അവസരം കാത്ത് പൃഥ്വി ഷാ! ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം റാഞ്ചിയില്‍

By Web TeamFirst Published Jan 26, 2023, 11:42 AM IST
Highlights

റുതുരാജ് ഗെയ്ഗ്‌വാദിന് പരിക്കേറ്റതിനാല്‍ പൃഥ്വിഷോയ്ക്ക് ആദ്യമത്സരത്തില്‍ ഇടംകിട്ടുമെന്നാണ് കരുതുന്നത്. ഇന്ന് ടീം പരിശീലനത്തിനിറങ്ങും. നാളെ വൈകീട്ട് ഏഴ് മണിക്കാണ് ഒന്നാം ട്വന്റി 20 മത്സരം.

റാഞ്ചി: ന്യുസീലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം റാഞ്ചിയിലെത്തി. ഉജ്വല സ്വീകരണമാണ് റാഞ്ചിയില്‍ ആരാധകര്‍ ഒരുക്കിയത്. ഹാര്‍ദിക് പണ്ഡ്യയുടെ നേതൃത്വത്തില്‍ യുവതാരങ്ങളാണ് ട്വന്റി 20യില്‍ ഇറങ്ങുന്നത്. ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. സൂര്യകുമാര്‍ യാദവാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. രോഹിത് ശര്‍മ, വിരാട് കോലി, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങളൊന്നും ടി20 ടീമിലില്ല. 

റുതുരാജ് ഗെയ്ഗ്‌വാദിന് പരിക്കേറ്റതിനാല്‍ പൃഥ്വിഷോയ്ക്ക് ആദ്യമത്സരത്തില്‍ ഇടംകിട്ടുമെന്നാണ് കരുതുന്നത്. ഇന്ന് ടീം പരിശീലനത്തിനിറങ്ങും. നാളെ വൈകീട്ട് ഏഴ് മണിക്കാണ് ഒന്നാം ട്വന്റി 20 മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. പരമ്പരയ്ക്ക് മുന്നോടിയായി താരങ്ങളോട് നേരത്തെ തന്നെ ക്യാംപിലെത്താന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഇന്ത്യന്‍ പൃഥ്വി ഷാ, രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ തുടങ്ങിയ താരങ്ങള്‍ രഞ്ജി ടീം വിട്ടിരുന്നു.  

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോമോടെയാണ് പൃഥ്വി ഷാ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് അക്‌സര്‍ പട്ടേല്‍ നേരത്തെ പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. വിവാഹത്തെ തുടര്‍ന്ന് കെ എല്‍ രാഹലും പരമ്പരയ്ക്കില്ല. ഇന്‍ഡോറില്‍ മൂന്നാം ഏകദിനത്തിന് ശേഷം ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ഉമ്രാന്‍ മാലിക് തുടങ്ങിയ താരങ്ങള്‍ നേരിട്ട് റാഞ്ചിയിലെത്തി. റാഞ്ചിയില്‍ ഓപ്ഷണല്‍ പരിശീലന സെഷനാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക്. രണ്ടാം ടി20 27ന് ലഖ്നൗവില്‍ നടക്കും. അവസാന ടി20 മത്സരം ഫെബ്രുവരി ഒന്നിന് അഹമ്മദാബാദില്‍ നടക്കും.
 
ഇന്ത്യന്‍ ട്വന്റി 20 സ്‌ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ജിതേശ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാര്‍.

ലോക ക്രിക്കറ്റില്‍ അവനെപ്പോലെയുള്ളവര്‍ അപൂര്‍വമാണ്, ഇന്ത്യന്‍ താരത്തെ വാഴ്ത്തി ഇര്‍ഫാന്‍ പത്താന്‍

click me!