അയാള്‍ ഇനി ഇന്ത്യക്കായി കളിക്കുമെന്ന് തോന്നുന്നില്ല; ചെന്നൈ താരത്തിന്റെ ഭാവി പ്രവചിച്ച് മുന്‍ ഓസീസ് താരം

By Web TeamFirst Published Jul 27, 2020, 6:40 PM IST
Highlights

നിലവിലെ ഇന്ത്യന്‍ ലൈനപ്പ് നോക്കിയാല്‍ യുവതാരങ്ങളെയാണ് വിരാട് കോലിക്ക് ആഭിമുഖ്യമെന്ന് തിരിച്ചറിയാനാവും. അതിന്റെ ഭാഗമായാണ് ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ എത്തിയത്. ഈ സാഹചര്യത്തില്‍ റെയ്നയെ ടീമിലെടുത്താലും അദ്ദേഹം ഏത് സ്ഥാനത്ത് ബാറ്റ് ചെയ്യുമെന്നത് വലിയ ചോദ്യമാണ്.

മെല്‍ബണ്‍: മധ്യനിര ബാറ്റ്സ്മാന്‍ സുരേഷ് റെയ്നയ്ക്ക് ഇന്ത്യന്‍ ടീമില്‍ ഇനി സ്ഥാനമില്ലെന്ന് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാമെന്ന സുരേഷ് റെയ്നയുടെ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചുവെന്നും തന്റെ യുട്യൂബ് ചാനലില്‍ ഹോഗ് വ്യക്തമാക്കി.

യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ പ്ലേയിംഗ് ഇലവനില്‍ ഇനി റെയ്നക്ക് സ്ഥാനുമുണ്ടാകുമെന്ന് കരുതാനാവില്ല. ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് ഓര്‍ഡറിലെ ആദ്യ നാല് സ്ഥാനങ്ങളില്‍ റെയ്നക്ക് സ്ഥാനം ലഭിക്കില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ അതിന് താഴെയുള്ള സ്ഥാനങ്ങളിലൊന്നും റെയ്നയെ ഇറക്കുമെന്ന് കരുതാനുമാവില്ല. നാലാം നമ്പറിലാണ് റെയ്നക്ക് പ്രതീക്ഷവെക്കാവുന്ന ഇടമുണ്ടായിരുന്നത്. എന്നാല്‍ ശ്രേയസ് അയ്യര്‍ ആ സ്ഥാനത്ത് സീറ്റുറപ്പിച്ചുവെന്നും ഹോഗ് പറഞ്ഞു.


നിലവിലെ ഇന്ത്യന്‍ ലൈനപ്പ് നോക്കിയാല്‍ യുവതാരങ്ങളെയാണ് വിരാട് കോലിക്ക് ആഭിമുഖ്യമെന്ന് തിരിച്ചറിയാനാവും. അതിന്റെ ഭാഗമായാണ് ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ എത്തിയത്. ഈ സാഹചര്യത്തില്‍ റെയ്നയെ ടീമിലെടുത്താലും അദ്ദേഹം ഏത് സ്ഥാനത്ത് ബാറ്റ് ചെയ്യുമെന്നത് വലിയ ചോദ്യമാണ്. റെയ്നയെ മൂന്നാമതോ നാലാമതോ മാത്രമെ ബാറ്റ് ചെയ്യിപ്പിക്കാന്‍ കഴിയു. എന്നാല്‍ ആ സ്ഥാനത്തൊന്നും ഒഴിവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തില്‍ റെയ്നയെ വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനാവുമെന്ന് എനിക്ക് പ്രതീക്ഷയില്ല.

റെയ്നക്ക് നേരിയ സാധ്യതയുള്ളത് ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ നിന്ന് പുറത്തായാല്‍ മാത്രമാണ്. കെ എല്‍ രാഹുലും രോഹിത് ശര്‍മയും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്താല്‍ മധ്യനിരയില്‍ ഒരുപക്ഷെ റെയ്നക്ക് അവസരം ലഭിച്ചേക്കും. എന്നാല്‍ അിനുള്ള സാധ്യത വിരളമാണെന്ന് ഇപ്പോള്‍ പറയേണ്ടിവരും-ഹോഗ് പറഞ്ഞു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മികച്ച പ്രകടനം പുറത്തെടുത്താല്‍ ടീമില്‍ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് റെയ്ന.

2018 ജൂലൈയിലാണ് റെയ്ന ഇന്ത്യക്കായി അവസാനം കളിച്ചത്. ഇതിനിടെ കാല്‍മുട്ട് ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും തന്നില്‍ ഇനിയും രണ്ടോ മൂന്നോ വര്‍ഷത്തെ ക്രിക്കറ്റ് ബാക്കിയുണ്ടെന്നാണ് റെയ്നയുടെ അഭിപ്രായം. ഇന്ത്യക്കായി 226 ഏകദിനത്തിലും 78 ടി20 മത്സരങ്ങളിലും റെയ്ന കളിച്ചിട്ടുണ്ട്.

click me!