
ഹരാരെ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലീഷ് ബൗളർമാരെ നിലംപരിശാക്കി റെക്കോർഡുകൾ വാരിക്കൂട്ടിയ 14 കാരൻ വൈഭവ് സൂര്യവന്‍ഷിയെ പ്രശംസ കൊണ്ട് മൂടി മുന്‍ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. വെറും 80 പന്തിൽ നിന്ന് 175 റൺസ് അടിച്ചുകൂട്ടിയ വൈഭവിന്‍റെ പ്രകടനം വൈഭവിന് ഇന്ത്യൻ സീനിയർ ടീമിലേക്ക് വാതില്‍ തുറന്നേക്കുമെന്ന് അശ്വിന്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.
അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസ്, 15 ഫോറുകളും 15 സിക്സറുകളും; ആകെ നേടിയ റൺസിന്‍റെ 85.7 ശതമാനവും ബൗണ്ടറികളിൽ നിന്ന്. ഇത് അവിശ്വസനീയമാണ്! 300-ന് മുകളിലുള്ള ലക്ഷ്യം പിന്തുടർന്ന സെമി ഫൈനലിൽ 33 പന്തില്‍ നേടിയ 68 റൺസിനു പിന്നാലെയാണിത്. വലിയ വേദികൾക്കായി ജനിച്ചവനെപ്പോലെ വൈഭവ് ആ മൈതാനത്തെ അടക്കിഭരിച്ചു. വലിയ മത്സരങ്ങളെ പക്വതയോടെ നേരിടാൻ കെൽപ്പുള്ള ഒരു അത്ഭുത പ്രതിഭ.
62.71 ശരാശരിയിലും 169.49 സ്ട്രൈക്ക് റേറ്റിലും 439 റൺസ് നേടി ടൂർണമെന്‍റിലെ റൺവേട്ടക്കാരിൽ ഒന്നാമൻ. 170 സ്ട്രൈക്ക് റേറ്റ് എന്നത് അവന്‍റെ പ്രഹരശേഷി വ്യക്തമാക്കുന്നു. ടൂർണമെന്‍റിലുടനീളം 30 സിക്സറുകൾ; ആകെ റൺസിന്‍റെ 78.35 ശതമാനവും ബൗണ്ടറികളിലൂടെ.
ഈ ബാലൻ അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ വാതിലുകളിൽ അതിശക്തമായി മുട്ടിക്കൊണ്ടിരിക്കുകയാണ്. ടി20 ലോകകപ്പിന് ശേഷം ആ വാതിൽ അവൻ്റെ മുന്നിൽ തുറക്കപ്പെട്ടാൽ അത്ഭുതപ്പെടാനില്ല-അശ്വിന്‍ കുറിച്ചു.
അണ്ടര്‍19 ലോകകപ്പ് ഫൈനലില്‍ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 411 റൺസിന്‍റെ കൂറ്റൻ സ്കോർ ഉയര്‍ത്തിയപ്പോള്‍ കരുത്തായത് വൈഭവിന്‍റെ ഇന്നിംഗ്സാണ്. വെറും 55 പന്തിൽ സെഞ്ചുറി തികച്ച വൈഭവ്, ടൂർണമെന്‍റ് ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയാണ് സ്വന്തമാക്കിയത്. നേടിയ 175 റൺസിൽ 150 റൺസും (85.7%) വൈഭവ് അടിച്ചെടുത്തത് ബൗണ്ടറികളിലൂടെയായിരുന്നു. 15 ഫോറുകളും 15 സിക്സറുകളുമാണ് വൈഭവിന്‍റെ ബാറ്റിൽ നിന്ന് പറന്നത്. അണ്ടർ 19 ഏകദിന ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (15) നേടുന്ന താരം എന്ന റെക്കോർഡും വൈഭവ് സ്വന്തം പേരിലാക്കിയിരുന്നു.
അണ്ടര്‍ 19 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടി ടോപ് സ്കോററായതും 14കാരനായ വൈഭവ് തന്നെയായിരുന്നു. ഭാവിയിലെ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കുന്തമുനയെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് വൈഭവ് ഹരാരെയില്‍ കാഴ്ചവെച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!