Vijay  Hazare : തകര്‍പ്പന്‍ ഇന്നിംഗ്‌സുമായി സച്ചിന്‍ ബേബി; ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് അഞ്ച് വിക്കറ്റ് ജയം

Published : Dec 14, 2021, 04:05 PM ISTUpdated : Dec 14, 2021, 04:14 PM IST
Vijay  Hazare : തകര്‍പ്പന്‍ ഇന്നിംഗ്‌സുമായി സച്ചിന്‍ ബേബി; ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് അഞ്ച് വിക്കറ്റ് ജയം

Synopsis

രാജ്‌കോട്ടില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഉത്തരാഖണ്ഡ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 35.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ (Vijay Hazare) ഉത്തരാഖണ്ഡിനെതിരെ (Uttarakhand)  കേരളത്തിന് അഞ്ച് വിക്കറ്റ് ജയം. സച്ചിന്‍ ബേബി (Sachin Baby) പുറത്താവാതെ നേടിയ 83 റണ്‍സാണ് കേരളത്തിന് ജയം സമ്മാനിച്ചത്. രാജ്‌കോട്ടില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഉത്തരാഖണ്ഡ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 35.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ കേരളത്തിന് 16 പോയിന്റായി. നോക്കൗട്ട് റൗണ്ട് ഏറെക്കുറേ ഉറപ്പിച്ചിരിക്കുകയാണ് കേരളം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന  മഹാരാഷ്ട്രയുടേയും മധ്യ പ്രദേശിന്‍റെയും മത്സരങ്ങള്‍ കഴിഞ്ഞാല്‍‌ ചിത്രം വ്യക്തമാവും. 

225 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് മൂന്ന് വിക്കറ്റുകള്‍ കൃത്യമായി ഇടവേളകളില്‍ നഷ്ടമായി. നന്നായി തുടങ്ങിയ ശേഷം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (33) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. സഞ്ജുവിന് പുറമെ മുഹമ്മദ് അസറുദ്ദീന്‍ (10), രോഹന്‍ കുന്നുമ്മല്‍ (26) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രണ്ട് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തോടെ തുടങ്ങിയ അസറുദ്ദീനില്‍ നിന്ന് വലിയ ഇന്നിംഗ്‌സ് പ്രതീക്ഷിച്ചിരുന്നു. 

എന്നാല്‍ മധ്വാളിന്റെ പന്തില്‍ താരം ബൗള്‍ഡായി. 14-ാം ഓവറില്‍ സഞ്ജുവും മടങ്ങി. ദിക്ഷന്‍ശു നേഗിയുടെ പന്തില്‍ റോബിന്‍ ബിസ്റ്റിന് ക്യാച്ച് നല്‍കുകയായിരുന്നു സഞ്ജു. രോഹന്‍ ദീപേഷ് നെയ്ല്‍വാളിന്റെ പന്തില്‍ ബൗള്‍ഡായി. സഞ്ജു- രോഹന്‍ സഖ്യം 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹന് ശേഷം വന്ന വിഷ്ണു വിനോദ് (34) വേഗത്തില്‍ റണ്‍സ് കണ്ടെത്തി. എന്നാല്‍ ഹിമാന്‍ഷു ബിഷ്ടിന്റെ പന്തില്‍ താരം ബൗള്‍ഡായി. സച്ചിനൊപ്പം 71 റണ്‍സാണ് വിഷ്ണു കൂട്ടിച്ചേര്‍ത്തത്. 

തുടര്‍ന്നെത്തിയ വിനൂപ് ഷീല മനോഹരനും (28) സച്ചിന് പിന്തുണ നല്‍കി. വിനൂപ് വീണെങ്കിലും സിജോമോന്‍ ജോസഫിനെ കൂട്ടുപിടിച്ച് സച്ചിന്‍ വിജയം പൂര്‍ത്തിയാക്കി. 71 പന്തില്‍ രണ്ട് സിക്‌സും ഏവ് ഫോറും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിംഗ്‌സ്. ദീപേഷ് നെയല്‍വാള്‍ ഉത്തരാഖണ്ഡിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഉത്തരാഖണ്ഡിന് ക്യാപ്റ്റന്‍ ജയ് ബിസ്ത (93) ഇന്നിംഗ്‌സാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ദിക്ഷന്‍ശു നേഗി (52) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒമ്പത് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. നിതീഷ് എം ഡി മൂന്നും ബേസില്‍ തമ്പി രണ്ട് വിക്കറ്റും നേടി. രണ്ടാം ഓവറില്‍ തന്നെ കേരളം ആദ്യ വിക്കറ്റ് വീഴ്ത്തി. നീതീഷിന്റെ പന്തില്‍ തനുഷ് ഗുസൈന്‍ (1) വിഷ്ണു വിനോദിന് ക്യാച്ച് നല്‍കി. പിന്നാലെയെത്തിയ വൈഭവ ഭട്ട് (10) റണ്ണൗട്ടായി. റോബിന്‍ ബിസ്റ്റിനും  (5) ഇതുതന്നെയാണ് സംഭവിച്ചത്. സ്വപ്‌നില്‍ സിംഗിനെ സക്‌സേന ബൗള്‍ഡാക്കിയപ്പോള്‍ ഉത്തരാഖണ്ഡ് നാലിന് 65 എന്ന നിലയിലേക്ക് വീണു. 

പിന്നാലെ ഒത്തുച്ചേര്‍ന്ന  ബിസ്ത- നേഗി സഖ്യം ഇതുവരെ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ക്യാപ്റ്റനെ പുറത്താക്കി വിനൂപ് ഷീല മനോഹരന്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. നേഗിയെ ബേസില്‍ തമ്പി ബൗള്‍ഡാക്കിയതോടെ ഉത്തരാഖണ്ഡ് വീണ്ടും പ്രതിരോധത്തിലായി. പിന്നീടെത്തിയവരില്‍ ഹിമാന്‍ഷു ബിഷ്ട് (29), ദീപേഷ് എസ് നെയ്ല്‍വാള്‍ (20) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. 

കേരളം: സഞ്ജു സാംസണ്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, നിതീഷ് എം ഡി, വിനൂപ് ഷീല മനോഹരന്‍, രോഹന്‍ കുന്നുമ്മല്‍, സിജോമോന്‍ ജോസഫ്, വിശ്വേശ്വര്‍ സുരേഷ്. 

ഉത്തരാഖണ്ഡ്: വൈഭവ് ഭട്ട്, ഹിമാന്‍ഷു ബിഷ്ട്, എ മധ്വാള്‍, നേഗി, മുഹമ്മദ് നസീം, ദീപേഷ് എസ് നൈല്‍വാള്‍, റോബിന്‍ ബിസ്റ്റ്, സ്വപ്‌നില്‍ സിംഗ്, ജയ് ബിസ്ത, തനുഷ് ഗുസൈന്‍, അഗ്രിം തിവാരി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോകകപ്പ് ഹീറോയെ എന്തിന് വെട്ടി, ഉത്തരം നൽകാതെ സെലക്ടർമാർ; സഞ്ജുവിന് വിശ്രമം നൽകിയതെന്ന് അനൗദ്യോഗിക വിശദീകരണം, ചോദ്യങ്ങൾ ഉയരുന്നു
വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്