തൊട്ടിലാട്ടി സെഞ്ചുറി ആഘോഷിച്ച് ഡാനിയേല വ്യാറ്റ്; വീഡിയോ പങ്കുവച്ച് പങ്കാളി ജോര്‍ജി ഹോഡ്ജ്

Published : Jun 13, 2026, 05:25 PM IST
danielle wyatt hodge

Synopsis

വനിതാ ടി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ഡാനി വ്യാറ്റ്, തന്റെ നവജാത പുത്രിക്ക് വേണ്ടി തൊട്ടിലാട്ടി ആഘോഷം നടത്തി. പങ്കാളി ജോര്‍ജി ഹോഡ്ജ് ഈ നിമിഷത്തിന്റെ വൈകാരികമായ വീഡിയോ പങ്കുവെച്ചതോടെ താരത്തിന്റെ പ്രകടനവും ആഘോഷവും ശ്രദ്ധേയമായി.

ബര്‍മിങ്ഹാം: വനിതാ ടി20 ലോകകപ്പിലെ ഉദ്ഘാടന ദിനത്തില്‍ ശ്രീലങ്കയ്ക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി തിളങ്ങിയ ഇംഗ്ലണ്ട് ഓപ്പണര്‍ ഡാനി വ്യാറ്റ് ഹോഡ്ജിന്റെ വേറിട്ട ആഘോഷം ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കവരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ പുറത്താകാതെ നേടിയ സെഞ്ചുറി, തന്റെ നവജാത പുത്രി ഡെയ്‌സിക്കാണ് താരം സമര്‍പ്പിച്ചത്. ബാറ്റ് കൈകളില്‍ വെച്ച് തൊട്ടില്‍ ആട്ടുന്ന രീതിയിലുള്ള ഡാനിയുടെ ആഘോഷം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

മത്സരത്തില്‍ വെറും 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോഴാണ് ഡാനി വ്യാറ്റ് ആദ്യം 'തൊട്ടില്‍ ആട്ടല്‍' ആഘോഷം പുറത്തെടുത്തത്. സ്റ്റേഡിയത്തിലെ കാണികള്‍ എഴുന്നേറ്റു നിന്ന് കൈയടിക്കുന്നതിനിടെ താരം ബാറ്റ് തൊട്ടില്‍ പോലെ കൈകളില്‍ വെച്ച് സാവധാനം ആട്ടുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മാത്രം ജനിച്ച മകള്‍ ഡെയ്സിക്കുള്ളതായിരുന്നു ഈ സമ്മാനം. പിന്നീട് ബര്‍മിങ്ഹാമിലെ കാണികളെ സാക്ഷിയാക്കി സെഞ്ചുറി നേട്ടം പൂര്‍ത്തിയാക്കിയ ശേഷവും താരം ഈ ആഘോഷം ആവര്‍ത്തിച്ചു. മത്സരശേഷം സംസാരിക്കവെ, ഈ ആഘോഷം തന്റെ മകള്‍ക്ക് വേണ്ടിയുള്ളതായിരുന്നുവെന്നും ടെലിവിഷന്‍ ക്യാമറകള്‍ അത് കൃത്യമായി ഒപ്പിയെടുത്തു എന്ന് കരുതുന്നതായും വ്യാറ്റ് പറഞ്ഞു.

 

 

മത്സരത്തിനിടെ ഡാനിയുടെ പങ്കാളിയായ ജോര്‍ജി ഹോഡ്ജ് പങ്കുവെച്ച ഒരു വീഡിയോ ഈ നിമിഷത്തെ കൂടുതല്‍ മനോഹരമാക്കി. ഡാനി ടിവിയില്‍ അര്‍ധസെഞ്ചുറി തികച്ച് തൊട്ടില്‍ ആഘോഷം നടത്തുമ്പോള്‍, ലിവിങ് റൂമില്‍ മകള്‍ ഡെയ്സിയെ കൈകളിലേന്തി അത് നോക്കിനില്‍ക്കുന്ന ജോര്‍ജിയുടെ വൈകാരികമായ വീഡിയോ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഫുട്‌ബോള്‍ ഏജന്റായ ജോര്‍ജി ഹോഡ്ജും ഡാനി വ്യാറ്റും വര്‍ഷങ്ങളായുള്ള പ്രണയത്തിനൊടുവില്‍ 2024 ജൂണ്‍ 10-നാണ് വിവാഹിതരായത്. 2026 മേയിലായിരുന്നു ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്.

ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് വ്യാറ്റ് ഹോഡ്ജ്

ആഘോഷങ്ങള്‍ക്കപ്പുറം ഡാനി വ്യാറ്റിന്റെ ബാറ്റിങ് പ്രകടനവും കാണികളെ വിസ്മയിപ്പിക്കുന്നതായിരുന്നു. ഓപ്പണറായി ഇറങ്ങി 62 പന്തില്‍ 13 ഫോറും ഒരു സിക്‌സറുമടക്കം 105 റണ്‍സോടെ താരം പുറത്താകാതെ നിന്നു. ഒന്നാം വിക്കറ്റില്‍ ആമി ജോണ്‍സിനൊപ്പം (135 റണ്‍സ്) മികച്ച കൂട്ടുകെട്ടുണ്ടാക്കിയ വ്യാറ്റ്, ഇംഗ്ലണ്ടിനെ വനിതാ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 219-ല്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

വനിതാ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏഴാമത്തെ സെഞ്ചുറിയാണ് വ്യാറ്റ് ഹോഡ്ജ് കുറിച്ചത്. പ്രസവാവധിക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇത്തരമൊരു വമ്പന്‍ തിരിച്ചുവരവ് നടത്താന്‍ വ്യാറ്റിന് കഴിഞ്ഞു. മത്സരത്തില്‍ 87 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ജൂണ്‍ 16-ന് സതാംപ്ടണിലെ റോസ് ബൗളില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഓട്ടോറിക്ഷയില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിച്ചു'; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി ബംഗ്ലാദേശ് ക്രിക്കറ്റര്‍
മൈതാനത്തിന് പുറത്തെ 'ബ്രാന്റ്' നെയ്മര്‍; ഹെലികോപ്റ്ററും ആഡംബര കാറുകളും, കോടികളുടെ ആസ്തി!