ലോകകപ്പിന് മുമ്പ് സഞ്ജു സാംസണിത് അവസാന അവസരം, മിന്നിച്ചേക്കണെ എന്ന് ആരാധകര്‍

Published : Jun 24, 2023, 01:04 PM IST
ലോകകപ്പിന് മുമ്പ് സഞ്ജു സാംസണിത് അവസാന അവസരം, മിന്നിച്ചേക്കണെ എന്ന് ആരാധകര്‍

Synopsis

ഓപ്പണറായി ശുഭ്മാന്‍ ഗില്ലിന് പുറമെ റുതുരാജ് ഗെയ്ക്‌വാദ് കൂടി ടീമിലുള്ളതിനാല്‍ ഇഷാന്‍ കിഷന് മധ്യനിരയില്‍ മാത്രമെ സ്ഥാനം ലഭിക്കുകയുള്ളൂ എന്നാണ് സൂചന. ഇഷാനെക്കാള്‍ മധ്യനിരയില്‍ ശോഭിക്കാന്‍ സഞ്ജുവിന് കഴിയുമെന്നതാണ് അനുകൂല ഘടകമായി ഉള്ളത്. കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തില്‍ ഫിനിഷറായി സഞ്ജു ശോഭിക്കുകയും ചെയ്തിരുന്നു.

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം ലഭിച്ചതിലൂടെ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള നിര്‍ണായക ചവിട്ടുപടിയിലാണ് മലയാളി താരം സഞ്ജു സാംസണ്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ സഞ്ജുവിന് എത്ര മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്ന് കണ്ടറിയേണ്ടതാണ്. കാരണം, സഞ്ജുവിന് പുറമെ ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇന്ത്യന്‍ ടീമിലുണ്ട്. മാത്രമല്ല, മധ്യനിരയില്‍ അവസരം ലഭിക്കണമെങ്കില്‍ സൂര്യകുമാര്‍ യാദവിന്‍റെ വെല്ലുവിളിയും സഞ്ജുവിന് മുന്നിലുണ്ട്.

ഓപ്പണറായി ശുഭ്മാന്‍ ഗില്ലിന് പുറമെ റുതുരാജ് ഗെയ്ക്‌വാദ് കൂടി ടീമിലുള്ളതിനാല്‍ ഇഷാന്‍ കിഷന് മധ്യനിരയില്‍ മാത്രമെ സ്ഥാനം ലഭിക്കുകയുള്ളൂ എന്നാണ് സൂചന. ഇഷാനെക്കാള്‍ മധ്യനിരയില്‍ ശോഭിക്കാന്‍ സഞ്ജുവിന് കഴിയുമെന്നതാണ് അനുകൂല ഘടകമായി ഉള്ളത്. കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തില്‍ ഫിനിഷറായി സഞ്ജു ശോഭിക്കുകയും ചെയ്തിരുന്നു.

ഗില്ലും റുതുരാജും ടീമിലുള്ളതിനാല്‍ വിരാട് കോലിക്കുശേഷം ഇഷാന്‍ കിഷനെ നാലാം നമ്പറില്‍ മാത്രമെ കളിപ്പിക്കാന്‍ ഇടയുള്ളു. ടി20 ഫോം ഏകദിനങ്ങളില്‍ ആവര്‍ത്തിക്കാനായിട്ടില്ലെങ്കിലും സൂര്യകുമാര്‍ യാദവും നാലാം നമ്പറിലേക്ക് പരിഗണിക്കുന്ന താരമാണ്. എന്നാല്‍ അഞ്ചാം നമ്പറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിംഗിന് ഇറങ്ങിയാല്‍ ആറാം നമ്പറില്‍ ഫിനിഷറായി സഞ്ജുവിനെ കളിപ്പിക്കാനാവും. ഇത് സഞ്ജുവിന് അനുകൂലമാണ്. ഇഷാന്‍ കിഷനാകട്ടെ ഓപ്പണറെന്ന നിലയില്‍ തിളങ്ങിയിട്ടുണ്ടെങ്കിലും ഫിനിഷറായി ഇറങ്ങിയിട്ടില്ല.

'മറ്റുചിലരുടെ കഴിവുകേട് മറയ്ക്കാന്‍ പൂജാരയെ ബലിയാടാക്കി'; കോലിക്കും രോഹിത്തിനുമെതിരെ ഒളിയമ്പെയ്ത് ഗവാസ്കര്‍

ഏഷ്യാ കപ്പിന് മുമ്പ് കെ എല്‍ രാഹുല്‍ പരിക്ക് മാറി തിരിച്ചെത്തിയാല്‍ ഏഷ്യാ കപ്പിലും ലോകകപ്പ് ടീമിലും വിക്കറ്റ് കീപ്പറായി രാഹുല്‍ സ്ഥാനം ഉറപ്പിച്ചേക്കും. എന്നാലും സ്പെഷലിസ്റ്റ് കീപ്പറായി ഇഷാന്‍ കിഷനോ സഞ്ജു സാംസണോ ടീമിലെത്താന്‍ അവസരമുണ്ട്. പ്രത്യേകിച്ച് റിഷഭ് പന്ത് ലോകകപ്പിന് മുമ്പ് പരിക്ക് ഭേദമായി പൂര്‍ണ കായിക്ഷമത വീണ്ടെടുത്ത് തിരിച്ചെത്തുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍.

ലോകകപ്പിന് ഇനി മൂന്ന് മാസം മാത്രം ബാക്കിയിരിക്കെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ പ്രകടനം സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. സ‌ഞ്ജുവിനെയും സൂര്യകുമാറിനെയും ബാറ്റിംഗ് നിരയില്‍ ഒരേയസമയം കളിപ്പിച്ചാല്‍ ബാറ്റിംഗ് നിരയിലെ ആദ്യ ആറ് സ്ഥാനങ്ങളിലും ഒരു ഇടം കൈയന്‍ ബാറ്റര്‍ പോലും ഇല്ലാത്ത സാഹചര്യം ഉണ്ടാകും. ഇത് മറികടക്കാന്‍ ഇഷാന്‍ കിഷന് അവസരം നല്‍കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചാല്‍ സഞ്ജുവിന് തിരിച്ചടിയാകും. എന്തായാലും വിന്‍ഡീസ് പരമ്പര ഏകദിന ലോകകപ്പ് ടീമിലെത്താനുള്ള സഞ്ജുവിന്‍റെ അവസാന അവസരമാകാനാണ് സാധ്യത. വിന്‍ഡീസ് പര്യടനത്തില്‍ തിളങ്ങിയാല്‍ ഏഷ്യാ കപ്പ് ടീമിലും സഞ്ജുവിന് ഇടം ലഭിച്ചേക്കും. മറുവശത്ത് ബംഗ്ലാദേശിനെതിരായ ഡബിള്‍ സെഞ്ചുറി ഒഴിച്ചു നിര്‍ത്തിയാല്‍ വലിയ ഇന്നിംഗ്സുകളൊന്നുമില്ലാത്ത ഇഷാന്‍ കിഷനും വിന്‍ഡീസ് പര്യടനം നിര്‍ണായകമാണ്.

ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ , ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ്. സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒരാള്‍ക്ക് പോലും ഫിഫ്റ്റി ഇല്ല; എന്നിട്ടും ഇന്ത്യക്കെതിരെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ന്യൂസിലന്‍ഡ്
'ഒറ്റ തീരുമാനം മതി, ഇന്ത്യയിലെ ലോകകപ്പ് തന്നെ സ്തംഭിപ്പിക്കാൻ പാകിസ്ഥാന് കഴിയും'; പാകിസ്ഥാനും ലോകകപ്പ് ബഹിഷ്കരിക്കണമെന്ന് മുൻ താരം