
കൊളംബൊ: അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ്. ക്യാച്ചെടുക്കുന്നതില്‍ താരം പ്രത്യേക മികവ് തന്നെ കാണിക്കുന്നു. ഇപ്പോള്‍ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കൊളംബൊ സ്‌ട്രൈക്കേഴ്‌സിന് വേണ്ടി കളിക്കുന്നുണ്ട് താരം. കഴിഞ്ഞ ദിവസം ധാംബുള്ള സിക്‌സേഴ്‌സിനെതിരെ ഫിലിപ്‌സിന് മത്സരമുണ്ടായിരുന്നു.
മത്സരത്തിനിടെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തിസാര പെരേയുടെ ഷോര്‍ട്ട് പിച്ച് പന്ത് കുശാല്‍ പെരേര പുള്‍ ചെയ്തു. മിഡ് വിക്കറ്റില്‍ സിക്‌സാവുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ഫിലിപ്‌സ് അസാമാന്യ മെയ്‌വഴക്കത്തോടെ പന്ത് തടഞ്ഞിടുന്നത്. വീഡിയോ കാണാം...
നേരത്തെ ബാറ്റിംഗിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഫിലിപ്‌സിന് സാധിച്ചിരുന്നു. 36 പന്തില്‍ നിന്ന് 52 റണ്‍സാണ് താരം അടിച്ചെടുത്തത്. ഫിലിപ്‌സിന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് കൊളംബോ നേടിയത്. എന്നാല്‍ മത്സരം ജയിക്കാന്‍ കൊളംബൊയ്ക്ക് സാധിച്ചില്ല. ധാംബുള്ള രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 50 പന്തില്‍ 80 റണ്‍സെടുത്ത കുശാല്‍ പെരേര തന്നെയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. റീസ ഹെന്‍ഡ്രിക്‌സ് 39 പന്തില്‍ 54 റണ്‍സെടുത്തു.