'നീ പുകഴ്‌ത്തിയ വ്യക്തിയാണ് എന്നെ ടീമില്‍ നിന്ന് പുറത്താക്കിയത്'; പൂജാരയുടെ വെളിപ്പെടുത്തൽ ഭാര്യയുടെ ബുക്കില്‍

Published : Apr 30, 2025, 07:36 PM ISTUpdated : Apr 30, 2025, 07:40 PM IST
'നീ പുകഴ്‌ത്തിയ വ്യക്തിയാണ് എന്നെ ടീമില്‍ നിന്ന് പുറത്താക്കിയത്'; പൂജാരയുടെ വെളിപ്പെടുത്തൽ ഭാര്യയുടെ ബുക്കില്‍

Synopsis

2018-19 ഓസ്ട്രേലിയൻ പര്യടനത്തിലെ സംഭവമാണ് 'The Diary of a Cricketer's Wife' എന്ന പുസ്തകത്തില്‍ പൂജ വെളിപ്പെടുത്തിയിരിക്കുന്നത്

ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ചേതേശ്വര്‍ പൂജാര. താരത്തിന്റെ ചെറുത്തുനില്‍പ്പുകൊണ്ട് മാത്രം പല മത്സരങ്ങള്‍ ഇന്ത്യ ജയിക്കുകയും തോല്‍വികളില്‍ നിന്ന് കരകയറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, 2023ന് ശേഷം പൂജാര ഇന്ത്യൻ ടീമിന്റെ ഭാഗമല്ല. തിരിച്ചുവരവിനുള്ള പലശ്രമങ്ങള്‍ താരം നടത്തിയിരുന്നെങ്കിലും അത് സാധ്യമായില്ല.

അടുത്തിടെയാണ് പൂജാരയുടെ പത്നിയായ പൂജ 'ഒരു ക്രിക്കറ്റ് താരത്തിന്റെ ഭാര്യയുടെ ഡയറി' (The Diary of a Cricketer's Wife) എന്ന പുസ്തകം രചിക്കുകയും പുറത്തിറക്കുകയും ചെയ്തത്. പുസ്തകത്തില്‍ പൂജാരയുടെ കരിയറില്‍ നടന്ന ചില സുപ്രധാന സംഭവങ്ങളുടെ വെളിപ്പെടുത്തലുണ്ട്. പ്രത്യേകിച്ചും ടീമില്‍ നിന്ന് തഴയപ്പെട്ടതിനെക്കുറിച്ച്. 2018-19 ഓസ്ട്രേലിയൻ പര്യടനത്തിനിടെ സംഭവിച്ച കാര്യങ്ങളാണ് പുസ്തകത്തില്‍ കുറിച്ചിരിക്കുന്നത്. 

പെർത്ത് ടെസ്റ്റില്‍ 28 റണ്‍സ് മാത്രമായിരുന്നു പൂജാരയ്ക്ക് നേടാനായിരുന്നത്. മത്സരം ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. പിന്നാലെയായിരുന്നു പൂജാരയെ ടീമില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം വന്നത്.

മൂന്ന് ദിവസം ലഭിച്ച ഇടവേളയില്‍ ചേതേശ്വർ മുറിക്ക് പുറത്തിറങ്ങിയിരുന്നില്ല. ഇതിനിടെയാണ് ഒരു ഫോണ്‍ സംഭാഷണം ചേതേശ്വർ കേള്‍ക്കാനിടയായത്. ചേതേശ്വറിന് കായികക്ഷമതയില്ലെന്ന് ചൂണ്ടിക്കാണിച്ച് ടീമില്‍ നിന്ന് ഒഴിവാക്കണമെന്നതായിരുന്നു ആ ഫോണ്‍ സംഭാഷണത്തിന്റെ കാതല്‍. എന്നാല്‍, അത്തരമൊതു സംഭാഷണം കേട്ടതായി ചേതേശ്വർ നടിച്ചതേയില്ല. ചേതേശ്വറിന്റെ പിതാവ് ആ സമയം ആശുപത്രിയിലായിരുന്നു, അതും ആരോടും വെളിപ്പെടുത്തിയില്ല, പൂജ ബുക്കിലെഴുതി.
 
ഈ സംഭവത്തെക്കുറിച്ച് ഞാൻ അറിയുന്നതുപോലും ഓസ്ട്രേലിയൻ പര്യടനം കഴിഞ്ഞുള്ള ചേതേശ്വറിന്റെ ജന്മദിനത്തിലാണ്. അന്നൊരു ഉച്ചസമയമായിരുന്നു, മുറിയില്‍ വെളിച്ചമുണ്ടായിരുന്നില്ല. അതിഥി ഉറക്കത്തിലായിരുന്നു, ഞാനും ചേതേശ്വറും ചേർന്ന് സമൂഹമാധ്യമങ്ങളില്‍ വന്ന ആശംസകള്‍ പരിശോധിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഒരു സന്ദേശം വളരെയധികം സ്പർശിച്ചിരുന്നു എന്നെ. അത് ഞാൻ ഉറക്കെ വായിച്ച് ചേതേശ്വറിനെ കേള്‍പ്പിച്ചു. ആ വാക്കുകളെ ഞാൻ അഭിനന്ദിക്കുകയും ചെയ്തു. പക്ഷേ, ചേതേശ്വർ അപ്പോഴും നിശബ്ദനായിരുന്നു. ഒരു വാക്കുപോലും പറഞ്ഞിരുന്നില്ല, പൂജ എഴുതി.

ചേതേശ്വറിന്റെ മുഖഭാവം വല്ലാതെ മാറിയിരുന്നു. എന്താണ് കാര്യമെന്ന് ഞാൻ ചോദിച്ചു. കളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് പലതാരങ്ങളുടേയും ഭാര്യമാർ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. ഒരിക്കലും ചേതേശ്വർ അത്തരമൊന്ന് സംസാരിച്ചിട്ടില്ല. പര്യടനങ്ങളെക്കുറിച്ചൊന്നും കാര്യമായി ചേതേശ്വർ സംസാരിക്കാറുമില്ലായിരുന്നു, പൂജ കൂട്ടിച്ചേർത്തു.

എന്നാല്‍ ഇത്തവണ ചേതേശ്വറിനെ വെറുതെ വിടാൻ ഞാൻ തയാറായിരുന്നില്ല. ഒടുവില്‍ ചേതേശ്വർ ആ സത്യം തുറന്നു പറഞ്ഞു. ഇതായിരുന്നു ചേതേശ്വറിന്റെ വാക്കുകള്‍, പൂജയിപ്പോള്‍ പുകഴ്ത്തുന്ന വ്യക്തിയാണ് കായികക്ഷമത പോരെന്ന് പറഞ്ഞ് എന്നെ ടീമില്‍ നിന്ന് പുറത്താക്കിയത്. ഇക്കാര്യം എന്തുകൊണ്ട് എന്നോട് പറഞ്ഞില്ലെന്ന് ഞാൻ ചോദിച്ചു. ഞാൻ നന്നായി കളിച്ചിരുന്നു, അതാണ് പ്രധാനം, മറ്റൊന്നുമല്ലെന്നും ചേതേശ്വർ പറഞ്ഞതായും പൂജ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്