ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ഏകദിനം; സ്റ്റാര്‍ പേസര്‍മാര്‍ കളിക്കില്ല, സൂചന നല്‍കി രോഹിത് ശര്‍മ്മ

By Web TeamFirst Published Jan 22, 2023, 12:09 PM IST
Highlights

ന്യൂസിലന്‍ഡിന് എതിരായ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് ടീം ഇന്ത്യ പരമ്പര ഇതിനകം നേടിയിട്ടുണ്ട്

റായ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പര വരാനിരിക്കുന്നതിനാല്‍ നിര്‍ണായക നീക്കത്തിന് ടീം ഇന്ത്യ. ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ഏകദിനത്തില്‍ ഫോമിലെങ്കിലും പേസര്‍മാരായ മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചേക്കും. മതിയായ വിശ്രമം ഇരു താരങ്ങള്‍ക്കും ലഭിക്കാനാണിത്. ഷമിയുടെ വിരലിലെ പരിക്കിന്‍റെ ആശങ്ക പരിഹരിക്കേണ്ടതുമുണ്ട്. 

ന്യൂസിലന്‍ഡിന് എതിരായ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് ടീം ഇന്ത്യ പരമ്പര ഇതിനകം നേടിയിട്ടുണ്ട്. ഹൈദരാബാദിലെ ആദ്യ ഏകദിനം 12 റണ്‍സിനും റായ്‌പൂരിലെ രണ്ടാം കളി എട്ട് വിക്കറ്റിനുമാണ് ഇന്ത്യ വിജയിച്ചത്. അതിനാല്‍ മൂന്നാം ഏകദിനത്തിലെ മത്സര ഫലം നിര്‍ണായകമല്ല. രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ആദ്യ സ്‌പെല്‍ എറിഞ്ഞ ഷമിയെയും സിറാജിനേയും ആകെ 12 ഓവര്‍ മാത്രമേ രോഹിത് ശര്‍മ്മ പന്ത് എറിയിപ്പിച്ചുള്ളൂ. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇരുവരെയും അനിവാര്യമാണെന്ന് റായ്‌പൂരിലെ രണ്ടാം ഏകദിനത്തിന് ശേഷം രോഹിത് ശര്‍മ്മ വ്യക്തമാക്കി. ഇതോടെ ഷമി, സിറാജ് എന്നിവര്‍ ഇന്‍ഡോറിലെ മൂന്നാം ഏകദിനത്തില്‍ വിശ്രമിക്കും. യുവ പേസര്‍ ഉമ്രാന്‍ മാലിക്കാവും ഒരാള്‍ക്ക് പകരക്കാരനായി പ്ലേയിംഗ് ഇലവനില്‍ വരിക. വാഷിംഗ്‌ടണ്‍ സുന്ദറിന് പകരം ഷഹ്‌ബാസ് അഹമ്മദും കുല്‍ദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചാഹലും ഇലവനിലെത്തിയേക്കും.

ഓസ്ട്രേലിയക്കെതിരെ അടുത്ത മാസം ആരംഭിക്കുന്ന പരമ്പരയില്‍ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാകും ഇന്ത്യന്‍ പേസ് ആക്രമണം നയിക്കുക. പരിക്കിന്‍റെ പിടിയില്‍ നിന്ന് മോചിതനാവുന്ന ജസ്‌പ്രീത് ബുമ്രയെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഫെബ്രുവരി 9ന് നാഗ്‌പൂരിലാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 17ന് ഡല്‍ഹിയില്‍ തുടങ്ങും. സ്‌ക്വാഡിലുണ്ടെങ്കിലും രവീന്ദ്ര ജഡേജ ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിക്കുമോ എന്ന് ഇതുവരെ ഉറപ്പായിട്ടില്ല. 

'ഒന്നും ചെയ്യല്ലേ'; മൈതാനത്തിറങ്ങിയ കുട്ടി ആരാധകനെ പൊക്കിയ സുരക്ഷാ ജീവനക്കാരനോട് രോഹിത്, കയ്യടിച്ച് ആരാധകര്‍

click me!