
ട്രിനിഡാഡ്: ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ട്വന്‍റി 20 മത്സരങ്ങള്‍ക്കുള്ള 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. രാജ്യാന്തര ട്വന്‍റി 20യിലേക്ക് ആന്ദ്രേ റസലിനെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിന്‍ഡീസ് സെലക്‌ടര്‍മാര്‍ മടക്കിവിളിച്ചതാണ് ടീം പ്രഖ്യാപനത്തിലെ ഏറ്റവും ശ്രദ്ധേയം. 2024ലെ ടി20 ലോകകപ്പ് മുന്‍നിര്‍ത്തി സ്റ്റാര്‍ ഓള്‍റൗണ്ടറെ വെസ്റ്റ് ഇന്‍ഡീസ് മടക്കിവിളിച്ചിരിക്കുന്നത് വലിയ ആകാംക്ഷ സൃഷ്‌ടിച്ചിരിക്കുകയാണ്. ഡിസംബര്‍ 12, 14, 16 തിയതികളിലാണ് ആദ്യ മൂന്ന് ട്വന്‍റി 20കള്‍. നാല്, അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
ആന്ദ്രേ റസലിന്‍റെ മടങ്ങിവരവിനൊപ്പം മാത്യൂ ഫോര്‍ഡെ, ഷെര്‍ഫേന്‍ റൂത്തര്‍ഫോര്‍ഡ്, ഗുഡകേഷ് മോട്ടീ എന്നിവരെ ടീമിലെടുത്തത് ശ്രദ്ധേയമാണ്. റോവ്‌മാന്‍ പവല്‍ നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ ഏകദിന സ്‌പെഷ്യലിസ്റ്റ് എന്ന് വാഴ്‌ത്തപ്പെടുന്ന ഷായ് ഹോപാണ്. ടീമിനെ അഴിച്ചുപണിതതോടെ ജോണ്‍സണ്‍ ചാള്‍സ്, ഒബെഡ് മക്കോയി, ഒഡീന്‍ സ്‌മിത്ത്, ഒഷേന്‍ തോമസ് എന്നിവര്‍ സ്ക്വാഡിന് പുറത്തായി.
സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയിലൂടെ വിന്‍ഡീസ് പവര്‍ഹൗസ് ആന്ദ്രേ റസല്‍ ട്വന്‍റി 20യിലേക്ക് മടങ്ങിവരുന്നത് ലോകകപ്പിന് മുമ്പുള്ള വലിയ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. വരും വര്‍ഷത്തെ ലോകകപ്പ് മുന്‍നിര്‍ത്തിയാണ് ടീമിനെ തയ്യാറാക്കുന്നത് എന്ന് മുഖ്യ സെലക്‌ടര്‍ ഡെസ്‌മണ്ട് ഹെയ്‌നസ് വ്യക്തമാക്കി. ഫോം കണ്ടെത്തിയാല്‍ റസല്‍ 2024 ട്വന്‍റി 20 ലോകകപ്പ് കളിക്കും എന്നുറപ്പ്. 2021ലെ ലോകകപ്പിലാണ് റസലിനെ വിന്‍ഡീസ് ടി20 കുപ്പായത്തില്‍ ആരാധകര്‍ ഇതിന് മുമ്പ് കണ്ടത്. ലോകത്തെ ഒട്ടുമിക്ക പ്രധാന ട്വന്‍റി 20 ഫ്രാഞ്ചൈസി ക്രിക്കറ്റും കളിച്ചിട്ടുള്ള ആന്ദ്രേ റസലിന് ഫോര്‍മാറ്റില്‍ 167 ശരാശരിയില്‍ 8000ത്തോളം റണ്‍സ് സമ്പാദ്യമായുണ്ട്. ബൗളിംഗില്‍ 400ലേറെ വിക്കറ്റും റസലിന് സ്വന്തം.
വിന്‍ഡീസ് ട്വന്‍റി 20 സ്ക്വാഡ്
റോവ്‌മാന്‍ പവല്‍ (ക്യാപ്റ്റന്‍), ഷായ് ഹോപ് (വൈസ് ക്യാപ്റ്റന്‍), റോസ്‌ടണ്‍ ചേസ്, മാത്യൂ ഫോര്‍ഡെ, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ജേസന്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ബ്രാണ്ടന്‍ കിംഗ്, കെയ്‌ല്‍ മെയേഴ്സ്, ഗുഡകേഷ് മോട്ടീ, നിക്കോളാസ് പുരാന്‍, ആന്ദ്രേ റസല്‍, ഷെര്‍ഫേന്‍ റൂത്തര്‍ഫോര്‍ഡ്, റൊമാരിയോ ഷെഫേര്‍ഡ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം