Vijay Hazare Trophy : സഞ്ജു സാംസണും പുറത്ത്; മഹാരാഷ്‌ട്രക്കെതിരെ കേരളം വിയര്‍ക്കുന്നു

By Web TeamFirst Published Dec 11, 2021, 3:40 PM IST
Highlights

രണ്ടാം ഓവറിലെ ആദ്യ പന്തില്‍ രാഹുല്‍ ത്രിപാഠിയുടെ ത്രോയില്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ റണ്ണൗട്ടായതില്‍ തുടങ്ങി നിര്‍ഭാഗ്യം

രാജ്‌കോട്ട്: വിജയ് ഹസാരേ ഏകദിന ക്രിക്കറ്റ് ട്രോഫിയിൽ (Vijay Hazare Trophy 2021-22)  മഹാരാഷ്‌ട്രക്കെതിരെ 292 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന്  (Kerala vs Maharashtra) ബാറ്റിംഗ് തകര്‍ച്ച. 31 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റിന് 159 റണ്‍സെന്ന നിലയിലാണ് കേരളം. 35 റണ്‍സുമായി വിഷ്‌ണു വിനോദും (Vishnu Vinod), 11 റണ്‍സെടുത്ത് സിജോമോന്‍ ജോസഫുമാണ് (Sijomon Joseph) ക്രീസില്‍. 

സഞ്ജുവിന്‍റെ പൊരുതലും ഏറ്റില്ല

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ കേരളത്തിന് പിഴച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ രാഹുല്‍ ത്രിപാഠിയുടെ ത്രോയില്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍(2) റണ്ണൗട്ടായതില്‍ തുടങ്ങി നിര്‍ഭാഗ്യം. പിന്നാലെ അഞ്ച് റണ്‍സുമായി രോഹന്‍ കുന്നുമ്മലും മടങ്ങി. സച്ചിന്‍ ബേബിക്ക് അക്കൗണ്ട് തുറക്കാനായില്ല. വത്‌സലിന്‍റെ പോരാട്ടം 18ല്‍ റണ്‍സില്‍ അവസാനിച്ചു. ക്യാപ്റ്റന്‍ സഞ്ജു സാംസണിനൊപ്പം ജലജ് സക്‌സേന രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല. സഞ്ജു 35 പന്തില്‍ 42 റണ്‍സുമായും സക്‌സേന 54 പന്തില്‍ 44 റണ്‍സെടുത്തും വീണതോടെ മഹാരാഷ്‌ട്ര കൂടുതല്‍ പിടിമുറുക്കി. 

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മഹാരാഷ്‌ട്ര ഗെയ്‌ക്‌വാദിന്‍റെ 124 റണ്‍സിലും രാഹുല്‍ ത്രിപാഠിയുടെ 99ലും നിശ്‌ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 291 റണ്‍സെടുത്തു. നിധീഷ് എം ഡി 10 ഓവറില്‍ 49 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് മഹാരാഷ്‌ട്രയെ 300 കടക്കുന്നതില്‍ നിന്ന് തടുത്തത്. 

സഞ്ജുവിന്‍റെ തീരുമാനം ശരി, പിന്നെ സംഭവിച്ചത്

ടോസ് നേടി മഹാരാഷ്‌ട്രയെ ബാറ്റിംഗിനയച്ച കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ തീരുമാനം ശരിവെച്ചാണ് മത്സരം തുടങ്ങിയത്. എന്നാല്‍ പിന്നീട് റുതുരാജ് ഗെയ്‌ക്‌വാദ്-രാഹുല്‍ ത്രിപാഠി സഖ്യം മൂന്നാം വിക്കറ്റില്‍ മത്സരത്തിന്‍റെ ഗിയര്‍ ഏറ്റെടുത്തു. ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ മഹാരാഷ്‌ട്രയ്‌ക്ക് 22 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്‌ടമായിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബേസില്‍ തമ്പി ഓപ്പണര്‍ യാഷ് നാഹറിനെ(2) വിഷ്‌ണു വിനോദിന്‍റെ കൈകളിലെത്തിച്ചു. ആറാം ഓവറില്‍ നിധീഷ് എം ഡി, അങ്കിത് ബവ്‌നെയെ(9) സഞ്ജുവിന്‍റെ കൈകളിലാക്കി.

ഗെയ്‌ക്‌വാദ്-ത്രിപാഠി ഷോ

എന്നാല്‍ മൂന്നാം വിക്കറ്റില്‍ 195 റണ്‍സിന്‍റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഗെയ്‌ക്‌വാദ്-ത്രിപാഠി സഖ്യം വിസ്‌മയ തിരിച്ചുവരവിലേക്ക് മഹാരാഷ്‌ട്രയെ പട നയിച്ചു. ത്രിപാഠി 108 പന്തില്‍ 99 റണ്‍സെടുത്ത് നിധീഷിന് കീഴടങ്ങിയെങ്കിലും ടൂര്‍ണമെന്‍റിലെ ഹാട്രിക് സെഞ്ചുറിയുമായി ഗെയ്‌ക്‌വാദ് ഒരിക്കല്‍ക്കൂടി സ്വപ്‌ന ഫോമിന് അടിവരയിട്ടു. ത്രിപാഠി പുറത്താകുമ്പോള്‍ 39.4 ഓവറില്‍ 217 റണ്‍സിലെത്തി മഹാരാഷ്‌ട്ര സ്‌കോര്‍. അഞ്ചാമനായി ക്രീസിലെത്തിയ നൗഷാദ് ഷെയ്‌ഖും(5) നിധീഷിന് വിക്കറ്റ് സമ്മാനിച്ചു. 

നിധീഷ് എം ഡിക്ക് അഞ്ച് വിക്കറ്റ്

എന്നാല്‍ പാറപോലെ ഉറച്ച ഗെയ്‌ക്‌വാദ് ആത്മവിശ്വാസത്തോടെ ടീമിനെ മികച്ച സ്‌കോറിലേക്ക് ആനയിച്ചു. വിശ്വേശര്‍ സുരേഷിന്‍റെ 46-ാം ഓവറിലെ ആദ്യ പന്തില്‍ ഗെയ്‌ക്‌വാദ് പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 249.129 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സറും സഹിതം ഗെയ്‌ക്‌വാദ് 124 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ കൂറ്റനടികളില്‍ നിന്ന് മഹാരാഷ്‌ട്രയെ കേരളത്തിന് തടുക്കാനായി. സ്വപ്‌നിലിനെയും(14), സോപിനേയും(5) മടക്കി നിധീഷ് അഞ്ച് വിക്കറ്റ് തികച്ചപ്പോള്‍ കാസിയെ(20) ബേസില്‍ പുറത്താക്കി. പല്‍ക്കറും(4*), ചൗധരിയും(1*) പുറത്താകാതെ നിന്നു.

Diego Maradona Watch : ദുബായില്‍ വച്ച് മോഷണം പോയ മറഡോണയുടെ ആഡംബര വാച്ച് അസമില്‍! ഒരാള്‍ പിടിയില്‍

click me!