'മുസ്ലിം താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി, മതപണ്ഡിതരെ ക്ഷണിച്ചു'; വിവാദങ്ങളോട് പ്രതികരിച്ച് വസിം ജാഫര്‍

By Web TeamFirst Published Feb 11, 2021, 10:14 AM IST
Highlights

മതപരമായ താല്‍പര്യം മുന്‍നിര്‍ത്തി ടീമിനെ ഒരുക്കിയെുന്നുള്ളതാണ് മറ്റൊരു ആരോപണം. ഇഖ്ബാല്‍ അബ്ദുള്ളയെ ക്യാപ്റ്റനാക്കമെന്ന് ജാഫര്‍ വാശിപ്പിടിച്ചു.
 

മുംബൈ: കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രാജിവച്ചത്. ടീം സെലക്ഷനില്‍ ബാഹ്യ ഇടപെടലുണ്ടാകുന്നുവെന്ന് ആരോപിച്ചായിരുന്നു ജാഫറിന്റെ പിന്‍മാറ്റം. വിജയ്ഹസാരെ ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ജാഫറിന്റെ പിന്മാറ്റം.

രാജിക്ക് ശേഷം അദ്ദേഹം ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് അയച്ച മെയിലില്‍ ഇങ്ങനെ പറയുന്നു. ''വളരെയേറെ കഴിവുള്ള താരങ്ങള്‍ ഉത്തരാഖണ്ഡ് ടീമിലുണ്ട്. എന്നാല്‍ അവരെയോര്‍ത്ത് എനിക്ക് സങ്കടം തോന്നുന്നു. ഈ പറഞ്ഞ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ എനിക്ക് സാധിക്കുന്നില്ല. പുറത്തുനിന്നുള്ളവരാണ് ടീമിനെ തിരഞ്ഞെടുക്കുന്നത്. അര്‍ഹരല്ലാത്തവര്‍ ടീമിലെത്തുന്നു.'' ജാഫര്‍ വ്യക്തമാക്കി. 

എന്നാല്‍, കടുത്ത ഭാഷയിലാണ് ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ മഹിം വര്‍മ ജാഫറിന്റെ ആരോപണത്തോട് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായമിങ്ങനെ... ''വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ജാഫര്‍ സംസാരിക്കുന്നത്. അദ്ദേഹത്തിന് വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്തുകൊടുത്തു. അദ്ദേഹത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ടീം സെലക്റ്റ് ചെയ്യുന്നത്.'' മഹിം വര്‍മ വിശദീകരിച്ചു. 

മതപരമായ താല്‍പര്യം മുന്‍നിര്‍ത്തി ടീമിനെ ഒരുക്കിയെുന്നുള്ളതാണ് മറ്റൊരു ആരോപണം. ഇഖ്ബാല്‍ അബ്ദുള്ളയെ ക്യാപ്റ്റനാക്കമെന്ന് ജാഫര്‍ വാശിപ്പിടിച്ചു. കൂടാടെ മുസ്ലിം മതപണ്ഡിതരെ ടീം ക്യാംപിലേക്ക് ക്ഷണിക്കുകയും അവര്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യം ഒരുക്കിയതായും ജാഫറിനെതിരെ ടീം മാനേജര്‍ നവനീത് മിശ്ര ആരോപിച്ചു. 'രാമ ഭക്ത ഹനുമാന്‍ കി ജയ്' എന്ന ടീമിന്റെ മുദ്രാവാക്യം 'ഗോ ഉത്തരാഖണ്ഡ്' എന്നാക്കി മാറ്റിയും ജാഫറായിരുന്നുവെന്നും ആരോപണം വന്നു. 

എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാഫര്‍. എനിക്കെതിരെ അദ്ദേഹം ഉയര്‍ത്തിയ ആരോപണങ്ങളില്‍ വിഷമമുണ്ടെന്ന് ജാഫര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''മതപരമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അനാവാശ്യ വിവാദമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇഖ്ബാല്‍ അബ്ദുള്ള ക്യാപ്റ്റനാക്കണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. യുവ താരമായിരുന്ന ജെയ് ബിസ്ത നായകനാവണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ടീം സെലക്റ്ററായിരുന്ന റിസ്‌വാന്‍ ഷംഷാദും മറ്റു സെലക്റ്റര്‍മാരും പറഞ്ഞത് ഇഖ്ബാല്‍ അബ്ദുള്ളയെ ക്യാപ്റ്റനാക്കാനാണ്. അദ്ദേഹത്തിന് ഐപിഎല്‍ കളിച്ചുള്ള മത്സരപരിചയമുണ്ടെന്നും സീനിയര്‍ താരമാണെന്നുമായിരുന്നു ഷംഷാദിന്റെ പക്ഷം. ഞാന്‍ ആ അഭിപ്രായത്തോട് എതിരൊന്നും പറഞ്ഞില്ല.'' ജാഫര്‍ വ്യക്തമാക്കി.

മുസ്ലിം മത പണ്ഡിതരെ കൊണ്ടുവന്നുവെന്ന വാദവും ജാഫര്‍ നിഷേധിച്ചു. ''ശരിയാണ്, ക്യാംപിനിടെ മത പണ്ഡിതര്‍ എത്തിയിരുന്നു. എന്നാല്‍ അത് ഞാന്‍ വിളിച്ചിട്ട് വന്നവരല്ല. അത് ഇഖ്ബാല്‍ അബ്ദുള്ളയുടെ അതിഥികളായിരുന്നു. അവരെ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയ്ക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ ഇഖ്ബാല്‍ എന്നോടും ടീം മാനേജരോടും അനുവാദം ചോദിച്ചിരുന്നു. പരിശീലനത്തിന് ശേഷമാണ് പ്രാര്‍ത്ഥനയ്ക്ക് സമയമെന്ന് ഞാന്‍ താരങ്ങളെ അറിയിട്ടുണ്ടായിരുന്നു. അതും ഡ്രസിംഗ് റൂമില്‍ അഞ്ച് മിനിറ്റ് സമയത്തെ പ്രാര്‍ത്ഥന മാത്രം.  ഞാന്‍ മതപരമായ പക്ഷപാതം കാണിച്ചുവെങ്കില്‍ എനിക്ക് പരിശീലസമയം പോലും മാറ്റാമായിരുന്നു. മുസ്ലിം വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൂടുതല്‍ സമയം നല്‍കാമായിരുന്നു. എനിക്ക് വേണമെങ്കില്‍ പ്രാര്‍ത്ഥിക്കാന്‍ പാകത്തില്‍ പരിശീലന സമയം മാറ്റാമായിരുന്നു. എന്നാല്‍ ഞാനത് ചെയ്തില്ല.'' ജാഫര്‍ വ്യക്തമാക്കി. 

മുസ്ലിം സമുദായത്തിലെ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയെന്ന ആരോപണത്തിനും ജാഫര്‍ മറുപടി നല്‍കി. ''സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ അവസാന മത്സരത്തില്‍ മുന്‍ മഹാരാഷ്ട്ര പേസര്‍ സമദ് ഫലാഹിനെ ഞാന്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഞാന്‍ മുസ്ലിം സമുദായത്തിലെ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയെങ്കില്‍ എനിക്ക് ഫല്ലാഹ്, മുഹമ്മദ് നസീം എന്നീ താരങ്ങളെ എല്ലാ മത്സരത്തിലും കളിപ്പിക്കാമായിരുന്നു. ഞാനെപ്പോഴും പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ശ്രമിച്ചത്. 

വിജയ് ഹസാരെ ടൂര്‍ണമെന്റിന് ദിക്ഷാന്‍ക്ഷു നേഗിയെ ക്യാപ്റ്റനാക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഇഖ്ബാല്‍ അബ്ദുള്ളയ്ക്ക് പകരമായിരുന്നുവത്. എന്നാല്‍ അവര്‍ എന്റെ നിര്‍ദേശം അനുസരിച്ചില്ല. മറ്റൊരു താരത്തെ ക്യാപ്റ്റനാക്കി. മത്രമല്ല, 11 പുതിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി. ഇതൊന്നും എന്നെ അറിയിച്ചില്ലായിരുന്നു. അതുകൊണ്ടുതന്നെയാണ് പരിശീലക സ്ഥാനത്തുനിന്ന് മാറിയത്.'' ജാഫര്‍ പറഞ്ഞുനിര്‍ത്തി. 

സിഖ് സമുദായത്തിന്റെ മുദ്രവാക്യം ആയിരുന്നു ടീം ഉപയോഗിച്ചിരുന്നത്. നമുക്ക് ''ഗോ ഉത്തരാഖണ്ഡ്...'' എന്ന് പറയാമെന്ന് നിര്‍ദേശിച്ചത് ഞാനാണെന്നും ജാഫര്‍ ട്വിറ്ററില്‍ കുറിച്ചിട്ടു.

1. I recommended Jay Bista for captaincy not Iqbal but CAU officials favoured Iqbal.
2. I did not invite Maulavis
3. I resigned cos bias of selectors-secretary for non-deserving players
4. Team used to say a chant of Sikh community, I suggested we can say "Go Uttarakhand" https://t.co/8vZSisrDDl

— Wasim Jaffer (@WasimJaffer14)
click me!