
തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനം നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. പരമ്പര ഇതിനകം നേടിയതിനാല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്ക് ഏവരും ഉറ്റുനോക്കുകയാണ്. ബെഞ്ചിലെ കരുത്ത് പരിശോധിക്കാന്‍ രോഹിത് ശര്‍മ്മയ്‌ക്കുള്ള സുവര്‍ണാവസരമാണ് കാര്യവട്ടത്തെ പോരാട്ടം. ആദ്യ രണ്ട് ഏകദിനങ്ങളിലും പുറത്തിരുന്ന ഓപ്പണര്‍ ഇഷാന്‍ കിഷനും മധ്യനിര താരം സൂര്യകുമാര്‍ യാദവും പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെ വന്നാല്‍ ശുഭ്‌മാന്‍ ഗില്ലും ശ്രേയസ് അയ്യരുമാകും വിശ്രമിക്കുക.
ആദ്യ ഏകദിനത്തില്‍ 70 റണ്‍സ് നേടിയ ശുഭ്‌മാന്‍ ഗില്‍ രണ്ടാം ഏകദിനത്തില്‍ 21 റണ്‍സില്‍ പുറത്തായിരുന്നു. എന്നാല്‍ ഇതല്ല ഗില്ലിന്‍റെ സ്ഥാനം നഷ്‌ടമാക്കുന്നത്. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ റെക്കോര്‍ഡ് ഇരട്ട സെഞ്ചുറി നേടിയിട്ടും ലങ്കയ്ക്ക് എതിരെ ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തിരിക്കേണ്ടിവന്ന ഇഷാന്‍ കിഷന് അവസരം നല്‍കുകയാണ് ടീം ലക്ഷ്യമിടുക. ഗുവാഹത്തിയിലും കൊല്‍ക്കത്തയിലും ഇഷാനെ കളിപ്പിക്കാതിരുന്നതില്‍ വിമര്‍ശനം ശക്തമായിരുന്നു. ന്യൂസിലന്‍ഡിനും ഓസ്ട്രേലിയക്കും എതിരായ പരമ്പരകള്‍ വരാനുള്ളതിനാല്‍ ഗില്ലിന്‍റെ ഫിറ്റ്‌നസ് സംരക്ഷിക്കേണ്ടതും ടീമിന് പ്രധാനമാണ്.
മൂന്നാം രാജ്യാന്തര ട്വന്‍റി 20 സെഞ്ചുറി നേടിയിട്ടും ഏകദിനങ്ങളില്‍ പുറത്തിരിക്കേണ്ടിവന്ന സൂര്യകുമാര്‍ യാദവിനും നാലാം നമ്പറിലേക്കുള്ള തിരിച്ചുവരവായേക്കും തിരുവനന്തപുരത്തെ മത്സരം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലന്‍ഡിന് എതിരെയാണ് സൂര്യ അവസാനമായി ഏകദിനം കളിച്ചത്. ലങ്കയ്ക്ക് എതിരെ രണ്ട് ഏകദിനങ്ങളിലും ലഭിച്ച മികച്ച തുടക്കം മുതലാക്കാന്‍ അയ്യര്‍ക്കായിരുന്നില്ല. രണ്ടാം ഏകദിനത്തില്‍ മാച്ച് വിന്നിംഗ് ഫിഫ്റ്റി നേടിയതോടെ കെ എല്‍ രാഹുല്‍ ടീമില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. ന്യൂസിലന്‍ഡ് പരമ്പര മുന്‍നിര്‍ത്തി ഹാര്‍ദിക് പാണ്ഡ്യക്കും വിശ്രമം നല്‍കിയേക്കാം. സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ ടീം ഇന്ത്യ പ്ലേയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവരുമോ എന്നതും ആകാംക്ഷയായി നിലനില്‍ക്കുന്നു.
സഞ്ജുവിന്‍റെ പരിക്ക്; വാതുറക്കാതെ ബിസിസിഐ, ഏകദിന ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!