
ജൊഹാനസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പിലെ സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ നേപ്പാളിന് 298 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ ഉദയ് ശരണിന്‍റെയും സച്ചിന്‍ ദാസിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സടിച്ചു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ചുറി നേടിയ മുഷീര്‍ ഖാന്‍ ആറാമനായി ക്രീസിലെത്തി ഒമ്പത് റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസിലെ ഭാഗ്യം ബാറ്റിംഗില്‍ തുടക്കത്തില്‍ ഇന്ത്യയെ തുണച്ചില്ല. 18 പന്തില്‍ 21 റണ്‍സെടുത്ത ഓപ്പണര്‍ ആദര്‍ശ് സിംഗിനെ സ്കോര്‍ ബോര്‍ഡില്‍ 26 റണ്‍സെത്തിയപ്പോഴേക്കും ഇന്ത്യക്ക് നഷ്ടമായി. സ്കോര്‍ 50 കടന്നതിന് പിന്നാലെ മറ്റൊരു ഓപ്പണറായ അര്‍ഷിന്‍ കുല്‍ക്കര്‍ണിയും(18) മടങ്ങി. പിന്നാലെ പ്രിയാന്‍ഷു മോളിയ(19) റണ്ണാട്ടാവുകയും ചെയ്തതോടെ ഇന്ത്യ 62-3ലേക്ക് തകര്‍ന്നു.
എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റൻ ഉദയ് ശരണും സച്ചിന്‍ ദാലും ചേര്‍ന്ന് 215 റണ്‍സിന്‍റെ കൂട്ടുകെട്ടിലൂടെ ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ചു. 107 പന്തില്‍ 100 റണ്‍സടിച്ച ഉദയ് ഒമ്പത് ബൗണ്ടറികള്‍ പറത്തിയപ്പോള്‍ 101 പന്തി്ല 116 റണ്‍സടിച്ച സച്ചിന്‍ ദാസ് 11 ബൗണ്ടറികളും മൂന്ന് സിക്സും പറത്തി.
93 പന്തിലാണ് സച്ചിന്‍ ദാസ് സെഞ്ചുറിയിലെത്തിയത്. 48ാം ഓവറില്‍ സച്ചിന്‍ ദാസ് പുറത്തായശേഷം 50-ാം ഓവറിലാണ് ക്യാപ്റ്റൻ ഉദയ് ശരണ്‍ സെഞ്ചുറിയിലെത്തിയത്. 106 പന്തിലായിരുന്നു ഉദയ് ശരണിന്‍റെ സെഞ്ചുറി. തൊട്ടടുത്ത പന്തില്‍ ഉദയ് പുറത്തായി. മുഷീര്‍ ഖാനും(7 പന്തില്‍ 9), അവാനിഷും(0)ഇന്ത്യക്കായി പുറത്താകാതെ നിന്നു. നേപ്പാളിനായി ഗുല്‍സന്‍ ഝാ 56 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. സൂപ്പര്‍ സിക്സിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ കൂറ്റന്‍ ജയം നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക