അവിടെയും ഇവിടെയും അര്‍ധ സെഞ്ചുറി; എലൈറ്റ് പട്ടികയില്‍ ഇടം നേടി വാഷിംഗ്ടണ്‍ സുന്ദര്‍

By Web TeamFirst Published Feb 8, 2021, 12:23 PM IST
Highlights

ആദ്യ ഇന്നിങ്‌സില്‍ താരം അര്‍ധ സെഞ്ചുറി (62) പൂര്‍ത്തിയാക്കിയിരുന്നു. അരങ്ങേറ്റത്തിലെ മികച്ച പ്രകടനം താരത്തിന് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും അവസരം നല്‍കി.

ചെന്നൈ: ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് വാഷിംഗ്്ടണ്‍ സുന്ദര്‍ ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയില്‍ അരങ്ങേറിയത്. ബ്രിസ്‌ബേനില്‍ നടന്ന അവസാന ടെസ്റ്റില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായിട്ടാണ് തമിഴ്‌നാട്ടുകാരന്‍ കളിച്ചത്. രണ്ട് ഇന്നിങ്‌സുകളിലുമായി 84 റണ്‍സാണ് താരം നേടിയത്. കൂടാതെ നാല് വിക്കറ്റും സ്വന്തമാക്കി. 

ആദ്യ ഇന്നിങ്‌സില്‍ താരം അര്‍ധ സെഞ്ചുറി (62) പൂര്‍ത്തിയാക്കിയിരുന്നു. അരങ്ങേറ്റത്തിലെ മികച്ച പ്രകടനം താരത്തിന് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും അവസരം നല്‍കി. വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യയിലെ ആദ്യ മത്സരത്തിലും താരം അര്‍ധ സെഞ്ചുറി നേടി. ഇതോടെ ഒരു അത്യപൂര്‍വ റെക്കോഡ് 21കാരനെ തേടിയെത്തി. വിദേശത്തും നാട്ടിലും അരങ്ങേറ്റ ഇന്നിങ്സില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഫിഫ്റ്റിയടിച്ച എട്ടാമത്തെ താരമായി അദ്ദേഹം മാറി.

1940കളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്ന റുസി മോഡിയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യതാരം. പിന്നീട് അരുണ്‍ ലാല്‍, സുരീന്ദര്‍ അമര്‍നാഥ് എന്നിവരുടം പട്ടികയില്‍ ഇടം നേടി. മുന്‍ ക്യാപ്റ്റനും നിലവില്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി, സുരേഷ് റെയ്ന, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍ എന്നിവരും പട്ടികയില്‍ അംഗങ്ങളാണ്. 

ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ 85 റണ്‍സാണ് താരം നേടിയത്. വാലറ്റത്തെ കൂട്ടുപിടിച്ച് താരം പുറത്തെടുത്ത ഈ പ്രകടനമാണ് ഇംഗ്ലണ്ടിനെ ലീഡ് കുറച്ചത്. ഇന്ത്യ ആറിന് 225 റണ്‍സെന്ന നിലയില്‍ പതറികൊണ്ടിരിക്കുമ്പോഴാണ് ആര്‍ അശ്വിനെ (31) കൂട്ടുപിടിച്ച് വാഷിംഗ്ടണ്‍ ടീമിനെ കരകയറ്റിയത്. ഏഴാം വിക്കറ്റില്‍ 80 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. രണ്ട് സിക്‌സും 12 ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു വാഷിംഗ്ടണിന്റെ ഇന്നിങ്‌സ്.

click me!