കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂര്‍ ടൈറ്റന്‍സ്; ബാറ്റിംഗ് കരുത്തായി ഷോണ്‍ റോജറും അഹമ്മദ് ഇമ്രാനും

Published : Aug 13, 2026, 07:20 PM IST
Thrissur Titans

Synopsis

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂർ ടൈറ്റൻസ് ഒരുങ്ങുന്നു. അഹമ്മദ് ഇമ്രാനും ഷോൺ റോജറും നയിക്കുന്ന ശക്തമായ ബാറ്റിംഗ് നിരയും മാനവ് കൃഷ്ണ അടങ്ങുന്ന യുവനിരയുമാണ് ടീമിന്റെ പ്രധാന കരുത്ത്. ഓൾറൗണ്ടർ എം എസ് അഖിലാണ് ഇത്തവണ ടീമിനെ നയിക്കുന്നത്.

തൃശൂര്‍: കെസിഎല്‍ മൂന്നാം സീസണ്‍ അടുത്തെത്തി നില്‍ക്കെ, കന്നിക്കിരീടം ലക്ഷ്യമിട്ടുള്ള തയ്യാറെടുപ്പിലാണ് തൃശൂര്‍ ടൈറ്റന്‍സ്. കഴിഞ്ഞ രണ്ട് സീസണുകളിലും സെമിയില്‍ തോല്‍വി വഴങ്ങിയ ടൈറ്റന്‍സ് ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച യുവനിരയുമായാണ് ഇത്തവണ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ഓള്‍റൗണ്ടര്‍ എം എസ് അഖിലാണ് ഇത്തവണ ടീമിന്റെ ക്യാപ്റ്റന്‍. അഹമ്മദ് ഇമ്രാനും ഷോണ്‍ റോജറും നേതൃത്വം നല്‍കുന്ന ബാറ്റിങ് നിരയാണ് ഇത്തവണ തൃശൂര്‍ ടൈറ്റന്‍സിന്റെ ഏറ്റവും വലിയ കരുത്ത്.

ഏത് ബൗളിങ് നിരയെയും നിലംപരിശാക്കി തകര്‍പ്പന്‍ തുടക്കം നല്‍കാന്‍ കഴിയുന്ന താരമാണ് അഹമ്മദ് ഇമ്രാന്‍. കഴിഞ്ഞ സീസണില്‍ റണ്‍വേട്ടയില്‍ രണ്ടാമതെത്തിയ അഹമ്മദ് ഇമ്രാന്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറിയുമടക്കം 437 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്. ഇമ്രാന് പുറമെ മികച്ച പ്രകടനം കാഴ്ചവച്ച ഷോണ്‍ റോജറായിരുന്നു കഴിഞ്ഞ സീസണില്‍ ടൈറ്റന്‍സിനായി യുവനിരയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഇത്തവണ ഒന്നിനൊന്ന് മികച്ച ഒട്ടേറെ യുവതാരങ്ങള്‍ ടൈറ്റന്‍സിനൊപ്പമുണ്ട്. ഇന്ത്യന്‍ അണ്ടര്‍-19 ടീമംഗം മാനവ് കൃഷ്ണയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയന്‍.

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യന്‍ അണ്ടര്‍-19 ടീമിന് വേണ്ടി സെഞ്ച്വറി നേടിയ മാനവ് കഴിഞ്ഞ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ രണ്ട് സെഞ്ച്വറിയടക്കം 590 റണ്‍സായിരുന്നു നേടിയത്. സംസ്ഥാന അണ്ടര്‍-19 ടീമില്‍ മാനവിനൊപ്പം ഉണ്ടായിരുന്ന കെ.ആര്‍. രോഹിത്, അമയ് മനോജ്, മൊഹമ്മദ് ഇനാന്‍ തുടങ്ങിയവരും ഇത്തവണ ടൈറ്റന്‍സിനൊപ്പമുണ്ട്. ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ രോഹിത് കഴിഞ്ഞ സീസണില്‍ തന്നെ തൃശൂരിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. ഇത്തവണ രോഹിതാകും അഹമ്മദ് ഇമ്രാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കുക.

മധ്യനിരയില്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്താന്‍ കെല്‍പ്പുള്ള എ.കെ. അര്‍ജുന്‍, സഞ്ജീവ് സതീശന്‍, നിഖില്‍ തോട്ടത്ത് എന്നീ താരങ്ങളുടെ സാന്നിധ്യം ടൈറ്റന്‍സിന്റെ ബാറ്റിങ് നിരയ്ക്ക് കൂടുതല്‍ കരുത്ത് പകരും. മികച്ച ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യമാണ് തൃശൂരിന്റെ മറ്റൊരു സവിശേഷത. പരിചയസമ്പന്നനായ എം.എസ്. അഖിലാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയന്‍. ആദ്യ സീസണിലെ ഏറ്റവും വിലയേറിയ താരമായ അഖിലിനെ 3.80 ലക്ഷത്തിനാണ് ടൈറ്റന്‍സ് ഇത്തവണ ടീമിലെത്തിച്ചത്. എസ്.എസ്. ഷാരോണ്‍, പ്രസൂണ്‍ പ്രസാദ്, അബ്ദുള്‍ റമീസ് തുടങ്ങിയ ഓള്‍റൗണ്ടര്‍മാരുടെ നീണ്ടൊരു നിര തന്നെ തൃശൂര്‍ ടീമിനൊപ്പമുണ്ട്.

കൃത്യതയും വൈവിധ്യവുമുള്ള ബൗളിങ് ആക്രമണമാണ് ഇത്തവണ തൃശൂരിന്റേത്. ആദിത്യ വിനോദ്, ആനന്ദ് ജോസഫ്, ശരത് ചന്ദ്ര പ്രസാദ്, ആസിഫ് സലാം എന്നിവരടങ്ങുന്ന ശക്തമായ പേസ് ബൗളിങ് ലൈനപ്പാണ് ടൈറ്റന്‍സിന്റേത്. യുവതാരം മുഹമ്മദ് ഇനാനും ബിജു നാരായണനും നയിക്കുന്ന സ്പിന്‍ ബൗളിങ് നിരയും കരുത്തുറ്റതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്റിങ്ങിലും തിളങ്ങുന്ന താരങ്ങളാണ് മുഹമ്മദ് ഇനാനും ബിജു നാരായണനും. അവസാന ഓവറില്‍ ബിജു നാരായണന്‍ കാഴ്ചവെച്ച തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തില്‍ കൊല്ലം സെയിലേഴ്‌സിന് വിജയമൊരുക്കിയത്. അണ്ടര്‍-19 തലത്തില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കാഴ്ചവെച്ച താരമാണ് മുഹമ്മദ് ഇനാനും.

എസ്. സുനില്‍കുമാറാണ് ടീമിന്റെ ഹെഡ് കോച്ച്. കെവിന്‍ ഓസ്‌കാറും ഷാഹിദ് സി.പിയും അസിസ്റ്റന്റ് കോച്ചുമാരായും മണികണ്ഠന്‍ ഫീല്‍ഡിങ് കോച്ചായും മുഹമ്മദ് അഫ്‌സല്‍ ലോജിസ്റ്റിക്‌സ് മാനേജറായും ടീമിനൊപ്പമുണ്ട്. അരുണ്‍ റോയ് (ഫിസിയോ), വൈശാഖ് (ട്രെയിനര്‍), ഷാജി (മീഡിയ മാനേജര്‍) എന്നിവരാണ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍. സജ്ജദ് സൈദ്, അകീല്‍ ഫഹീം, കാമില്‍ ഫഹീം എന്നിവരാണ് ടീം ഉടമകള്‍.

ടീം അംഗങ്ങള്‍: എസ്.എസ് നിഖില്‍ തോട്ടത്ത് (ക്യാപ്റ്റന്‍),ഷോണ്‍ റോജര്‍, അഹമ്മദ് ഇമ്രാന്‍, അര്‍ജുന്‍ എ.കെ, അദിത്യ വിനോദ്, മാനവ് കൃഷ്ണ, മുഹമ്മദ് ഇനാന്‍, ബിജു നാരായണന്‍, അമയ് മനോജ്, ഷാരോണ്‍ , ശരത് ചന്ദ്ര പ്രസാദ്, ആനന്ദ് ജോസഫ്, പ്രസൂണ്‍ പ്രസാദ്, സഞ്ജീവ് സതീശന്‍, നസല്‍ പി, രോഹിത് കെ.ആര്‍, മുഹമ്മദ് ഇര്‍ഷാദ്, അബ്ദുള്‍ റമീസ് പി, എം.എസ്. അഖില്‍, ആസിഫ് സലാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കെസിഎല്‍ ഫാന്‍ ലീഗ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ശനിയാഴ്ച്ച
'ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യന്‍ പേസ് നിരയ്ക്കുണ്ട്'; ചോദ്യങ്ങള്‍ക്ക് മറുപടിയായി മോണെ മോര്‍ക്കല്‍