വേറെന്താണ് താങ്കള്‍ക്ക് വേണ്ടത്? ധോണിയെ പുകഴ്‌ത്തിയ, ഉപദേശകരെ പഞ്ഞിക്കിട്ട കോലിക്കെതിരെ ഗാവസ്‌കര്‍

By Jomit JoseFirst Published Sep 6, 2022, 10:37 AM IST
Highlights

ധോണിയെ പുകഴ്‌ത്തിയുള്ള കോലിയുടെ വാക്കുകള്‍ കൊണ്ടത് സുനില്‍ ഗാവസ്‌‌കര്‍ക്കോ? പ്രതികരണം അതിരൂക്ഷം 
 

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് ശേഷമുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയുടെ വാര്‍ത്താസമ്മേളനം വലിയ ചര്‍ച്ചയായിരുന്നു. ഇതിഹാസ നായകനും സഹതാരവുമായിരുന്ന എം എസ് ധോണി മാത്രമാണ് താന്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ ഒരു മെസേജ് അയക്കാന്‍ തയ്യാറായത് എന്നായിരുന്നു കോലിയുടെ വെളിപ്പെടുത്തല്‍. തന്നെ ഉപദേശിക്കുന്നവര്‍ക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ കോലി രംഗത്തെത്തുകയും ചെയ്‌തിരുന്നു. 

രൂക്ഷ വിമര്‍ശനവുമായി ഗാവസ്‌കര്‍ 

കോലിയുടെ വാക്കുകള്‍ക്കെതിരെ തുറന്നടിച്ച് മുന്നോട്ടുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകനും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. താനുമായി സൗഹൃദം കാത്തുസൂക്ഷിക്കാത്ത താരങ്ങളുടെ പേര് പറയുകയാണ് കോലി വേണ്ടതെന്ന് ഗാവസ്‌കര്‍ പറഞ്ഞു. 'വിരാട് ആരെയാണ് പറയുന്നത് എന്നറിയില്ല. ആരുടെയെങ്കിലും പേര് മനസില്‍ വച്ചാണ് സംസാരിക്കുന്നതെങ്കില്‍ അവരോട് പോയി നേരിട്ട് ചോദിക്കുകയാണ് വേണ്ടത്. ടെസ്റ്റ് ക്യാപ്റ്റന്‍സ് ഒഴിഞ്ഞപ്പോള്‍ എംഎസ്‌ഡി മാത്രമാണ് വിളിച്ചത് എന്നാണ് കോലി പറഞ്ഞത്. ഒപ്പം കളിച്ച മുന്‍ താരങ്ങളെ കുറിച്ചാണ് കോലി പറയുന്നതെങ്കില്‍, അവരെല്ലാം ടിവിയില്‍ ഒരുപാട് പ്രത്യക്ഷപ്പെടുന്നവരാണ്. ആരെയാണോ പരാമര്‍ശിക്കുന്നത് അവരുടെ പേര് കോലി പറയുകയാണ് വേണ്ടത്. നിങ്ങള്‍ സന്ദേശം അയച്ചില്ലേ എന്ന് അവരോട് ചോദിക്കുക. 

എന്ത് മെസേജാണ് കോലിക്ക് വേണ്ടത്. പ്രോല്‍സാഹനമോ? ക്യാപ്റ്റന്‍സി പൂര്‍ത്തിയാക്കി ഒരാള്‍ക്ക് എന്തിനാണ് പ്രോല്‍സാഹനം. ഇപ്പോള്‍ താരമായി മാത്രമാണ് കോലി കളിക്കുന്നത്. അപ്പോള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ക്യാപ്റ്റന്‍സി ഒഴിഞ്ഞുകഴിഞ്ഞാല്‍ സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. 1985ല്‍ ഞാന്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ ആ രാത്രി ആഘോഷിച്ചു. എല്ലാവരും പരസ്‌പരം ആലിംഗനം ചെയ്തു. അതിനപ്പുറം എന്താണ് പ്രതീക്ഷിക്കേണ്ടത്' എന്നും കോലിയോട് ഗാവസ്‌കര്‍ ചോദിച്ചു. സ്പോര്‍ട്‌സ് ടോക്കിനോടാണ് ഗാവസ്‌കറുടെ പ്രതികരണം. 

കോലി പറ‍ഞ്ഞതെന്ത്? 

'ഞാനൊരു കാര്യം നിങ്ങളോട് പറയാം. ഞാന്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി ഉപേക്ഷിച്ചപ്പോഴായിരുന്നു അത്. ഒന്നിച്ച് കളിച്ചവരില്‍ ഒരാളില്‍ നിന്ന് മാത്രമാണ് മെസേജ് ലഭിച്ചത്. അത് എം എസ് ധോണിയായിരുന്നു. എന്‍റെ നമ്പര്‍ പലരുടേയും കയ്യിലുള്ളപ്പോഴായിരുന്നു ഇത്. ഏറെപ്പേര്‍ ടെലിവിഷന്‍ ചാനലുകള്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കി. അവര്‍ക്ക് ഒരുപാട് പറയാനുണ്ടായിരുന്നു. എല്ലാവരുടേയും എടുത്ത് എന്‍റെ നമ്പറുണ്ടായിരുന്നു. എന്നാല്‍ ആരും സന്ദേശം അയച്ചില്ല. എനിക്ക് ആരോടേലും എന്തെങ്കിലും പറയാനുണ്ടേല്‍ വ്യക്തിപരമായി സമീപിച്ച് പറയും. അതാണ് മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നുമായിരുന്നു ഉപദേശകരെ ലക്ഷ്യമിട്ട് കോലിയുടെ വാക്കുകള്‍. 

ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ സന്ദേശം അയച്ചത് എം എസ് ധോണി മാത്രം; വെളിപ്പെടുത്തലുമായി വിരാട് കോലി

click me!