
ധരംശാല: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്പിന്‍ വകുപ്പ് നയിച്ചിരുന്നത് കുല്‍ദീപ് യാദവ്- യൂസ്‌വേന്ദ്ര ചാഹല്‍ സഖ്യമാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇരു താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടില്ല. രവീന്ദ്ര ജഡേജ, ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചാഹര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമിലുള്ളത്. ഇരുവരേയും ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ പലരും ചോദ്യമുയര്‍ത്തിയിരുന്നു.
എന്നാലിപ്പോള്‍ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ക്യാപ്റ്റന്‍ പറയുന്നതിങ്ങനെ... ''ആഭ്യന്തര ക്രിക്കറ്റിലും, ഐപിഎല്ലിലും മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് കുല്‍ദീപിനും ചാഹലിനും വിശ്രമം നല്‍കിയത്. ബാറ്റിംഗിന്റെ ആഴം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. ടീമിനെ ബാലന്‍സ് ചെയ്യാനാണ് അത്തരമൊരു തീരുമാനം വേണ്ടിവന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ടീമില്‍ ഇനിയും പരീക്ഷണങ്ങള്‍ നടത്തും. ലോകകപ്പിന് മുമ്പ് മികച്ച ടീമിനെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.'' കോലി പറഞ്ഞുനിര്‍ത്തി. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം ഇന്ന് ധരംശാലയില്‍ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!