
ബ്രിസ്ബേന്‍: മോശം പ്രകടനത്തിന്‍റെ പേരില്‍ ടീമിലെ ആര്‍ക്കുനേരെയും വിരല്‍ ചൂണ്ടില്ലെന്നും വ്യക്തിഗത നേട്ടങ്ങളോ വ്യക്തിഗത പരാജയങ്ങളോ അല്ല ടീമായാണ് ജയങ്ങളെയും പരാജയങ്ങളെയും നേരിടുന്നതെന്നും ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിലെ കളിക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബുമ്ര.
നീ അതുചെയ്യണം, നീ ഇതു ചെയ്യണം എന്നു പറഞ്ഞ് ടീമിലെ ആർക്കുനേരെയും ഞങ്ങള്‍ വിരല്‍ ചൂണ്ടാറില്ല. ടീം എന്ന നിലയില്‍ സംഘമായാണ് നേട്ടങ്ങള്‍ ഉണ്ടാക്കുന്നത്. അല്ലാതെ വ്യക്തിഗതമായല്ല. ബൗളിംഗില്‍ നമ്മളൊരു തലമുറ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. പുതിയ ബൗളര്‍മാരെ സഹായിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കൂടുതല്‍ കളിക്കും തോറും അവര്‍ കൂടുതല്‍ മെച്ചപ്പെടും.
ടീമില്‍ ഞങ്ങള്‍ 11 പേരുണ്ട്. അതില്‍ ഞാൻ മാത്രമാണ് എല്ലാം ചെയ്യേണ്ടയാളെന്ന് ഞാന്‍ കരുതുന്നില്ല. മുഹമ്മദ് സിറാജിന്‍റെ കഴിവില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അവനൊരു യഥാര്‍ത്ഥ പോരാളിയാണ്. പരിക്കുണ്ടായിട്ടും അവന്‍ ഈ ടെസ്റ്റില്‍ നന്നായി പന്തെറിഞ്ഞു. വിക്കറ്റ് കിട്ടാതിരുന്നത് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ്. പരിക്കുണ്ടായിട്ടും അവന്‍ കളിക്കാനിറങ്ങിയത്, അവന്‍റെ അസാന്നിധ്യം ടീമിന് സമ്മര്‍ദ്ദം നല്‍കുമെന്നതുകൊണ്ടാണെന്നും ബുമ്ര പറഞ്ഞു.
ടീമിന്‍റെ ബാറ്റിംഗിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബുമ്ര നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ഗാബയിലെ സാഹചര്യങ്ങള്‍വെച്ചു നോക്കുമ്പോള്‍ ബാറ്റിംഗിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് താങ്കള്‍ എന്‍റെ ബാറ്റിംഗിനെക്കുറിച്ചാണോ ചോദിച്ചത്, എങ്കില്‍ ഒന്ന് ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ മതി, ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റര്‍ ആരാണെന്ന് എന്നായിരുന്നു ബുമ്രയുടെ മറുപടി. 2022ല്‍ ബര്‍മിങ്ഹാം ടെസ്റ്റില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഓവറില്‍ 34 റണ്‍സടിച്ചതിനെക്കുറിച്ചായിരുന്നു ജസ്പ്രീത് ബുമ്രയുടെ പരാമര്‍ശം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക