കാര്യവട്ടത്ത് ടീം ഇന്ത്യയുടെ 'കൈവിട്ട കളി'; മുതലാക്കി വിന്‍ഡീസ് തിരിച്ചടിക്കുന്നു

By Web TeamFirst Published Dec 8, 2019, 9:46 PM IST
Highlights

ലൂയിസിനെ പുറത്താക്കാനുള്ള അവസരം പന്തും സമ്മിണ്‍സിനെയും പുറത്താക്കാനുള്ള അവസരം വാഷിംഗ്‌ടണും അഞ്ചാം ഓവറില്‍ പാഴാക്കി. ഇത് മുതലാക്കിയ വിന്‍ഡീസ് ആദ്യ വിക്കറ്റില്‍ 73 റണ്‍സ് ചേര്‍ത്തു. 

തിരുവനന്തപുരം: കാര്യവട്ടം ടി20യില്‍ ആരാധകരെ ഭയത്തിലാഴ്‌ത്തി ടീം ഇന്ത്യയുടെ 'കൈവിട്ട കളി'. കഴിഞ്ഞ മാച്ചിലെ തനിയാവര്‍ത്തനം പോലെ ക്യാച്ചുകള്‍ പാഴാക്കുകയാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍. ലൂയിസിനെ പുറത്താക്കാനുള്ള അവസരം പന്തും സമ്മിണ്‍സിനെ പുറത്താക്കാനുള്ള അവസരം വാഷിംഗ്‌ടണും അഞ്ചാം ഓവറില്‍ പാഴാക്കി. ഇത് മുതലാക്കിയ വിന്‍ഡീസ് ആദ്യ വിക്കറ്റില്‍ 73 റണ്‍സ് ചേര്‍ത്തു. 35 പന്തില്‍ 40 റണ്‍സെടുത്ത എവിന്‍ ലൂയിസിനെ 10-ാം ഓവറില്‍ വാഷിംഗ്‌ടണിന്‍റെ പന്തില്‍  ഋഷഭ് സ്റ്റംപ് ചെയ്തു. 

171 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസ് 10 ഓവറില്‍ 71/1 എന്ന മികച്ച സ്‌കോറിലാണ് വിന്‍ഡീസ്. ലെന്‍ഡി സിമ്മന്‍സും ഷിമ്രാന്‍ ഹെറ്റ്‌മയറും ആണ് ക്രീസില്‍. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 170 റണ്‍സ് എടുത്തു. രോഹിത് ശര്‍മ്മയും(15), കെ എല്‍ രാഹുലും(11), വിരാട് കോലിയും(19) അടക്കമുള്ള വമ്പന്‍മാര്‍ തിളങ്ങാതിരുന്നപ്പോള്‍ കന്നി അര്‍ധ സെഞ്ചുറിയുമായി ശിവം ദുബെയും(54) വിക്കറ്റ് വലിച്ചെറിയാതെ ഋഷഭ് പന്തുമാണ്(33*) ഇന്ത്യയെ കാത്തത്. ദീപക് ചഹാറും(1*) പുറത്താകാതെ നിന്നു. ശ്രേയസ് അയ്യര്‍(10), രവീന്ദ്ര ജഡേജ(9), വാഷിംഗ്‌ടണ്‍ സുന്ദര്‍(0) എന്നിവര്‍ക്കും തിളങ്ങാനായില്ല. 

അപ്രതീക്ഷിതം ദുബെയുടെ വരവും അടിയും

ആരാധകരെ ഞെട്ടിച്ച് മൂന്നാമനായി നായകന്‍ വിരാട് കോലിക്ക് പകരം എത്തിയത് ശിവം ദുബെ. യുവിയുടെ മട്ടും ഭാവവുമുള്ള താരം എട്ടാം ഓവറില്‍ വരവിന്‍റെ ഉദേശ്യം വ്യക്തമാക്കി. ജാസന്‍ ഹോള്‍ഡറെ സിക്‌സിനും ബൗണ്ടറിക്കും പറത്തി ഗംഭീര ട്രീറ്റ്. പൊള്ളാര്‍ഡിന്‍റെ ഒന്‍പതാം ഓവറില്‍ മൂന്ന് സിക്‌സടക്കം 24 റണ്‍സടിച്ചു ദുബൈ. എന്നാല്‍ ടി20യിലെ കന്നി ഫിഫ്റ്റിക്ക് പിന്നാലെ 11-ാം ഓവറില്‍ വാല്‍ഷിന്‍റെ പന്തില്‍ ദുബെയെ ഹെറ്റ്‌മയര്‍ പിടികൂടി. ദുബെ നേടിയത് 34 പന്തില്‍ 54 റണ്‍സ്. 

ഒടുവില്‍ പന്തിന്‍റെ ചെറിയ പ്രായ്ശ്ചിത്തം!

സാവധാനം നിലയുറപ്പിക്കാനായിരുന്നു ഋഷഭ് പന്തിന്‍റെ ശ്രമം. ഫോമില്ലായ്‌മയ്‌ക്ക് നിരന്തരം വിമര്‍ശനം നേരിടുന്ന താരം വലിയ സാഹസങ്ങള്‍ക്ക് മുതിര്‍ന്നില്ല. ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ 22 പന്തില്‍ 33 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു ഋഷഭ് പന്ത്. വിന്‍ഡീസിനായി വില്യംസും വാല്‍ഷും രണ്ട് വിക്കറ്റ് വീതവും കോട്രലും പിയറിയും ഹോള്‍ഡറും ഓരോ വിക്കറ്റും നേടി. 

click me!