
ദില്ലി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് അര്‍ജുന പുരസ്കാരം ഏറ്റുവാങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അഭിനന്ദനപ്രവാഹം. ചെവ്വാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് ഷമി ഉള്‍പ്പെടെയുള്ള താരങ്ങള്‍ കായിക പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയത്.
അര്‍ജുന പുരസ്കാരം ഏറ്റുവാങ്ങിയ മുഹമ്മദ് ഷമിയെ അഭിനന്ദിച്ച് ആദ്യം രംഗത്തെത്തിയത് ഇന്ത്യൻ താരം വിരാട് കോലിയായിരുന്നു. മുബാറക് ഹോ ലാല എന്നായിരുന്നു കോലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
മുന്‍ ഇന്ത്യൻ താരം മുനാഫ് പട്ടേൽ, സൂര്യകുമാര്‍ യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയ ക്രിക്കറ്റ് രംഗത്തെ പ്രമുഖരും ഷമിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഏകദിന ലോകകപ്പിലെ ആദ്യ നാലു മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന ഷമി പിന്നീട് നടത്തിയത് സ്വപ്നതുല്യമായ കുതിപ്പായിരുന്നു.
ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതുകൊണ്ട് മാത്രം പ്ലേയിംഗ് ഇലവനിലെത്തിയ ഷമി 23 വിക്കറ്റുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായാണ് ടൂര്‍ണമെന്‍റ് അവസാനിപ്പിച്ചത്. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഒറു നാലു വിക്കറ്റ് നേട്ടവും ഉള്‍പ്പെടുന്നു. ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ 57 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ ഷമിയുടെ പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്.
ലോകകപ്പിന് പിന്നാലെ പരിക്കുമൂലം ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കളിക്കാതിരുന്ന ഷമി ഈ മാസം അവസാനം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!