'എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ കഴിയും'; ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവംശി

Published : Jun 07, 2026, 04:19 PM IST
Vaibhav Suryavanshi

Synopsis

ടി20യിലെ പ്രകടനത്തിന്റെ പേരിൽ തന്നെ ഒരു ലിമിറ്റഡ് ഓവർ സ്പെഷ്യലിസ്റ്റായി കാണരുതെന്ന് ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശി. ടെസ്റ്റ് ഉൾപ്പെടെ മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി കളിക്കുകയാണ് തന്റെ സ്വപ്നമെന്നും, സാഹചര്യങ്ങൾക്കനുസരിച്ച് ബാറ്റിംഗ് ശൈലി മാറ്റാൻ തനിക്ക് കഴിയുമെന്നും താരം വ്യക്തമാക്കി.

മുംബൈ: താനൊരു ലിമിറ്റഡ് ഓവര്‍ സ്‌പെഷ്യലിസ്റ്റ് മാത്രമാണെന്ന വിലയിരുത്തലുകളെ തള്ളിക്കളഞ്ഞ് ഇന്ത്യയുടെ കൗമാരവിസ്മയം വൈഭവ് സൂര്യവംശി. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള തന്റെ ആഗ്രഹവും അതിനായുള്ള തയ്യാറെടുപ്പുകളും താരം വ്യക്തമാക്കി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ഈ 15കാരന് വിളിയെത്തിയിരുന്നു. പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജര്‍ റോമി ഭിന്ദറുമായി സംസാരിക്കവെയാണ് റെഡ് ബോള്‍ ക്രിക്കറ്റിനോടുള്ള തന്റെ താല്‍പ്പര്യം സൂര്യവംശി പങ്കുവെച്ചത്.

ടി20യിലെ ശൈലി കണ്ട് താനൊരു റെഡ് ബോള്‍ പ്ലെയര്‍ അല്ലെന്ന് കരുതരുതെന്ന് സൂര്യവംശി പറഞ്ഞു. ''ഞാന്‍ റെഡ് ബോളില്‍ ധാരാളം പരിശീലനം നടത്താറുണ്ട്, ഇപ്പോഴും അത് തുടരുന്നു. എന്റെ സംസ്ഥാനത്തിന് വേണ്ടിയും ഞാന്‍ റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഓരോ ഫോര്‍മാറ്റിന്റെയും സാഹചര്യം അനുസരിച്ച് ബാറ്റിംഗ് ശൈലി മാറ്റാന്‍ എനിക്ക് സാധിക്കും. ടെസ്റ്റിലായാലും ഏകദിനത്തിലായാലും ആ ഫോര്‍മാറ്റ് ആവശ്യപ്പെടുന്നത് പോലെ കളിക്കാനാണ് ഞാന്‍ ശ്രമിക്കുക. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുക എന്നതാണ് എന്റെ സ്വപ്നം.'' താരം വ്യക്തമാക്കി.

ടി20-യിലെ പ്രകടനം കൊണ്ടാണ് സൂര്യവംശി ശ്രദ്ധിക്കപ്പെട്ടതെങ്കിലും റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇതിനോടകം തന്നെ താരം വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്: 2023-24 സീസണില്‍ കേവലം 12-ാം വയസ്സില്‍ ബിഹാറിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു. 2024-ല്‍ ഓസ്‌ട്രേലിയ അണ്ടര്‍-19 ടീമിനെതിരെ 58 പന്തില്‍ സെഞ്ച്വറി നേടി. യൂത്ത് ടെസ്റ്റ് ചരിത്രത്തിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്. 2025-ല്‍ ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയക്കെതിരെ വീണ്ടും സെഞ്ച്വറി (86 പന്തില്‍ 113) നേടി. 15 വയസ്സിന് മുമ്പ് രണ്ട് യൂത്ത് ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന ലോകത്തിലെ ആദ്യ താരമായി സൂര്യവംശി മാറി.

പ്രമുഖരുടെ പിന്തുണ

വൈഭവിനെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൂടി പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളായ ആര്‍ അശ്വിന്‍, ചേതേശ്വര്‍ പൂജാര, ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വെളുത്ത പന്തിലെ ബാറ്റിംഗ് കരുത്തിനപ്പുറം ദീര്‍ഘനേരം ക്രീസില്‍ നില്‍ക്കാനുള്ള കഴിവും സാങ്കേതിക തികവും സൂര്യവംശിക്കുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഞാനിത് നേരത്തെ പറഞ്ഞതാണ്', ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ക്യാപ്റ്റനാക്കിയതിനോട് പ്രതികരിച്ച് റിക്കി പോണ്ടിംഗ്
ഡോൺ ബ്രാഡ്‌മാന് തൊട്ടുപിന്നിൽ, അഫ്ഗാനെതിരെ സെഞ്ചുറിയുമായി ചരിത്ര റെക്കോർഡ് സ്വന്തമാക്കി ശുഭ്മാൻ ഗിൽ