്രക്കാണ് ഇരു വിക്കറ്റുകളും. എന്നാല്‍ വില്യംസണും(33*), ദേവോണ്‍ കോണ്‍വേയും(2*) ടീമിനെ ജയിപ്പിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കോലിപ്പടയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 110 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 19 പന്തില്‍ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. നായകന്‍ വിരാട് കോലി ഒന്‍പത് റണ്‍സില്‍ പുറത്തായി. കിവികള്‍ക്കായി ബോള്‍ട്ട് മൂന്നും സോധി രണ്ടും മില്‍നെയും സൗത്തിയും ഓരോ വിക്കറ്റും നേടി. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് ഇന്ത്യ 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!