അന്ന് ധോണി ഞങ്ങളോട് ചെയ്തത് തെറ്റായിരുന്നു; കടുത്ത വിമര്‍ശനവുമായി സെവാഗ്

By Web TeamFirst Published Feb 1, 2020, 8:07 PM IST
Highlights

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്കെതിരെ കടുത്ത വിമര്‍ശനവുമായി വിരേന്ദര്‍ സെവാഗ്. 2011-12ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ധോണി കൈകൊണ്ട റൊട്ടേഷന്‍ സമ്പ്രദായത്തെയാണ് സെവാഗ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

ദില്ലി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്കെതിരെ കടുത്ത വിമര്‍ശനവുമായി വിരേന്ദര്‍ സെവാഗ്. 2011-12ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ധോണി കൈകൊണ്ട റൊട്ടേഷന്‍ സമ്പ്രദായത്തെയാണ് സെവാഗ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. അന്ന് ടീമിലെ സീനിയര്‍ താരങ്ങളായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഗൗതം ഗംഭീര്‍, സെവാഗ് എന്നിവരെ മാറ്റി മാറ്റി കളിപ്പിച്ചിരുന്നു. ചില മത്സരങ്ങളില്‍ ഇവര്‍ക്ക് പുറത്തിരിക്കേണ്ട അവസ്ഥ വന്നു. 

ഇതിനെതിരെയാണ് സെവാഗ് സംസാരിച്ചത്. ക്രിക് ബസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ഓപ്പണര്‍. അദ്ദേഹം തുടര്‍ന്നു... ''ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു ധോണിയുടെ റൊട്ടേഷന്‍ സമ്പ്രദായം. സീനിയര്‍ താരങ്ങളായ എന്നെയും ഗംഭീറിനെയും സച്ചിനെയും ഒരുമിച്ച് കളിപ്പിക്കാനാവില്ലെന്ന് ധോണി പറഞ്ഞു. ഫീല്‍ഡിങ്ങില്‍ വേഗത പോരെന്ന കാരണം പറഞ്ഞാണ് ധോണി മൂവരേയും മാറ്റി മാറ്റി കളിപ്പിച്ചത്. 

എന്നാല്‍ ഇക്കാര്യം പറയേണ്ടത് ടീം മീറ്റിങ്ങിലായിരുന്നു. അദ്ദേഹം ഇത് വ്യക്തമാക്കിയത് മാധ്യമങ്ങള്‍ക്ക് മുന്നിലാണ്. ഞങ്ങള്‍ മൂന്ന് പേരും ഇക്കാര്യം അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ടീം മീറ്റിങ്ങില്‍ പറഞ്ഞത്, രോഹിത് ശര്‍മയെ കളിപ്പിക്കേണ്ടതുണ്ടെന്നും അതിനാല്‍ റൊട്ടേഷന്‍ സമ്പ്രദായം അനിവാര്യമാണെന്നുമാണ്.'' സെവാഗ് പറഞ്ഞുനിര്‍ത്തി.

ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ രീതി ധോണി ചെയ്തതുപോലെ ആയിരിക്കരുതെന്നും സെവാഗ് ഓര്‍മിച്ചിച്ചു. ഋഷഭ് പന്തിനെ പുറത്തിരുത്തിയ സംഭവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരമായിട്ടാണ് സെവാഗ് ഇക്കാര്യം വ്യക്തമാക്കിയത്.

click me!