Latest Videos

ടി20 ക്രിക്കറ്റ് ചരിത്രത്തിലാദ്യം; തോറ്റെങ്കിലും സുപ്രധാന റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോലി

By Web TeamFirst Published Nov 10, 2022, 4:47 PM IST
Highlights

3826 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. ഇന്നത്തെ 27 റണ്‍സോടെ 3853 റണ്‍സായി രോഹിത്തിന്. ഈ ലോകകപ്പില്‍ കോലി മിന്നും ഫോമിലാണ്.

അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 40 പന്തില്‍ 50 റണ്‍സാണ് കോലി നേടിയത്. ഹാര്‍ദിക്കിനൊപ്പം (63) ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നതില്‍ കോലി വലിയ പങ്കുവഹിച്ചു. ഇതിനിടെ ടി20 ക്രിക്കറ്റില്‍ ഒരു സുപ്രധാന നാഴികക്കല്ലും കോലി പിന്നിട്ടു. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 4000 റണ്‍സ് പിന്തുടരുന്ന ആദ്യ താരമായിരിക്കുകയാണ് കോലി. മത്സരം തുടങ്ങുന്നതിന് മുമ്പ് 42 റണ്‍സാണ് നേട്ടം പൂര്‍ത്തിയാക്കാന്‍ കോലിക്ക് വേണ്ടിയിരുന്നത്.

അഡ്‌ലെയ്ഡില്‍ ഇറങ്ങുന്നതിന് മുമ്പ് 114 മത്സരങ്ങളില്‍ കോലി 3958 റണ്‍സാണ് നേടിയിരുന്നത്. രാജ്യാന്തര ടി20യില്‍ 106 ഇന്നിംഗ്സുകളില്‍ 52.77 ശരാശരിയിലും 138.15  സ്‌ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റണ്‍സ് കോലി സ്വന്തമാക്കിയത്. ഒരു സെഞ്ചുറിയും 36 അര്‍ധസെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. 3826 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. ഇന്നത്തെ 27 റണ്‍സോടെ 3853 റണ്‍സായി രോഹിത്തിന്. ഈ ലോകകപ്പില്‍ കോലി മിന്നും ഫോമിലാണ്. ടൂര്‍ണമെന്റിലെ അഞ്ച് മത്സരങ്ങളില്‍ 123.00 ശരാശരിയിലും 138.98 സ്‌ട്രൈക്ക് റേറ്റിലും കോലി 246 റണ്‍സ് കോലി നേടിക്കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരെ നേടിയ 50 ഉള്‍പ്പെടാതെയാണിത്. 225 റണ്‍സുമായി സൂര്യകുമാര്‍ യാദവ് പട്ടികയില്‍ മൂന്നാമതുണ്ട്. 

ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ നാണംകെട്ട തോല്‍വി; ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ഫൈനല്‍

ഇങ്ങനൊയൊക്കെ ഇന്ത്യ സെമി ഫൈനലില്‍ തോറ്റ് പുറത്തായിരുന്നു. പത്ത് വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് രോഹിത് ശര്‍മയും സംഘവും ഏറ്റുവാങ്ങിയത്. അഡ്‌ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. അലക്‌സ് ഹെയ്ല്‍സ് (86), ജോസ് ബട്‌ലര്‍ (80) പുറത്താവാതെ നിന്നു. നേരത്തെ, കോലിക്ക് പുറമെ ഹാര്‍ദിക് പാണ്ഡ്യയുടെ (33 പന്തില്‍ 63) ഇന്നിംഗ്‌സും ഇന്ത്യക്ക് തുണയായി. ക്രിസ് ജോര്‍ദാന്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട്, പാകിസ്ഥാനെ നേരിടും.

click me!