പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താക്കിയിട്ടും സഞ്ജുവിന്‍റെ ആത്മാർഥത കാണൂ; വൈറലായി വീഡിയോ

By Jomit JoseFirst Published Nov 27, 2022, 2:32 PM IST
Highlights

പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടും തന്‍റെ സ്പോർട്സ്മാന്‍ഷിപ്പ് സഞ്ജു കാണിച്ചു എന്ന് പ്രശംസിക്കുകയാണ് ആരാധകർ

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണുണ്ടായിരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയിട്ടും സഞ്ജുവിനെ പുറത്തിരുത്തുകയായിരുന്നു ടീം മാനേജ്‍മെന്‍റ്. ആദ്യ ഏകദിനത്തില്‍ 38 പന്തില്‍ താരം 36 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മഴ തടസപ്പെടുത്തിയ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് ​ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാനായി സഞ്ജു മൈതാനത്തിറങ്ങി. ​ഗ്രൗണ്ട് മൂടാനായി സഹായിക്കുന്ന സഞ്ജുവിന്‍റെ ദൃശ്യങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്. പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടും തന്‍റെ സ്പോർട്സ്മാന്‍ഷിപ്പ് സഞ്ജു കാണിച്ചു എന്ന് പ്രശംസിക്കുകയാണ് ആരാധകർ. 

അതേസമയം കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം ഉപേക്ഷിച്ചു. രണ്ടാമതും മഴ മത്സരം തടസപ്പെടുത്തിയതോടെ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മത്സരം 4.5 ഓവറായപ്പോഴാണ് ആദ്യം മഴയെത്തിയത്. ഈ സമയം വിക്കറ്റ് നഷ്ടമില്ലാതെ 22 എന്ന സ്കോറിലായിരുന്നു ഇന്ത്യ. പിന്നീട് ഒന്നര മണിക്കൂറിന് ശേഷം വീണ്ടും ആരംഭിച്ചപ്പോള്‍ മത്സരം 29 ഓവറാക്കി ചുരുക്കിയിരുന്നു. എന്നാൽ 12.5 ഓവറായപ്പോൾ വീണ്ടും മഴയെത്തി. ഒരു വിക്കറ്റിന് 89 എന്ന നിലയിലായിരുന്നു ഇന്ത്യ. 45 റൺസുമായി ശുഭ്മാൻ ​ഗില്ലും 34 റൺസുമായി സൂര്യകുമാർ യാദവുമായിരുന്നു ക്രീസിൽ. മൂന്ന് റൺസെടുത്ത ക്യാപ്റ്റർ ശിഖർ ധവാനാണ് പുറത്തായത്. ആ​ദ്യ ഏകദിനം ജയിച്ച കിവീസ് പരമ്പരയില്‍ മുന്നിലാണ്. 

Sanju Samson helps the New Zealand ground staff with the covers!😀 pic.twitter.com/1Vhcl5Xj9m

— News18 CricketNext (@cricketnext)

രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ന്യൂസിലന്‍ഡ് ബാറ്റിംഗിനയക്കുകയായിരുന്നു. സഞ്ജു സാംസൺ ഇല്ലാതെയാണ് ടീം ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയത്. സഞ്ജുവിനെയും ഷാർദുൽ ഠാക്കൂറിനെയും ഇന്ത്യ പുറത്തിരുത്തി. ഇവർക്ക് പകരം ദീപക് ഹൂഡ, ദീപക് ചാഹർ എന്നിവർ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചു. ന്യൂസിലൻഡ‍് ടീമിൽ ആദം മിൽനെയ്ക്കു പകരം മൈക്കൽ ബ്രേസ്‌വെൽ ഇലവനിലെത്തി. ആദ്യ ഏകദിനം ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റെങ്കിലും ശ്രേയസ് അയ്യരുമായി ചേർന്ന് സഞ്ജു സാംസണ്‍ ഉയർത്തിയ 94 റൺസിന്‍റെ കൂട്ടുകെട്ട് മത്സരത്തിൽ നിർണായകമായിരുന്നു.

തോരാമഴ, ഇന്ത്യ-ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു
 


 

click me!