
വഡോദര: വിജയ് ഹസാരെ ട്രോഫി രണ്ടാം സെമി ഫൈനലില്‍ വിദര്‍ഭക്കെതിരെ മഹാരാഷ്ട്രക്ക് 381 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സെടുത്തു.സെഞ്ചുറിയുമായി തകര്‍ത്തടിച്ച ഓപ്പണര്‍മാരായ യാഷ് റാത്തോഡും ധ്രുവ് ഷോറെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ കരുണ്‍ നായരും ജിതേഷ് ശര്‍മയും ചേര്‍ന്നാണ് വിദര്‍ഭക്ക് കൂറ്റൻ സ്കോര്‍ സമ്മാനിച്ചത്.
101 പന്തില്‍ 116 റണ്‍സെടുത്ത ധ്രുവ് ഷോറെയാണ് വിദര്‍ഭയുടെ ടോപ് സ്കോറര്‍. യാഷ് റാത്തോഡ് 120 പന്തില്‍ 114 റണ്‍സെടുത്തപ്പോള്‍ നായകൻ കരുണ്‍ നായര്‍ 44 പന്തില്‍ 88 റൺസുമായി പുറത്താകാതെ നിന്നു. ജിതഷ് ശര്‍മ 33 പന്തില്‍ 51 റണ്‍സെടുത്തപ്പോള്‍ ശുഭം ദുബെ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു.
ഇനി എളുപ്പമല്ല, ഇന്ത്യൻ ടീം സെലക്ഷന് വീണ്ടും യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി ബിസിസിഐ
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ വിദര്‍ഭക്ക് ഓപ്പണര്‍മാരായ ധ്രുവ് ഷോറെയും യാഷ് റാത്തോഡും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. തുടക്കം മുതല്‍ ഇരുവരും കത്തിയകയറിയതോടെ വിദര്‍ഭ അതിവേഗം കുതിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 34.4 ഓവറില്‍ 224 റണ്‍സെടുത്തു. യാഷ് റാത്തോഡിനെ വീഴ്ത്തിയ സത്യജീത് ബച്ചാവ് ആണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ സെഞ്ചുറി പൂര്‍ത്തിയാക്കിയ ധ്രുവ് ഷോറെയെ(114) മുകേഷ് ചൗധരി മടക്കിയെങ്കിലും മിന്നും ഫോമിലുള്ള കരുണ്‍ നായരും ജിതേഷ് ശര്‍മയും തകര്‍ത്തടിച്ച് വിദര്‍ഭയെ 380 റണ്‍സിലെത്തിച്ചു.
45 ഓവറില്‍ 294 റണ്‍സിലെത്തിയിരുന്ന വിദര്‍ഭക്കായി കരുണ്‍ നായരും ജിതേഷ് ശര്‍മയും ചേര്‍ന്ന് അവസാന അഞ്ചോവറില്‍ 86 റണ്‍സടിച്ചു. നായകന്‍ കരുണ്‍ നായര്‍ 47ാം ഓവറില്‍ 18 റണ്‍സടിച്ച് 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ 19-ാം ഓവറില്‍ 18 റണ്‍സും അമ്പതാം ഓവറില്‍ 24 റണ്‍സും നേടി.
അഞ്ച് സിക്സും ഒമ്പത് ഫോറും പറത്തിയാണ് കരുണ്‍ നായര്‍ 44 പന്തില്‍ 88 റണ്‍സുമായി പുറത്താകാതെ നിന്നത്. വിദര്‍ഭ-മഹാരാഷ്ട്ര രണ്ടാം സെമിയിലെ വിജയികള്‍ ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ കര്‍ണാടകയെ നേരിടും. ആദ്യ സെമിയില്‍ ഹരിയാനയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് കര്‍ണാടക ഫൈനലിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!