
ഇന്‍ഡോര്‍: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയക്കെതിരെ 100 പോലും കടക്കാതെ നാണംകെടുമായിരുന്ന ഇന്ത്യയെ 100 കടത്തിയത് വാലറ്റത്ത് ഉമേഷ് യാദവ് നടത്തിയ വെടിക്കെട്ട് ബാറ്റിംഗായിരുന്നു. പിച്ചിലെ ടേണിനും ബൗണ്‍സിനും മുന്നില്‍ മുന്‍നിര ബാറ്റര്‍മാരെല്ലാം മുട്ടുകുത്തിയപ്പോള്‍ 13 പന്തില്‍ 17 റണ്‍സടിച്ച ഉമേഷും 12 റണ്‍സുമായി പുറത്താകാതെ നിന്ന അക്സര്‍ പട്ടേലും ചേര്‍ന്നാണ് ഇന്ത്യയെ 100 കടത്തിയത്.22 റണ്‍സടിച്ച് പുറത്തായ വിരാട് കോലിയാണ് ഇന്ത്യന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍.
രണ്ട് സിക്സും ഒരു ബൗണ്ടറിയും സഹിതമാണ് ഉമേഷ് 17 റണ്‍സടിച്ചത്. ആദ്യം മാത്യു കുനെമാനെയിം പിന്നെ ടോഡ് മര്‍ഫിയെയുമാണ് ഉമേഷ് ബൗണ്ടറിക്ക് പുറത്തേക്ക് പറത്തിയത്. രണ്ടാം സിക്സ് നേടിയതോടെ ടെസ്റ്റില്‍ വിരാട് കോലിയുടെ സിക്സര്‍ നേട്ടത്തിനൊപ്പമെത്താനും ഉമേഷിനായി. ടെസ്റ്റ് ക്രിക്കറ്റില്‍ ഉമേഷ് യാദവിനും വിരാട് കോലിക്കും ഇപ്പോള്‍ 24 സിക്സ് വീതമാണുള്ളത്. ഈ പരമ്പരയിലാണ് ഇന്ത്യയുടെ മറ്റൊരു പേസറായ മുഹമ്മദ് ഷമി വിരാട് കോലിയുടെ സിക്സര്‍ റെക്കോര്‍ഡ് മറികടന്നത്. ഇപ്പോഴിതാ ഉമേഷും കോലിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുന്നു.
ഓസീസിനെ വട്ടം കറക്കി വീണ്ടും ജഡേജ,അപൂര്‍വ റെക്കോര്‍ഡില്‍ ഇനി ഇതിഹാസങ്ങള്‍ക്കൊപ്പം
ഇന്ന് രണ്ട് സിക്സ് പായിച്ചതോടെ മുന്‍ ഇന്ത്യന്‍ പരിശീലനായ രവി ശാസ്ത്രിയുടെ സിക്സര്‍ റെക്കോര്‍ഡും ഉമേഷ് മറികടന്നു.22 സിക്സുകളാണ് രവി ശാസ്ത്രി ടെസ്റ്റില്‍ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ സിക്സടിയില്‍ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ പതിനേഴാമതാണിപ്പോള്‍ ഉമേഷ്. മുഹമ്മദ് ഷമിക്ക് പകരമാണ് ഉമേഷ് ഇന്‍ഡോര്‍ ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനിലെത്തിയത്. കഴിഞ്ഞ ദിവസം പിതാവിന്‍റെ മരണത്തെത്തുടര്‍ന്ന് ഉമേഷ് ടീമില്‍ നിന്ന് അവധിയെടുത്തിരുന്നു.
വീരേന്ദര്‍ സെവാഗാണ് ടെസ്റ്റിലെ സിക്സറടിയില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമത്.91 സിക്സുകളാണ് സെവാഗ് അടിച്ചു കൂട്ടിയത്. 78 സിക്സുകളുമായി എം എസ് ധോണി രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ 69 സിക്സ് പറത്തിയ സച്ചിന്‍ മൂന്നാമതും 68 സിക്സ് അടിച്ചിട്ടുള്ള രോഹിത് ശര്‍മ നാലാമതും 61 സിക്സുകളുമായി കപില്‍ ദേവ് അഞ്ചാമതുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!