ദാദയെ പിന്നിലാക്കി, ധോണിക്കൊപ്പം; ക്യാപ്റ്റന്‍സിയിലും കിംഗായി കോലി

By Web TeamFirst Published Aug 26, 2019, 9:18 AM IST
Highlights

ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ രണ്ട് സുപ്രധാന നേട്ടങ്ങളാണ് വിരാട് കോലി സ്വന്തമാക്കിയത്

ആന്‍റിഗ്വ: ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ കരീബിയന്‍ കാറ്റിനെ പ്രതിരോധിച്ച് ആന്‍റിഗ്വ ടെസ്റ്റില്‍ മികച്ച ജയം നേടി ടീം ഇന്ത്യ. ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ രണ്ട് സുപ്രധാന നേട്ടങ്ങളാണ് ഇതോടെ വിരാട് കോലി സ്വന്തമാക്കിയത്. സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡ് തകര്‍ത്തപ്പോള്‍ എം എസ് ധോണിയുടെ ചരിത്രനേട്ടത്തിന് ഒപ്പമെത്തി. ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനിലേക്ക് കോലി കാലെടുത്തുവെക്കുകയാണ്. 

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിദേശജയങ്ങള്‍ നേടിയ ഇന്ത്യന്‍ നായകനെന്ന നേട്ടത്തില്‍ ഇതിഹാസ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ കോലി മറികടന്നു. ദാദ 28 ടെസ്റ്റില്‍ നിന്ന് 11 ജയങ്ങള്‍ നേടിയപ്പോള്‍ 26 ടെസ്റ്റില്‍ കോലി 12-ാം ജയം സ്വന്തമാക്കി. മുന്‍ നായകന്‍ എം എസ് ധോണിയുടെ കൂടുതല്‍ ടെസ്റ്റ് ജയങ്ങളുടെ റെക്കോര്‍ഡിന് ഒപ്പമെത്തുകയും ചെയ്തു കോലി. ധോണി 60 മത്സരങ്ങളില്‍ 27 ജയങ്ങള്‍ നേടിയപ്പോള്‍ കോലി 47 ടെസ്റ്റുകളില്‍ ഇത്രയും ജയത്തിലെത്തി. 

ആന്‍റിഗ്വയില്‍ 318 റണ്‍സിന്‍റെ മികച്ച ജയമാണ് ഇന്ത്യ നേടിയത്. ടെസ്റ്റില്‍ വിദേശത്ത് റണ്‍മാര്‍ജിനില്‍ ഇന്ത്യയുടെ ഉയര്‍ന്ന ജയംകൂടിയാണിത്. ഇന്ത്യ മുന്നോട്ടുവെച്ച 419 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 100 റൺസിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ജസ്‌പ്രീത് ബുമ്രയാണ് വിൻഡീസ് ബാറ്റിംഗ് നിരയെ തകർത്തത്. ടെസ്റ്റ് കരിയറിലെ 10-ാം സെഞ്ചുറി രണ്ടാം ഇന്നിംഗ്‌സില്‍ നേടിയ അജിങ്ക്യ രഹാനെയാണ് പ്ലേയർ ഓഫ് ദ മാച്ച്.

click me!