
ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 34 റൺസോടെ ബെന്‍ ഡക്കറ്റാണ് ക്രീസിലുള്ളത്. ഓപ്പണിംഗ് വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സാക് ക്രോളി-ബെന്‍ ഡക്കറ്റ് സഖ്യം ഇന്ത്യക്ക് ഭീഷണിയായി വളരുന്നതിനിടെയാണ് മുഹമ്മസ് സിറാജ് മനോഹരമായൊരു യോര്‍ക്കറില്‍ ക്രോളിയെ ബൗള്‍ഡാക്കി ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിച്ചത്.
ക്രോളിയുടെ പുറത്താകലിന് വഴിവെച്ചതാകട്ടെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ തന്ത്രപരമായ നീക്കവും. അഞ്ചാം പന്ത് എറിയാനായി റണ്ണപ്പ് എടുത്ത് സിറാജ് ക്രീസിനടുത്തെത്തിയപ്പോഴാണ് ക്രോളി അവസാന നിമിഷം പിന്‍മാറിയത്. സമയം പാഴാക്കാനുള്ള ക്രോളിയുടെ തന്ത്രം കണ്ട് ഗില്‍ അടക്കമുള്ളവര്‍ ചിരിക്കുകയും ചെയ്തു. പിന്നാലെ ഗില്‍ സ്ക്വയര്‍ ലെഗ് ഫീല്‍ഡറെ ബൗണ്ടറിയിലേക്ക് ഇറക്കി. ഇത് കണ്ട ക്രോളി സിറാജിന്‍റെ അടുത്ത പന്ത് ബൗണ്‍സര്‍ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചു.
എന്നാല്‍ ക്രോളിയുടെ പ്രതീക്ഷ തെറ്റിച്ച് സിറാജ് എറിഞ്ഞത് യോര്‍ക്കര്‍ ആയിരുന്നു. ബൗൺസര്‍ പുള്‍ ചെയ്യാനായി ഹൈ ബാറ്റ് ലിഫ്റ്റില്‍ നിന്ന ക്രോളിക്ക് സമയത്ത് ബാറ്റ് താഴ്ത്താന്‍ കഴിഞ്ഞില്ല. ഫലം ക്രോളിയുടെ ഓഫ് സ്റ്റംപിളകി. പിന്നാലെ സിറാജ് റൊണാള്‍ഡോ സ്റ്റൈലില്‍ വിക്കറ്റ് ആഘോഷിച്ചു. മൂന്നാം ദിനത്തിലെ അവസാന ഓവറായിരുന്നതിനാല്‍ ക്രോളിയുടെ വിക്കറ്റ് വീണതോടെ കളി നിര്‍ത്തുകയും ചെയ്തു.
അവസാന ദിനം ഒമ്പത വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 324 റൺസ് കൂടി വേണം. ഇന്ത്യക്ക് ജയിക്കാന്‍ ഒമ്പത് വിക്കറ്റും. ആദ്യ ടെസ്റ്റില്‍ 378 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ഇംഗ്ലണ്ടിന് നാലാം ദിനം 324 റൺസ് അടിച്ച് ജയിക്കുക അസാധ്യമല്ലെങ്കിലും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സില്ലാതെ ഇറങ്ങുന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സിലും ക്രിസ് വോക്സിനെ ബാറ്റിംഗിന് ഇറക്കാനാവില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക