
ലാഹോര്‍: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ സഹതാരത്തിന്റെ മുഖത്തടിച്ച് പാക് പേസര്‍ ഹാരിസ് റൗഫ് (Haris Rauf) വിവാദത്തില്‍. ലാഹോര്‍ ക്വാലന്‍ഡേഴ്സ് താരമായ റൗഫ് സഹകളിക്കാരന്‍ കമ്രാന്‍ ഗുലാമിന്റെ (Kamran Ghulam) മുഖത്തടിക്കുകയായിരുന്നു. ക്യാച്ച് വിട്ടുകളഞ്ഞ അരിശത്തിലാണ് റൗഫ്, ഗുലാമിന്റ മുഖത്തടിച്ചത്.
പെഷവാര്‍ സാല്‍യ്ക്കെതിരായ മത്സരത്തിന്റെ രണ്ടാം ഓവറിലാണ് സംഭവം. റൗഫിന്റെ രണ്ടാം പന്തില്‍ പെഷവാറിന്റെ അഫ്ഗാനിസ്താന്‍ താരം ഹസ്റത്തുള്ള സസായിയുടെ ക്യാച്ച് ഗുലാം പാഴാക്കിയിരുന്നു. പിന്നീട് ഇതേ ഓവറിലെ അഞ്ചാം പന്തില്‍ സസായിക്കൊപ്പം ക്രീസിലുണ്ടായിരുന്ന ഓപ്പണര്‍ മുഹമ്മദ് ഹാരിസിനെ റൗഫ് പുറത്താക്കി.
ബൗണ്ടറി ലൈനില്‍ ഫവാദ് മുഹമ്മദ് ക്യാച്ചെടുത്താണ് മുഹമ്മദ് ഹാരിസിനെ മടക്കിയത്. പിന്നാലെ റൗഫിനെ അഭിനന്ദിക്കാനായി ഓടിയടുത്ത ഗുലാമിന് നിരാശപ്പെടേണ്ടിവന്നു. അത്ര സുഖകരമായ പ്രതികരണമായിരുന്നില്ല റൗഫില് നിന്നുണ്ടായത്.
ആദ്യത്തെ അവസരം പാഴാക്കിയതിന് റൗഫ്, ഗുലാമിന്റെ മുഖത്തടിച്ചു. എങ്കിലും ഗുലാം ചിരിയോടെ വിക്കറ്റ് വീണ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. അപ്പോഴും പാക് താരത്തിന്റെ മുഖത്ത് കടുത്ത ദേഷ്യമായിരുന്നു. പിന്നാലെ അംപയര്‍ താരത്തിന് താക്കീത് നല്‍കി. പലരും രൂക്ഷമായിട്ടാണ് റൗഫിന്റെ ചെയ്തിയോട് പ്രതികരിച്ചത്. താരം മാപ്പ് പറയണമെന്നാണ് ക്രിക്കറ്റ് കലോകത്തിന്റെ ആവശ്യം.
2020ല്‍ ബംഗ്ലാദേശിലെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റായ ബംഗബന്ധു ടി20യിലും സമാന സംഭവമുണ്ടായിരുന്നു. അന്ന് ബംഗ്ലാദേശ് സീനിയര്‍ താരം മുഷ്ഫിഖുര്‍ റഹീമായിരുന്നു വില്ലന്‍. അന്ന് ക്യാച്ചെടുക്കുന്നതില്‍ തടസമായി വന്ന ഫീല്‍ഡറെ മുഷ്ഫിഖുര്‍ തല്ലാനോങ്ങുകയായിരുന്നു.
ടൂര്‍ണമെന്റില്‍ ബെക്‌സിംകോ ധാക്ക ടീമിന്റെ നായകനായിരുന്നു മുഷ്ഫീഖുര്‍. ഫോര്‍ച്യൂണ്‍ ബരിഷാളിനെതിരായ ആവേശകരമായ പോരാട്ടത്തിനിടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. ബരിഷാള്‍ ഇന്നിംഗ്‌സിലെ പതിനേഴാം ഓവറിലെ അവസാന പന്തില്‍ അഫിഫ് ഹുസൈന്‍ ഉയര്‍ത്തിയടിച്ച പന്ത് ക്യാച്ചെടുക്കാനായി വിക്കറ്റിന് പിന്നില്‍ നിന്ന് ഓടിയെത്തിയതായിരുന്നു മുഷ്ഫീഖുര്‍.
എന്നാല്‍ സഹതാരമായ നാസും ഇത് കാണാതെ ക്യാച്ചെടുക്കാനായി ഓടി. രണ്ടുപേരും കൂട്ടിയിടിയുടെ വക്കെത്തെത്തിയെങ്കിലും മുഷ്ഫീഖുര്‍ ക്യാച്ച് പൂര്‍ത്തിയാക്കി. വീഡിയോ കാണാം.
ക്യാച്ചെടുത്തശേഷമായിരുന്നു പ്രകോപിതനായ മുഷ്ഫീഖുര്‍ നാസുമിനെ തല്ലാനായി കൈയോങ്ങിയത്. പിന്നീട് നാലുമിനെ മുഷ്ഫീഖുര്‍ ചീത്ത വിളിക്കുന്നതും കാണാം. മറ്റ് താരങ്ങള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബെക്‌സിംകോ ധാക്ക 20 ഓവറില്‍ എട്ട് വിക്കറ്റിന് 150 റണ്‍സെടുത്തപ്പോള്‍ ബരിഷാളിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.