
മുംബൈ: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കും ഏകദിന പരമ്പരയ്‌ക്കുമുള്ള ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ഫോമില്ലായ്‌മയുടെ പേരില്‍ ഏറെ വിമര്‍ശനം നേരിടുന്ന കെ എല്‍ രാഹുല്‍ ടെസ്റ്റ് സ്‌ക്വാഡില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്‌ട്രയെ കിരീടത്തിലെത്തിച്ച മികവോടെ പേസര്‍ ജയ്‌ദേവ് ഉനദ്‌കട്ട് ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി. രഞ്ജി ഫൈനലില്‍ ബംഗാളിനെതിരെ ഉനദ്‌കട്ട് രണ്ട് ഇന്നിംഗ്‌സുകളിലുമായി ഒന്‍പത് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. മാര്‍ച്ച് 1 മുതല്‍ ഇന്‍ഡോറിലും 9 മുതല്‍ അഹമ്മദാബാദിലുമാണ് ഓസീസിനെതിരായ പരമ്പരയിലെ മൂന്നും നാലും ടെസ്റ്റുകള്‍.
രാഹുല്‍ അകത്ത്, സഞ‌്ജു പുറത്ത്
ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ നായകന്‍ രോഹിത് ശര്‍മ്മ കുടുംബപരമായ കാരണങ്ങളാല്‍ കളിക്കില്ല, പകരം ഹാര്‍ദിക് പാണ്ഡ്യയാവും ടീമിനെ നയിക്കുക എന്നും ബിസിസിഐ അറിയിച്ചു. അതേസമയം മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഫോമിലല്ലാത്ത കെ എല്‍ രാഹുല്‍ ഏകദിന സ്‌ക്വാഡിലുമുണ്ട്. തിരിച്ചുവരവില്‍ ജയ്‌ദേവ് ഉനദ്‌കട്ടിനും ഏകദിന സ്‌ക്വാഡില്‍ സ്ഥാനമുണ്ട്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഏകദിന ടീമിലേക്ക് തിരിച്ചുവന്നു. ഇഷാന്‍ കിഷനാണ് ഏകദിനത്തിലെ ഏക സ‌്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍. മുംബൈയില്‍ മാര്‍ച്ച് 17നും വിശാഖപട്ടണത്ത് 19നും ചെന്നൈയില്‍ 22നുമാണ് ഏകദിന മത്സരങ്ങള്‍.
അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്.
ഓസീസിനെതിരായ ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിംഗ്‌ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ഷര്‍ദുല്‍ ഠാക്കൂര്‍, അക്‌സര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്‌കട്ട്.
സന്തോഷ് ട്രോഫി: നിലവിലെ ചാമ്പ്യന്‍മാരായ കേരളം പുറത്ത്