രാഹുല്‍ ദ്രാവിഡ് ലോകകപ്പ് തിരക്കില്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ടീമിന് മറ്റ് പരിശീലകര്‍

Published : Aug 27, 2023, 03:35 PM ISTUpdated : Aug 27, 2023, 03:40 PM IST
രാഹുല്‍ ദ്രാവിഡ് ലോകകപ്പ് തിരക്കില്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ടീമിന് മറ്റ് പരിശീലകര്‍

Synopsis

വിവിഎസ് ലക്ഷ്‌മണിനൊപ്പം പുരുഷ ടീമിന് ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകരെയും നിയമിച്ചിട്ടുണ്ട്

മുംബൈ: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുക ബാറ്റിംഗ് ഇതിഹാസവും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനുമായ വിവിഎസ് ലക്ഷ്‌മണ്‍. രാഹുല്‍ ദ്രാവിഡ് സീനിയര്‍ ടീമിനൊപ്പം ഏകദിന ക്രിക്കറ്റ് ലോകകപ്പ് തിരക്കുകളിലായിരിക്കും എന്നതിനാലാണ് വിവിഎസിനെ ഏഷ്യന്‍ ഗെയിംസിനെ യുവനിരയെ നയിക്കാന്‍ ഉത്തരവാദിത്തം ഏല്‍പിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് ടീമിനെ മുന്‍ ഓള്‍റൗണ്ടര്‍ റിഷികേശ് കനീത്‌കര്‍ പരിശീലിപ്പിക്കും. വനിതാ ടീമിന്‍റെ താല്‍ക്കാലിക പരിശീലകന്‍റെ ചുമതലയാണ് കനീത്‌കറിന് നല്‍കിയിരിക്കുന്നത്. ചൈനയിലെ ഹാങ്ഝൗവില്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 8 വരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. 

വിവിഎസ് ലക്ഷ്‌മണിനൊപ്പം പുരുഷ ടീമിന് ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകരെയും നിയമിച്ചിട്ടുണ്ട്. മുന്‍ ലെഗ് സ്‌പിന്നര്‍ സായ്‌രാജ് ബഹുതുലെ ബൗളിംഗും മുനീഷ് ബാലി ഫീല്‍ഡിംഗും പരിശീലിപ്പിക്കും. വനിതാ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനെയും സപ്പോര്‍ട്ട് സ്റ്റാഫിനേയും തെരഞ്ഞെടുക്കുന്നത് വൈകുന്നതിനിലാണ് താല്‍ക്കാലിക പരിശീലനായി റിഷികേശ് കനീത്‌കറിനെ നിയമിച്ചിരിക്കുന്നത്. സുഭാദീപ് ഘോഷ്, റജീബ് ദത്ത എന്നിവരാണ് പരിശീലക സംഘത്തിലുള്ള മറ്റുള്ളവര്‍. ഈ വര്‍ഷാദ്യം ഫെബ്രുവരിയില്‍ വനിതാ ടീമിനെ ദക്ഷിണാഫ്രിക്കയിലെ ട്വന്‍റി 20 ലോകകപ്പില്‍ പരിശീലിപ്പിച്ചത് കനീത്‌കറായിരുന്നു. 

ഏഷ്യന്‍ ഗെയിംസില്‍ 9 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യ ക്രിക്കറ്റ് ടീമിനെ അയക്കുന്നത്. പുരുഷന്‍മാരുടെയും വനിതകളുടേയും വിഭാഗത്തില്‍ ട്വന്‍റി 20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. കഴിഞ്ഞ ജക്കാര്‍ത്ത ഗെയിംസില്‍ ഇന്ത്യയുടെ വനിതാ, പുരുഷ ക്രിക്കറ്റ് ടീമുകള്‍ പങ്കെടുത്തിരുന്നില്ല. ഫസ്റ്റ് ചോയിസ് താരങ്ങള്‍ ക്രിക്കറ്റ് ലോകകപ്പിന്‍റെ തിരക്കുകളിലായതിനാല്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ നേതൃത്വത്തില്‍ യുവ ടീമിനെയാണ് ഏഷ്യാന്‍ ഗെയിംസിന് ഇന്ത്യ അയക്കുന്നത്. അതേസമയം വനിതകളില്‍ ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റനായ പ്രധാന ടീം തന്നെയാണ് ഇറങ്ങുക. ഐസിസി റാങ്കിംഗില്‍ മികച്ച് നില്‍ക്കുന്നതിനാല്‍ ക്വാര്‍ട്ടര്‍ മുതല്‍ മാത്രം ഗെയിംസില്‍ ഇന്ത്യന്‍ ടീമുകള്‍ക്ക് ക്രിക്കറ്റില്‍ ഇറങ്ങിയാല്‍ മതി. 

Read more: രാഹുല്‍ ഏഷ്യാ കപ്പ് ആദ്യ മത്സരങ്ങള്‍ക്കുണ്ടാവുമോ? പരിശീലന ക്യാംപില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പണം കൂടുതല്‍ കൊല്‍ക്കത്തയ്ക്ക്, സഞ്ജുവിനൊപ്പം ആരോക്കെ? ഐപിഎല്‍ താരലേലത്തിന് ഒരുങ്ങി അബുദാബി
ഐപിഎല്‍ ലേലത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കി, വെടിക്കെട്ട് ഇന്നിംഗ്‌സുമായി വെങ്കടേഷ് അയ്യര്‍