പരിക്ക് വിട്ടുമാറിയില്ല, ഇന്ത്യക്ക് തിരിച്ചടി; അഫ്ഗാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ ആകാശ് ദീപും ഹര്‍ഷിത് റാണയും കളിക്കില്ല

Published : May 01, 2026, 10:39 PM IST
Harshit Rana

Synopsis

പരിക്കിൽ നിന്ന് പൂർണമായി മുക്തരാകാത്തതിനാൽ ഇന്ത്യൻ പേസർമാരായ ആകാശ് ദീപും ഹര്‍ഷിത് റാണയും അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് പരമ്പരകളിൽ കളിക്കില്ല. നടുവേദന കാരണം ആകാശ് ദീപും കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഹര്‍ഷിത് റാണയും ചികിത്സയിലാണ്. 

ദില്ലി: ഇന്ത്യന്‍ പേസ് നിരയിലെ കരുത്തരായ ആകാശ് ദീപും ഹര്‍ഷിത് റാണയും വരാനിരിക്കുന്ന അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ കളിക്കില്ലെന്ന് സൂചന. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തരാകാത്തതിനാല്‍ ഇരുവരെയും ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ലാത്തതെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ ഇരുവരും പരിക്കിനെത്തുടര്‍ന്ന് നിലവിലെ ഐപിഎല്‍ സീസണിലും കളിച്ചിരുന്നില്ല. ആകാശ് ദീപ് നടുവേദനയെത്തുടര്‍ന്ന് ചികിത്സയിലാണെങ്കില്‍, ടി20 ലോകകപ്പിന് തൊട്ടുമുമ്പ് കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായതാണ് ഹര്‍ഷിത് റാണ.

ബിസിസിഐ പ്രതിനിധി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞതിങ്ങനെ... 'ആകാശും ഹര്‍ഷിതും പരിക്കില്‍ നിന്ന് മുക്തരായി വരികയാണെങ്കിലും മത്സരങ്ങളില്‍ കളിക്കാനുള്ള ശാരീരികക്ഷമത വീണ്ടെടുക്കാന്‍ ഇനിയും സമയമെടുക്കും. അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ പരമ്പരകള്‍ക്ക് മുമ്പ് അവര്‍ സുഖം പ്രാപിക്കാന്‍ യാതൊരു സാധ്യതയുമില്ല. നിലവില്‍ ബലപ്പെടുത്തല്‍ വ്യായാമങ്ങള്‍ മാത്രമാണ് നടക്കുന്നത്. അതിനുശേഷമേ പ്രോട്ടോക്കോളുകളുടെ ഭാഗമായുള്ള പരിശീലനങ്ങളിലേക്ക് അവര്‍ കടക്കൂ.'' ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ആകാശ് ദീപിനെ പ്രധാനമായും ടെസ്റ്റ് ക്രിക്കറ്റിലേക്കും ഹര്‍ഷിത് റാണയെ പരിമിത ഓവര്‍ ക്രിക്കറ്റിലേക്കുമാണ് ഇന്ത്യ പരിഗണിക്കുന്നത്. 2025ല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ബൗളറായിരുന്നു റാണ. 14 മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റുകളാണ് താരം അന്ന് വീഴ്ത്തിയത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നടന്ന ആന്‍ഡേഴ്‌സണ്‍-ടെണ്ടുല്‍ക്കര്‍ പരമ്പരയില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടാണ് ആകാശ് ദീപ് വരവറിയിച്ചത്. ഹര്‍ഷിതിനേക്കാള്‍ കൂടുതല്‍ സമയം ആകാശ് ദീപിന് തിരിച്ചുവരവിനായി വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഓഗസ്റ്റില്‍ ആരംഭിക്കുന്ന ആഭ്യന്തര സീസണിലെ ദുലീപ് ട്രോഫിയിലൂടെ ഇരുവരും മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ അതുവരെ ഇവര്‍ക്ക് വിശ്രമം തുടരേണ്ടി വരും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മിച്ചല്‍ സ്റ്റാര്‍ക്ക്-വൈഭവ് സൂര്യവന്‍ഷി പോര്! ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്
ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ മങ്ങി; എങ്കിലും ഐസിസി റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത്