
റാഞ്ചി: ഇന്ത്യന്‍ പേസ് കുന്തമുന ജസ്പ്രീത് ബുമ്ര ഇല്ലാത്ത ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് തുടക്കം ഒട്ടും മികച്ചതായിരുന്നില്ല. അരങ്ങേറ്റക്കാരന്‍ ആകാശ് ദീപ് തുടക്കത്തിലെ വിക്കറ്റുകള്‍ പിഴുതെങ്കിലും സിറാജിനെ ബാസ്‌ബോള്‍ ഇംഗ്ലണ്ട് അടിച്ചുപറത്തിക്കൊണ്ടിരിക്കുന്നു. ഇതോടെ സിറാജിന് നേര്‍ക്ക് കനത്ത ട്രോള്‍ ആക്രമണമാണ് സാമൂഹ്യമാധ്യമങ്ങളിലുണ്ടായത്. എന്നാല്‍ ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തിന്‍റെ അവസാന സെഷനില്‍ മുഹമ്മദ് സിറാജ് തന്‍റെ ക്ലാസ് കൊണ്ട് ഒരൊറ്റ പന്തില്‍ വിമര്‍ശകര്‍ക്കെല്ലാം തക്ക മറുപടി നല്‍കി.
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഇംഗ്ലണ്ടിനെ കരകയറ്റിയ ജോ റൂട്ടിനൊപ്പം പോരാട്ടത്തിന് ശ്രമിച്ച ഇംഗ്ലണ്ട് ഇടംകൈയന്‍ ടോം ഹാര്‍ട്‌ലിയുടെ സ്റ്റംപാണ് മുഹമ്മദ് സിറാജ് വായുവിലൂടെ പായിച്ചത്. മുഹമ്മദ് ഷമി സ്റ്റൈലില്‍ വൈഡ് ക്രീസിനോട് ചേര്‍ന്ന് നിന്ന് സിറാജ് എറിഞ്ഞ പന്ത് ടോം ഹാര്‍ട്‌ലിയുടെ ഓഫ്സ്റ്റംപ് പിഴുതുമറിക്കുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് പോലും പിടികിട്ടാതെ ഹാര്‍ട്‌ലി പിന്നാലെ ഡ്രസിംഗ് റൂമിലേക്ക് നടന്നു. അതേസമയം തന്‍റെ ഉഗ്രന്‍ തിരിച്ചുവരവിന്‍റെ എല്ലാ ത്രസിപ്പും സിറാജിന്‍റെ ആഘോഷത്തില്‍ കാണാനായി. ടോം ഹാര്‍ട്‌ലിക്ക് പുറമെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സിന്‍റെ വിക്കറ്റും സിറാജിനാണ്. ടോം ഹാര്‍ട്‌ലിയെ പുറത്താക്കിയ സിറാജിന്‍റെ സുന്ദര പന്ത് കാണാം.
മത്സരത്തില്‍ ജോ റൂട്ടിന്‍റെ സെഞ്ചുറിക്കരുത്തില്‍ ശക്തമായ തിരിച്ചുവരവിലൂടെ ഇംഗ്ലണ്ട് ആദ്യ ദിനം 90 ഓവറില്‍ 302-7 എന്ന നിലയില്‍ സുരക്ഷിതമായി അവസാനിപ്പിച്ചിരിക്കുകയാണ്. 31-ാം ടെസ്റ്റ് സെഞ്ചുറി നേടിയ ജോ റൂട്ട് 226 ബോളില്‍ 106* റണ്‍സും വാലറ്റക്കാരന്‍ ഓലീ റോബിന്‍സണ്‍ 60 പന്തില്‍ 31* റണ്‍സുമായും ക്രീസില്‍ നില്‍ക്കുന്നു. ഒരുവേള 112-5 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ടീമാണ് ക്രീസില്‍ വേരുറച്ച റൂട്ടിന്‍റെ പരിശ്രമത്തില്‍ മുന്നൂറ് കടന്നത്. ബെന്‍ ഡക്കെറ്റ് (21 പന്തില്‍ 11), ഓലീ പോപ് (2 പന്തില്‍ 0), സാക്ക് ക്രാവ്‌ലി (42 പന്തില്‍ 42), ജോണി ബെയ്ര്‍സ്റ്റോ (35 പന്തില്‍ 38), ബെന്‍ സ്റ്റോക്‌സ് (6 പന്തില്‍ 3), ബെന്‍ ഫോക്സ് (126 പന്തില്‍ 47) എന്നിങ്ങനെയാണ് പുറത്തായ ഇംഗ്ലണ്ട് ബാറ്റര്‍മാരുടെ സ്കോറുകള്‍. മുഹമ്മദ് സിറാജിന്‍റെ രണ്ട് വിക്കറ്റിന് പുറമെ അരങ്ങേറ്റക്കാരന്‍ ആകാശ് ദീപ് മൂന്നും രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റും പേരിലാക്കി.
Read more: ഭൂമിയിലെ സ്വര്‍ഗത്തില്‍ അവതരിച്ച് ക്രിക്കറ്റ് ദൈവം; കശ്‌മീരില്‍ ബാറ്റേന്തി സച്ചിന്‍- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!