
തിരുവനന്തപുരം: സഞ്ജു സാംസണിന് തിളങ്ങാന്‍ കഴിയുന്ന പിച്ചാണ് കാര്യവട്ടത്ത് തയ്യാറാക്കിയതെന്ന് ക്യൂറേറ്റര്‍ എ എം ബിജു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ സഞ്ജു തകര്‍ത്തടിച്ച പിച്ചിലാകും നാളത്തെ മത്സരമെന്നും ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കാര്യവട്ടം സ്‌പോര്‍ട്സ് ഹബ്ബിൽ ആകെ ഒന്‍പത് പിച്ചാണ് തയ്യാറായിട്ടുള്ളത്. ഇതില്‍ നാലാമത്തെ പിച്ചിലാകും നാളത്തെ ഇന്ത്യ- വിന്‍ഡീസ് രണ്ടാം ട്വന്‍റി 20. സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്ക എ ടീമിനതിരെ സഞ്ജു സാംസൺ 91 റൺസ് നേടിയത് ഇതേ പിച്ചിലാണ്.
എ ടീമുകളുടെ പരമ്പരക്ക് ശേഷം നവംബര്‍ 18 വരെ സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി 20ക്കും സ്‌പോര്‍ട്സ് ഹബ്ബ് വേദിയായിരുന്നു. രാത്രി എട്ടിന് ശേഷം മഞ്ഞുവീഴ്‌ച ഉള്ളതിനാല്‍ ടോസ് നേടുന്നവര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തേക്കുമെന്നും ക്യൂറേറ്റര്‍ അഭിപ്രായപ്പെട്ടു.
ഹൈദരാബാദില്‍ ജയിച്ചതിനാല്‍ കാര്യവട്ടത്ത് വിജയിച്ചാല്‍ ടീം ഇന്ത്യ പരമ്പര സ്വന്തമാക്കും. ഹൈദരാബാദില്‍ ആറ് വിക്കറ്റിനായിരുന്നു ജയം. മലയാളി താരം സഞ്ജു സാംസണ് കാര്യവട്ടത്ത് ഹോം ഗ്രൗണ്ടില്‍ അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!