
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ മൂന്നാം നമ്പറില്‍ തിലക് വര്‍മയെ അയക്കാനുള്ള കാരണം തുറന്നു പറഞ്ഞ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. തിലക് വര്‍മ മൂന്നാം നമ്പര്‍ സ്ഥാനം തന്നോട് ചോദിച്ചു വാങ്ങിയതാണെന്ന് സൂര്യകുമാര്‍ മത്സരശേഷം പറഞ്ഞു.
മത്സരത്തിന് മുമ്പ് തിലക് എന്‍റെ മുറിയിലെത്തി തന്നെ മൂന്നാം നമ്പറിലിറക്കാമോ എന്ന് ചോദിച്ചിരുന്നു. ഞാനത് സമതിച്ചു. അവനത് ചോദിച്ചു വാങ്ങിയതാണ്. അവിടെ അവന്‍ തിളങ്ങുകയും ചെയ്തു. ഇനിയുള്ള മത്സരങ്ങളിലും തിലക് വര്‍മ മൂന്നാം നമ്പറില്‍ തന്നെ തുടരുമെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോള്‍ താന്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് മത്സരശേഷം തിലക് വര്‍മ പറഞ്ഞു. ഈയൊരു അവസരത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. പരിക്കില്‍ നിന്ന് മുക്തനായശേഷം തിരിച്ചെത്തി സെഞ്ചുറി നേടാനായതില്‍ സന്തോഷമുണ്ട്. മത്സരത്തിനിറങ്ങുമ്പോള്‍ ഞാനും അഭിഷേകും ശരിക്കും സമ്മര്‍ദ്ദത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രകടനം ഞങ്ങള്‍ രണ്ടുപേര്‍ക്കും ഏറെ പ്രധാനപ്പെട്ടതാണ-തിലക് വ്യക്തമാക്കി. സെഞ്ചൂറിയനിലെ പിച്ചില്‍ ബാറ്റിംഗ് എളുപ്പമായിരുന്നില്ലെന്നും തിലക് പറഞ്ഞു.
ഇന്ത്യക്കായി ഒമ്പത് ടി20 മത്സരങ്ങളില്‍ കളിച്ച തിലക് വര്‍മ ആദ്യമായാണ് അമ്പത് റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്നത്. ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന പന്ത്രണ്ടാമത് ബാറ്റര്‍ കൂടിയാണ് തിലക് വര്‍മ. അഭിഷേക് ശര്‍മയാകട്ടെ കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ ആദ്യ അര്‍ധസെഞ്ചുറിയാണ് ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയത്. തിലക് വര്‍മയുടെ സെഞ്ചുറിയുടെയും അഭിഷേക് ശര്‍മയുടെ അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക