'ബൗളര്‍ ആരെന്ന് ശ്രദ്ധിക്കാറില്ല'; തന്റെ വിജയത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി വൈഭവ് സൂര്യവന്‍ഷി

Published : Apr 11, 2026, 01:30 PM IST
Vaibhav Suryavanshi

Synopsis

15-കാരനായ വൈഭവ് സൂര്യവന്‍ഷി തന്റെ വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുന്നു. ബൗളര്‍ ആരെന്ന് നോക്കാതെ പന്തില്‍ മാത്രം ശ്രദ്ധിക്കുന്നതാണ് തന്റെ ശൈലിയെന്ന് താരം പറയുന്നു.

ബെംഗളൂരു: പ്രശസ്തി വര്‍ധിക്കുമ്പോഴും തന്റെ ശൈലി ലളിതമായി നിലനിര്‍ത്തുകയാണ് 15കാരനായ വൈഭവ് സൂര്യവന്‍ഷി. ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരെ നേരിടുമ്പോഴും സൂര്യവന്‍ഷിയുടെ മന്ത്രം ഒന്ന് മാത്രം. 'ബൗളറെ നോക്കണ്ട, പന്തിനെ മാത്രം ശ്രദ്ധിക്കുക.' ഐപിഎല്ലില്‍ ഇതുവരെ ഈ മന്ത്രം വിജയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ജസ്പ്രിത് ബുംറയായിരുന്നു എതിരാളിയെങ്കില്‍ വെള്ളിയാഴ്ച രാത്രി അത് ജോഷ് ഹേസല്‍വുഡ് ആയിരുന്നു. സാഹചര്യങ്ങള്‍ മാറി, വെല്ലുവിളികള്‍ മാറി, പക്ഷേ വൈഭവ് നല്‍കിയ മറുപടിക്ക് മാറ്റമില്ലായിരുന്നു.

വര്‍ഷങ്ങളുടെ അന്താരാഷ്ട്ര പരിചയസമ്പത്തുള്ള ബൗളര്‍മാര്‍ പോലും ഈ കൗമാരക്കാരന് മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ വെറും 26 പന്തില്‍ 78 റണ്‍സ് അടിച്ചുകൂട്ടിയ സൂര്യവന്‍ഷി രാജസ്ഥാന്‍ റോയല്‍സിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. 201 റണ്‍സ് എന്ന ലക്ഷ്യം രണ്ട് ഓവര്‍ ബാക്കിനില്‍ക്കെയാണ് രാജസ്ഥാന്‍ മറികടന്നത്. ഇന്നിംഗ്‌സിന്റെ വേഗതയേക്കാള്‍ ഉപരി, ആ ബാറ്റിംഗിലെ നിയന്ത്രണമാണ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്.

മത്സരത്തിന് ശേഷം സൂര്യവന്‍ഷി പറഞ്ഞതിങ്ങനെ... ''ഞാന്‍ പരിശീലിക്കുന്നത് മൈതാനത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. സ്വാഭാവികമായ കളി ശൈലിയില്‍ വിശ്വസിക്കുന്നു. മനസ്സിന്റെ ഒരു കോണില്‍ ബൗളര്‍ ആരാണെന്ന ബോധ്യമുണ്ടാകും, പക്ഷേ ഞാന്‍ പന്തിനെ നോക്കിയാണ് കളിക്കുന്നത്.'' സൂര്യവന്‍ഷി പറഞ്ഞു. സൂര്യവന്‍ഷിയെ പിടിച്ചുകെട്ടാന്‍ ഹേസല്‍വുഡ് സാധ്യമായ വഴികളെല്ലാം പയറ്റി നോക്കിയിരുന്നു. തോളറ്റം വരുന്ന പന്തുകളിലൂടെ ശരീരത്തിലേക്ക് ലക്ഷ്യം എറിഞ്ഞെങ്കിലും, രക്ഷയുണ്ടായിരുന്നില്ല. തൊട്ടടുത്ത പന്ത് മിഡ്-ഓണിന് മുകളിലൂടെ പറത്തിയ താരം, പിന്നീട് ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്ത് സ്‌ക്വയര്‍ ലെഗിലേക്ക് സിക്‌സര്‍ തൂക്കി.

ഇത് ഒരു യാദൃശ്ചിക പ്രകടനം മാത്രമല്ല. ഈ സീസണിന്റെ തുടക്കത്തില്‍ ലോകത്തെ മികച്ച ടി20 ബൗളറായ ജസ്പ്രീത് ബുംറയെയും സൂര്യവന്‍ഷി ഇതേ ആത്മവിശ്വാസത്തോടെ നേരിട്ടിരുന്നു. തന്റെ 78 റണ്‍സില്‍ 74ഉം പിറന്നത് ബൗണ്ടറികളിലൂടെയാണ് (എട്ട് ഫോറുകളും ഏഴ് സിക്‌സറുകളും). ഇതിനായി താരം എടുത്തത് വെറും 15 പന്തുകള്‍ മാത്രം. വെറുമൊരു വെടിക്കെട്ട് എന്നതിലുപരി, കൃത്യമായ ടൈമിംഗും ശുദ്ധമായ ഹിറ്റിംഗുമായിരുന്നു അത്. തന്റെ വളര്‍ച്ചയില്‍ പിതാവ് സഞ്ജീവിനും രാജസ്ഥാന്‍ റോയല്‍സ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗം റോമി ഭിന്ദറിനും വലിയ പങ്കുണ്ടെന്ന് വൈഭവ് പറയുന്നു. കരിയര്‍ ഇനിയും ഒരുപാട് ദൂരമുണ്ടെന്നും കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവര്‍ തന്നെ ഓര്‍മ്മിപ്പിക്കാറുണ്ടെന്ന് താരം പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജു ഇറങ്ങുന്നു, ആദ്യജയം കൊതിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ
കളിച്ചത് 4 മത്സരം, അടിച്ചത് 18 വീതം സിക്സും ഫോറും, 266.67 സ്ട്രൈക്ക് റേറ്റ്, ഒടുവില്‍ ഓറഞ്ച് ക്യാപും തൂക്കി വൈഭവ് സൂര്യവംശി