
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 16 റണ്‍സിന് ജയിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനാണ് സാധിച്ചത്. ജയത്തോടെ നിരവധി നേട്ടങ്ങളും ഇന്ത്യ സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ, ഇന്ത്യ നാട്ടില്‍ സ്വന്തമാക്കുന്ന ആദ്യ ടി20 പരമ്പരയാണിത്. മുമ്പ് മൂന്ന് പരമ്പരയില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. 2015ല്‍ ഇന്ത്യ 2-0ത്തിന് തോറ്റു. 2019ല്‍ 1-1 സമനിലയില്‍ അവസാനിച്ചു. ഈ വര്‍ഷം തുടക്കത്തില്‍ 2-2ന് പരമ്പര അവസാനിക്കുകയായിരുന്നു. അവസാന മത്സരം മോശം കാലാവസ്ഥയെ തുടര്‍ന്ന് കളിക്കാനായില്ല. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് വിജയം സ്വന്തമാക്കാനായി.
ഡെത്ത് ഓവറുകളില്‍ (16-20) ഏറ്റവും കൂടുതല്‍ റണ്‍സ് പിറക്കുന്ന മത്സരം കൂടിയാണിത്. ഇരുടീമുകളും അടിച്ചെടുത്തത് 160 റണ്‍സാണ്. ഇന്ത്യ അവസാന നാല് ഓവറില്‍ 82 റണ്‍സാണ് അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്ക മറുപടി ബാറ്റിംഗിനെത്തിയപ്പോള്‍ 78 റണ്‍സ് നേടി. 2010ല്‍ പാകിസ്ഥാന്‍- ഓസ്‌ട്രേലിയ മത്സരത്തിലെ 148 റണ്‍സ് രണ്ടാമതായി. പാകിസ്ഥാന്‍ 73 റണ്‍സും ഓസ്‌ട്രേലിയ 75 റണ്‍സും നേടിയിരുന്നു. 2007 ലോകകപ്പില്‍ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിലെ 175 റണ്‍സാണ് മൂന്നാമത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 80 റണ്‍സ് അടിച്ചെടുത്തു. ഇംഗ്ലണ്ട് 65 റണ്‍സും.
അതേസമയം, ഡേവിഡ് മില്ലര്‍ (106) പുറത്താവാതെ സെഞ്ചുറി പാഴായി. സ്‌കോര്‍ പിന്തുടരുമ്പോള്‍ ഒരു ടീമിലെ താരം സെഞ്ചുറി നേടിയിട്ടും ടീം തോല്‍ക്കുന്നത് രണ്ടാം തവണയാണ്. 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കെ എല്‍ രാഹുല്‍ സെഞ്ചുറി നേടിയിട്ടും ടീം പരാജയപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!