
ഹൊബാര്‍ട്ട്: ക്രിക്കറ്റില്‍ ഒന്നിലധികം താരങ്ങള്‍ ചേര്‍ന്ന് ക്യാച്ചെടുക്കുന്നത് പലകുറി നമ്മള്‍ കണ്ടിട്ടുണ്ട്. ബൗണ്ടറി ലൈനിലാണ് ഇത്തരം ക്യാച്ചുകള്‍ കൂടുതലും പിറന്നിട്ടുള്ളത്. എന്നാല്‍ അസാധാരണമാം വിധം ഇങ്ങനെയൊരു ക്യാച്ച് സ്ലിപ്പില്‍ പിറന്നു. ഓസ്‌ട്രേലിയയിലെ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ടാസ്‌മാനിയ- ന്യൂ സൗത്ത് വെയ്‌ല്‍സ് മത്സരത്തിലായിരുന്നു സംഭവം.
ന്യൂ സൗത്ത് വെയ്‌ല്‍സ് ഓപ്പണിംഗ് ബാറ്റ്സ്‌മാന്‍ ഡാനിയേല്‍ ഹ്യൂസായിരുന്നു ക്രീസില്‍. ടാസ്‌മാനിയക്കായി പന്തെറിയുന്നത് പേസര്‍ ജാക്ക്‌സന്‍ ബേഡ്. ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്തില്‍ ബാറ്റ് വെച്ച ഹ്യൂസിന് പിഴച്ചു. പന്ത് എഡ്‌ജായി സെക്കന്‍റ് സ്ലിപ്പില്‍ അലക്‌സ് ഡോലന്‍റെ കൈകളിലേക്ക്. എന്നാല്‍ പന്ത് ഡോലന്‍റെ വിരലുകളില്‍ നിന്ന് ഊര്‍ന്നിറങ്ങി. ക്യാച്ച് നഷ്ടപ്പെട്ടു എന്ന് പൂര്‍ണമായി ഉറപ്പിച്ച സെക്കന്‍റില്‍ ഫസ്റ്റ് സ്ലിപ്പിലുണ്ടായിരുന്ന മാത്യു വെയ്‌ഡ് അവിശ്വസനീയമാം വിധം ചാടിവീണു. കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ പോലും കഴിയാത്ത വിധം പന്ത് വെയ്‌ഡിന്‍റെ വിരലുകളില്‍ സുരക്ഷിതം.
അത്ഭുത ക്യാച്ചില്‍ മാത്യു വെയ്ഡിനും സഹ താരങ്ങള്‍ക്കും ആശ്‌ചര്യവും സന്തോഷവുമടക്കാനായില്ല. എക്കാലത്തെയും മികച്ച ക്യാച്ചുകളിലൊന്നിന് സാക്ഷ്യം വഹിച്ച കമന്‍റേറ്റര്‍മാര്‍ക്കും സന്തോഷമടക്കാനായില്ല. ഫസ്റ്റ് സ്ലിപ്പില്‍ 'എന്തൊരു ക്യാച്ച്' എന്നായിരുന്നു ഒരു കമന്‍റേറ്ററുടെ പ്രതികരണം. മാത്യു വെയ്ഡിനെ സൂപ്പര്‍മാന്‍ എന്ന് വിളിക്കാം എന്നായിരുന്നു മറ്റൊരു കമന്‍റേറ്റര്‍ക്ക് പറയാനുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!