കോലിയുടേത് മധുരപ്രതികാരം; നോട്ട്‌ബുക്ക് ആഘോഷത്തിന് പിന്നില്‍ അമ്പരപ്പിക്കുന്ന സംഭവം- വൈറല്‍ വീഡിയോ

Published : Dec 06, 2019, 11:42 PM ISTUpdated : Dec 06, 2019, 11:50 PM IST
കോലിയുടേത് മധുരപ്രതികാരം; നോട്ട്‌ബുക്ക് ആഘോഷത്തിന് പിന്നില്‍ അമ്പരപ്പിക്കുന്ന സംഭവം- വൈറല്‍ വീഡിയോ

Synopsis

കരീബിയന്‍ ക്രിക്കറ്റ് ലീഗില്‍ ഒരിക്കല്‍ ഒന്ന് നോട്ട്‌ബുക്കില്‍ എഴുതിക്കാണിച്ച് നാലഞ്ച് നീണ്ട ഒപ്പുകള്‍ വാങ്ങിയ താരമാണ് വില്യംസ്. ഇപ്പോള്‍ കോലിയുടെ കൈയില്‍ നിന്നും താരം കണക്കിന് വാങ്ങി. 

ഹൈദരാബാദ്: ആരെ വേണെങ്കിലും കലിപ്പിച്ചോളൂ...കോലിയെ കലിപ്പിക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണം. ക്രിക്കറ്റ് ലോകത്തിന് കോലിയുടെ വീറും വാശിയും കൃത്യമായി അറിയാവുന്നതാണ്. എന്നിട്ടും! വിന്‍ഡീസ് താരങ്ങള്‍ ഏറ്റുമുട്ടി. തിരിച്ച്, മുട്ടന്‍ സിക്‌സുകളും നീളന്‍ ഒപ്പം കിട്ടി. അങ്ങനെ കോലിക്കലിപ്പുകൊണ്ടും ശ്രദ്ധേയമായി ഹൈദരാബാദ് ടി20.

എതിര്‍ താരത്തെ നോട്ട്‌ബുക്കില്‍ എഴുതിക്കാണിച്ച് ചൊടിപ്പിക്കുന്ന വിന്‍ഡീസ് ബൗളര്‍ കെസ്രിക് വില്യംസും ഉണ്ടായിരുന്നു കോലിയുടെ കലിപ്പന്‍ മൂഡിന് തിരികൊളുത്തിയവരില്‍. കരീബിയന്‍ ക്രിക്കറ്റ് ലീഗില്‍ ഒരിക്കല്‍ നോട്ട്‌ബുക്കില്‍ എഴുതിക്കാണിച്ച് നാലഞ്ച് നീണ്ട ഒപ്പുകള്‍ വാങ്ങിക്കൂട്ടിയ താരമാണ് വില്യംസ്. തോളുകൊണ്ട് ഇടിക്കാന്‍ നോക്കിയും പ്രകോപനപരമായി സംസാരിച്ചും വില്യംസ് ആളാകാന്‍ ശ്രമിച്ചപ്പോള്‍ കോലി അടങ്ങിയിരുന്നില്ല. ഒരു കൂറ്റന്‍ സിക്‌സര്‍ പറത്തിയ ശേഷം നീണ്ട ഒരു ഒപ്പിട്ട് നോട്ടുബുക്ക് ആഘോഷം നടത്തി കോലി. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു. 

കോലിയുടെ നോട്ട്‌ബുക്ക് ആഘോഷവും പ്രതികരണങ്ങളും ഇങ്ങനെ

പലിശസഹിതം കണക്കുതീര്‍ത്ത് കോലി

കോലിയുടെ കലിപ്പന്‍ മറുപടിക്ക് പിന്നില്‍ ഹൈദരാബാദിലെ സംഭവങ്ങള്‍ മാത്രമല്ല. 2017ല്‍ വിരാട് കോലിയുടെ വിക്കറ്റ് എടുത്ത ശേഷം നോട്ട്‌ബുക്ക് സ്റ്റൈല്‍ യാത്രയപ്പ് നല്‍കിയിരുന്നു വില്യംസ്. ജമൈക്കയില്‍ നടന്ന ടി20യില്‍ കോലി 29 റണ്‍സില്‍ പുറത്തായ ശേഷമായിരുന്നു വില്യംസിന്‍റെ സവിശേഷ ആഘോഷം. അതിനുള്ള മറുപടി കൂടിയാണ് ഹൈദരാബാദില്‍ കോലി നല്‍കിയത്.പലിശസഹിതം കോലി തിരിച്ചുകൊടുത്തു എന്നുപറയാം. 

ഹൈദരാബാദ് ടി20യില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. വിന്‍ഡീസ് മുന്നോട്ടുവെച്ച 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യ 18.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി. വിരാട് കോലിയുടെയും(50 പന്തില്‍ 94*), കെ എല്‍ രാഹുലിന്‍റെയും(40 പന്തില്‍ 62) വെടിക്കെട്ട് ബാറ്റിംഗാണ് ഹൈദരാബാദില്‍ ഇന്ത്യക്ക് വിജയത്തുടക്കം നല്‍കിയത്. രോഹിത് ശര്‍മ്മ(8), ഋഷഭ് പന്ത്(18), ശ്രേയസ് അയ്യര്‍(4) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സ്‌കോര്‍: വിന്‍ഡീസ്-207-5 (20), ഇന്ത്യ-209-4 (18.4). 

ചൊടിപ്പിച്ച ബൗളര്‍മാര്‍ക്കെല്ലാം കണക്കിന് കൊടുത്താണ് കോലി മത്സരം ഇന്ത്യയുടേതാക്കി മാറ്റിയത്. പൊള്ളാര്‍ഡ്, വില്യംസ് തുടങ്ങിയവരെല്ലാം കോലിയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞു. ആറ് വീതം സിക്‌സും ബൗണ്ടറിയും കോലിയുടെ ബാറ്റില്‍ നിന്ന് മിന്നല്‍ പോലെ പറന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഷിമ്രോന്‍ ഹെറ്റ്‌മേയര്‍(41 പന്തില്‍ 56), എവിന്‍ ലൂയിസ്(17 പന്തില്‍ 40), കീറോണ്‍ പൊള്ളാര്‍ഡ്(19 പന്തില്‍ 37), , ജാസന്‍ ഹോള്‍ഡര്‍(9 പന്തില്‍ 24) എന്നിവരുടെ ബാറ്റിംഗിലാണ് 207 റണ്‍സെടുത്തത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കെ എല്‍ രാഹുല്‍ മുതല്‍ ഇഷാൻ കിഷൻ വരെ; ഒരു ധോണിയില്‍ നിന്ന് ആറ് വിക്കറ്റ് കീപ്പർമാരിലേക്ക്
ആഷസ്: നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തുരത്തി ഇംഗ്ലണ്ട്; മെല്‍ബണില്‍ ജയം നാല് വിക്കറ്റിന്