മധ്യനിരയില്‍ അവനെ അവഗണിക്കാനാവില്ല; ശ്രേയസ് അയ്യരെ കുറിച്ച് കോലി

By Web TeamFirst Published Aug 15, 2019, 2:58 PM IST
Highlights

ശ്രേയസ് അയ്യരെ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്താതില്‍ ആരാധകര്‍ പലരും നെറ്റി ചുളിച്ചിരുന്നു. മധ്യനിരയിലേക്ക് അനുയോജ്യനായ താരമാണ് അയ്യരെന്ന് പലരും അഭിപ്രായപ്പെട്ടു.

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ശ്രേയസ് അയ്യരെ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്താതില്‍ ആരാധകര്‍ പലരും നെറ്റി ചുളിച്ചിരുന്നു. മധ്യനിരയിലേക്ക് അനുയോജ്യനായ താരമാണ് അയ്യരെന്ന് പലരും അഭിപ്രായപ്പെട്ടു. ശിഖര്‍ ധവാന്‍, വിജയ് ശങ്കര്‍ എന്നിവര്‍ക്ക് പരിക്കേറ്റപ്പോഴും താരത്തിന് ക്ഷണം വന്നില്ല. എന്നാല്‍ വിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ താരം കിട്ടിയ അവസരം മുതലാക്കി.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ വിജയത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം നിര്‍ണായക പങ്കുവഹിച്ചത് അയ്യരാണ്. രണ്ടാം ഏകദിനത്തില്‍ താരം 71 റണ്‍സ് നേടിയപ്പോള്‍ ഇന്നലെ 65 റണ്‍സാണ് അയ്യരുടെ സംഭാവന. വെറും 41 പന്തില്‍ നിന്ന് 3 ഫോറും 5 സിക്‌സും സഹിതമായിരുന്നു അയ്യരുടെ പ്രകടനം. 

മത്സരത്തിന് ശേഷം അയ്യരുടെ ഇന്നിങ്‌സിനെ പുകഴ്ത്തിയിരിക്കുകയാണ് കോലി. ക്യാപ്റ്റന്‍ പറഞ്ഞതിങ്ങനെ... ''സമ്മര്‍ദ്ദഘട്ടത്തില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് അയ്യര്‍ ബാറ്റ് വീശിയത്. മധ്യനിരയിലെ സ്ഥിരം സാന്നിധ്യമാവാനുള്ള ശേഷിയുണ്ട് അവന്. താരത്തെ അവഗണിക്കുന്നത് ഗുണകരമാവില്ല. വരുന്ന മത്സരങ്ങളിലും ഇതുപോലെ ആത്മവിശ്വാസം കാണിക്കുമെന്നാണ് പ്രതീക്ഷ. 

സാഹചര്യത്തെ കുറിച്ച് വ്യക്തമായ ബോധം അയ്യര്‍ക്കുണ്ട്. കഴിഞ്ഞ രണ്ട് തവണ അവന്റെ കൂടെ ഞാന്‍ ക്രീസിലുണ്ടായിരുന്നു. കളിയോടുള്ള സമീപനം അംഗീകരിക്കാതെ വയ്യ.'' കോലി പറഞ്ഞുനിര്‍ത്തി.

click me!