സച്ചിന്‍റെ 'മരുഭൂമിയിലെ കൊടുങ്കാറ്റിന്' 25 വയസ്, സ്പെഷല്‍ കേക്ക് മുറിച്ച് ആഘോഷിച്ച് ബാറ്റിംഗ് ഇതിഹാസം

Published : Apr 22, 2023, 02:45 PM ISTUpdated : Apr 22, 2023, 02:47 PM IST
 സച്ചിന്‍റെ 'മരുഭൂമിയിലെ കൊടുങ്കാറ്റിന്' 25 വയസ്, സ്പെഷല്‍ കേക്ക് മുറിച്ച്  ആഘോഷിച്ച് ബാറ്റിംഗ് ഇതിഹാസം

Synopsis

1998ല്‍ ഷാര്‍ജയില്‍ നടന്ന ന്യൂസിലന്‍ഡ് കൂടി ഉള്‍പ്പെട്ട കൊക്കോ കോള കപ്പ് ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഫൈനലിലേക്ക് യോഗ്യത നേടിക്കൊടുത്തത് ഓസ്ട്രേലിയക്കെതിരെ സച്ചിന്‍ നേടിയ സെഞ്ചുറി(143) ആയിരുന്നു.

മുംബൈ:ഷാര്‍ജയിലെ മരുക്കാറ്റിനെയും ഓസീസ് പേസാക്രമണത്തെയും തകര്‍ത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഓസ്ട്രേലിയക്കെതിരെ നേടിയ ഐതിഹാസിക സെഞ്ചുറിക്ക് ഇന്ന് 25 ആണ്ട് തികഞ്ഞു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായിരുന്നു 'ഡെസേര്‍ട്ട് സ്റ്റോം' എന്ന പേരില്‍ പിന്നീട് പ്രശസ്തമായ സച്ചിന്‍റെ സെഞ്ചുറി. മരുഭൂമിയിലെ കൊടുങ്കാറ്റിന് 25 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ആരാധകര്‍ക്കൊപ്പം പ്രത്യേക കേക്ക് മുറിച്ചാണ് ബാറ്റിംഗ് ഇതിഹാസം അത് ആഘോഷിച്ചത്. സച്ചിന്‍റെ 50ാം പിറന്നാളാണ് മറ്റന്നാള്‍. അതിന് മുന്നോടിയായാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്.

1998ല്‍ ഷാര്‍ജയില്‍ നടന്ന ന്യൂസിലന്‍ഡ് കൂടി ഉള്‍പ്പെട്ട കൊക്കോ കോള കപ്പ് ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഫൈനലിലേക്ക് യോഗ്യത നേടിക്കൊടുത്തത് ഓസ്ട്രേലിയക്കെതിരെ സച്ചിന്‍ നേടിയ സെഞ്ചുറി(143) ആയിരുന്നു. ആ മത്സരത്തിന് മുമ്പ് ഇന്ത്യ മൂന്ന് കളികളില്‍ ഒരേയൊരു മത്സരം മാത്രമായിരുന്നു ജയിച്ചിരുന്നത്. ന്യൂസിലന്‍ഡാകട്ടെ നാലു കളികളില്‍ ഒരെണ്ണം ജയിച്ച് പുറത്തേക്കുള്ള വഴിയിലായിരുന്നു. നെറ്റ് റണ്‍റേറ്റിലായിരുന്നു കിവീസിന്‍റെ ഫൈനല്‍ പ്രതീക്ഷകള്‍. ഓസ്ട്രേലിയ നേരത്തെ ഫൈനലുറപ്പിച്ചിരുന്നു.

ജയിക്കുകയോ വന്‍ മാര്‍ജിനില്‍ തോല്‍ക്കാതിരിക്കുകയോ ചെയ്താല്‍ മാത്രമെ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെ മറികടന്ന് ഫൈനലിലെത്താനാവുമായിരുന്നുള്ളു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സടിച്ചു. അന്നത്തെ കാലത്ത് ഏകദിന ക്രിക്കറ്റില്‍ വിജയം ഉറപ്പിക്കാവുന്ന സ്കോറായിരുന്നു അത്. 285 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ 17 റണ്‍സെടുത്ത ഗാംഗുലിയെ നഷ്ടമായി. പിന്നീട് വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയക്കൊപ്പം സച്ചിന്‍ ഇന്ത്യയെ 100 കടത്തി. 35 റണ്‍സെടുത്ത മോംഗിയ പുറത്തായതിന് പിന്നാലെ സ്റ്റേഡിയത്തില്‍ മരുക്കാറ്റ് അടിച്ചതിനെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു. പിന്നീട് ഇന്ത്യയുടെ വിജയലക്ഷ്യം 46 ഓവറില്‍ 276 റണ്‍സായി പുനര്‍നിര്‍ണയിച്ചു.

എന്നാല്‍ മരുക്കാറ്റിനുശേഷമായിരുന്നു ഷാര്‍ജയില്‍ സച്ചിന്‍ കൊടുങ്കാറ്റായത്. മൈക്കല്‍ കാസ്പ്രോവിച്ചിനെതിരെ സച്ചിന്‍ നേടിയ സിക്സര്‍ ഇന്നും ആരാധക മനസില്‍ മായാതെ കിടക്കുന്നുണ്ട്. ഷെയ്ന്‍ വോണിനെതിരെ ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങി സച്ചിന്‍ പറത്തിയ സിക്സുകള്‍ പിന്നീട് പലവട്ടം തന്‍റെ ഉറക്കം കെടുത്തിയെന്ന് വോണ്‍ തന്നെ തുറന്നു പറഞ്ഞിരുന്നു. 42.5 ഓവറില്‍ 242-4 എന്ന സ്കോറിലെത്തിയ ഇന്ത്യക്ക് വിജയം കൈയകലത്തിലായിരുന്നു. 19 പന്തില്‍ 34 റണ്‍സായിരുന്നു അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്. 131പന്തില്‍ 143 റണ്‍സെടുത്തു നിന്ന സച്ചിനെ 43-ാം ഓവറിലെ അവസാന പന്തില്‍ ഡാമിയന്‍ ഫ്ലെമിംഗ് വീഴ്ത്തിയതോടെ ഇന്ത്യ അവിശ്വസനീയമായി തകര്‍ന്നടിഞ്ഞു.

വിവിഎസ് ലക്ഷ്മണ്‍, അജയ് ജ‍ഡേജ, ഋഷികേശ് കനിത്കര്‍ എന്നിവരെല്ലാം ഉണ്ടായിട്ടും ഇന്ത്യക്ക് അടുത്ത മൂന്നോവറില്‍ എട്ട്  റണ്‍സെ നേടാനായുള്ളു. മത്സരം ഇന്ത്യ തോറ്റെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ ഫൈനലിലെത്തി. ഫൈനലിലും സെഞ്ചുറി ആവര്‍ത്തിച്ച സച്ചിന്‍ ഇത്തവണ ഇന്ത്യക്ക് കിരീടവും സമ്മാനിച്ചാണ് ക്രീസ് വിട്ടത്.

മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും സച്ചിന്‍റെ ഇന്നിംഗ്സിന്‍റെ കരുത്തില്‍ ഇന്ത്യ ഫൈനലിലെത്തി. പിറന്നാള്‍ ദിനത്തില്‍ നടന്ന ഫൈനലിലും സെഞ്ചുറി പ്രകടനം ആവര്‍ത്തിച്ച സച്ചിന്‍ ഇന്ത്യക്ക് കിരീടം സമ്മാനിക്കുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍