26 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് കോലി; വഴിമാറിയത് പാക്കിസ്ഥാന്‍ മുന്‍താരം

By Web TeamFirst Published Aug 12, 2019, 10:34 AM IST
Highlights

വ്യക്തിഗത സ്‌കോര്‍ 19ല്‍ നില്‍ക്കേ പാക്കിസ്ഥാന്‍ മുന്‍ താരം മിയാന്‍ദാദിന്‍റെ ഒരു റെക്കോര്‍ഡും കോലി തകര്‍ത്തു 

പോര്‍ട്ട് ഓഫ് സ്‌പെയ്‌ന്‍: ഏകദിനത്തിലെ 42-ാം സെഞ്ചുറി കുറിച്ച് വിന്‍ഡീസിനെതിരായ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു. വ്യക്തിഗത സ്‌കോര്‍ 19ല്‍ നില്‍ക്കേ പാക്കിസ്ഥാന്‍ ഇതിഹാസം ജാവേദ് മിയാന്‍ദാദിന്‍റെ ഒരു റെക്കോര്‍ഡും കോലി തകര്‍ത്തു. 

ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലാണ് കോലിയെത്തിയത്. മിയാന്‍ദാദ് 64 ഇന്നിംഗ്‌സില്‍ നിന്ന് 1930 റണ്‍സ് നേടിയപ്പോള്‍ കോലി 34 ഇന്നിംഗ്സില്‍ നിന്ന് പുതിയ റെക്കോര്‍ഡിട്ടു. 1993ലാണ് മിയാന്‍ദാദ് അവസാനമായി വിന്‍ഡീസിനെതിരെ ഏകദിനം കളിച്ചത്. സെഞ്ചുറി ഇന്നിംഗ്‌സോടെ വിന്‍ഡീസിനെതിരെ ഏകദിനത്തില്‍ 2000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലും കോലിയെത്തി. 

വിരാട് കോലി സെഞ്ചുറിയും ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റും നേടിയപ്പോള്‍ മത്സരം മഴനിയമപ്രകാരം 59 റണ്‍സിന് ഇന്ത്യ ജയിച്ചു. 46 ഓവറിൽ 270 റൺസായി പുതുക്കി നിശ്ചയിച്ച ലക്ഷ്യം പിന്തുടർന്ന വിന്‍ഡീസ് 42 ഓവറിൽ 210 റൺസില്‍ പുറത്തായി. വിന്‍ഡീസ് നിരയിൽ ഇവിൻ ലൂയിസ് മാത്രമാണ് അമ്പത് പിന്നിട്ടത്. 80 പന്തിൽ 65 റൺസായിരുന്നു സമ്പാദ്യം. 

click me!