അവസരം വേണം, കാലിസിനേയൊ വാട്‌സണയോ പോലെ ആവാന്‍ എനിക്കും കഴിയും: വിജയ് ശങ്കര്‍

By Web TeamFirst Published May 17, 2021, 8:13 PM IST
Highlights

പിന്നീട് നടന്ന ഐപിഎല്ലിലും ആഭ്യന്തര സീസണിലും മോശം പ്രകടനായിരുന്നു ശങ്കറിന്റേത്. എന്നാലിപ്പോള്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചുകയറാനുള്ള ആത്മവിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശങ്കര്‍.

ചെന്നൈ: 2019 ഏകദിന ലോകകപ്പിന് മുമ്പ് ഏറെ വിവാദമായ സംഭവമായിരുന്നു വിജയ് ശങ്കറിനെ ടീമിലുള്‍പ്പെടുത്താനുള്ള തീരുമാനം. മികച്ച ഫോമില്‍ കളിച്ചിരുന്ന അമ്പാട്ടി റായുഡുവിന് പകരമാണ് ശങ്കര്‍ ടീമിലെത്തിയത്. ശങ്കര്‍ ഒരു ത്രിഡി പ്ലയറാണെന്നായിരുന്നു ഇക്കാര്യത്തില്‍ സെലക്റ്ററായിരുന്ന എംഎസ്‌കെ പ്രസാദിന്റെ വിശദീകരണം. എന്നാല്‍ ലോകകപ്പിനിടെ പരിക്കേറ്റ ശങ്കറിന് നാട്ടിലേക്ക് തിരിക്കേണ്ടിവന്നു. പിന്നീടൊരുക്കലും താരത്തിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിച്ചിച്ചിട്ടില്ല. 

പിന്നീട് നടന്ന ഐപിഎല്ലിലും ആഭ്യന്തര സീസണിലും മോശം പ്രകടനായിരുന്നു ശങ്കറിന്റേത്. എന്നാലിപ്പോള്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചുകയറാനുള്ള ആത്മവിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശങ്കര്‍. മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സണ്‍, ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ് എന്നിവരെപോലെ ആവാന്‍ എനിക്കും സാധിക്കുമെന്നും ശങ്കര്‍ വ്യക്കമാക്കി. തമിഴ്‌നാട് താരത്തിന്റെ വാക്കുകള്‍... ''ടീം ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ആഭ്യന്തര സീസണില്‍ മറ്റൊരു ടീമിന് വേണ്ടി കളിക്കാന്‍ പോലും തയ്യാറായിരുന്നു. ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തി കൂടുതല്‍ റണ്‍സ് നേടിയെങ്കില്‍ മാത്രമേ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ സാധിക്കൂവെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. കാരണം ഞാന്‍ ആഗ്രഹിച്ച ബാറ്റിങ് പൊസിഷനല്ല എനിക്ക് തമിഴ്‌നാട് ടീമില്‍ ലഭിച്ചിരുന്നത്. 

തമിഴ്‌നാട് അസോസിയേഷനുമായോ മറ്റു ടീമുകളുമായോ ഞാന്‍ ഇക്കാര്യം സംസാരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ എനിക്കൊന്നും പറയാനാകില്ല. അവസരം കിട്ടിയാല്‍ വാട്‌സണ്‍, കാലിസ് എന്നിവരെ പോലെയാകാന്‍ എനിക്കാകും. ഞാന്‍ ഓള്‍ റൗണ്ടറാണ്, എന്നാല്‍ ഞാന്‍ അറിയപ്പെടുന്നത് എന്റെ ബാറ്റിങ് കൊണ്ടാണ്. റണ്‍സ് സ്‌കോര്‍ ചെയ്യുന്നെങ്കില്‍ മാത്രമേ ആളുകള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങുകയുള്ളൂ. മധ്യനിരയില്‍ കൂടുതല്‍ സമയം ലഭിച്ചാല്‍ മാത്രമേ എനിക്ക് കൂടുതല്‍ റണ്‍സ് നേടാന്‍ സാധിക്കൂ. കൂടുതല്‍ റണ്‍സ് നേടാന്‍ ക്രീസില്‍ കൂടുതല്‍ സമയം ചിലവഴിക്കണം, എന്നുവെച്ച് ഓപ്പണ്‍ ചെയ്യണമെന്നല്ല പറയുന്നത്. നാലാമനായോ അഞ്ചാമനായോ അവസരം നല്‍കണം.'' ശങ്കര്‍ പറഞ്ഞു.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന്റെ താരമാണ് ശങ്കര്‍. പാതി വഴിയില്‍ മുടങ്ങിയ ഈ സീസണിലും കാര്യമായ പ്രകടനമൊന്നും താരത്തിന്റെ ബാറ്റില്‍ നിന്നുണ്ടായിരുന്നില്ല.

click me!