
മുംബൈ: രഞ്ജി ട്രോഫി സീസണ് ഇന്ന് തുടക്കമായപ്പോള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ആരാധകരെ നിരാശപ്പെടുത്തി കൗമാരതാരം വൈഭവ് സൂര്യവന്‍ഷി. പ്ലേറ്റ് ലീഗ് മത്സരത്തില്‍ അരുണാചല്‍ പ്രദേശിനെതിരെ ബാറ്റിംഗിനിറങ്ങിയ വൈഭവ് അഞ്ച് പന്തില്‍ 14 റണ്‍സ് മാത്രമെടുത്ത് പുറത്തായി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അരുണാചല്‍പ്രദേശിനെ ബിഹാര്‍ 32.3 ഓവറില്‍105 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ സാക്കിബ് ഹുസൈനാണ് അരുണാചലിനെ എറിഞ്ഞിട്ടത്. 24 റണ്‍സെടുത്ത സിദ്ധാര്‍ത്ഥ് ബലോദിയാണ് അരുണാചലിന്‍റെ ടോപ് സ്കോറര്‍.
മറുപടി ബാറ്റിംഗില്‍ ബിഹാറിനായി ആര്‍നവ് കിഷോറിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത വൈഭവ് തകര്‍ത്തടിച്ചാണ് തുടങ്ങിയത്. അഞ്ച് പന്തില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തി 14 റണ്‍സെടുത്ത വൈഭവ് നേരിട്ട അഞ്ചാം പന്തില്‍ ബൗള്‍ഡായി പുറത്തായി. ബിഹാറിനായി ആയുഷ് ലൊഹാറുക സെഞ്ചുറി നേടിയപ്പോള്‍ ആര്‍ണവ് കിഷോര്‍ അര്‍ധസെഞ്ചുറി നേടി. ആദ്യദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അരുണാചലിനെതിരെ ബിഹാര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെന്ന ശക്തമായ നിലയിലാണ്.
ഉത്തരാഖണ്ഡിനെതിരെ ബംഗാളിനായി ഇറങ്ങിയ മുഹമ്മദ് ഷമി ആദ്യ ദിനം ന്യൂബോളില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്നിംഗ്സിനൊടുവില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഷമി ഫോമിലേക്ക് തിരിച്ചെത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് ഉത്തരാഖണ്ഡ് ആദ്യ ദിനം 213 റൺസിന് ഓള്‍ ഔട്ടായപ്പോള്‍ ഉത്തരാഖണ്ഡിന്‍റെ അവസാന മൂന്നു വിക്കറ്റുകളും പിഴുതത് ഷമിയായിരുന്നു. നേരത്തെ ആദ്യ 13 ഓവറില്‍ ഷമിക്ക് ഒരു വിക്കറ്റ് പോലും നേടാനായിരുന്നില്ല. 71 റണ്‍സെടുത്ത ഭൂപെന്‍ ലവാനിയാണ് ജാര്‍ഖണ്ഡിന്‍റെ ടോപ് സ്കോറര്‍. 16 ഓവര്‍ പന്തെറിഞ്ഞ ഇന്ത്യൻ പേസര്‍ ആകാശ് ദീപ് വിക്കറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ നാലു വിക്കറ്റെടുത്ത സുരാജ് സിന്ധു ജയ്സ്വാളും മൂന്ന് വിക്കറ്റെടുത്ത ഇഷാന്‍ പോറെലും ബംഗാളിനായി തിളങ്ങി.
സൗരാഷ്ട്രക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന കര്‍ണാടകക്കായി മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 96 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഇന്ത്യൻ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ മറ്റൊരു മലയാളി താരം കരുണ്‍ നായര്‍ 73 റണ്‍സെടുത്ത് ഫോമിലേക്ക് തിരിച്ചെത്തി. സൗരാഷ്ട്രക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കര്‍ണാടക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെന്ന നിലയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക